മുനുഗോഡെ ഉപതെരഞ്ഞെടുപ്പ് മൂന്നിന്; തെലങ്കാനയിൽ ശക്തി തെളിയിക്കാനൊരുങ്ങി പാർട്ടികൾ
text_fieldsഹൈദരാബാദ്: തെലങ്കാനയിലെ മുനുഗോഡെ നിയമസഭ മണ്ഡലത്തിലേക്കുള്ള തെരഞ്ഞെടുപ്പ് നവംബർ മൂന്നിന് നടക്കാനിരിക്കെ അവസാനഘട്ട പ്രചാരണവുമായി രാഷ്ട്രീയ പാർട്ടികൾ. ഉപതെരഞ്ഞെടുപ്പ് ഫലം അടുത്തവർഷം നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുമെന്നതിനാൽ ടി.ആർ.എസും ബി.ജെ.പിയും കോൺഗ്രസും മണ്ഡലത്തിൽ പ്രചാരണം ശക്തമാക്കിയിരുന്നു.
47 സ്ഥാനാർഥികൾ മത്സരരംഗത്തുണ്ടെങ്കിലും ബി.ജെ.പി സ്ഥാനാർഥി രാജഗോപാൽ റെഡ്ഡി, ടി.ആർ.എസിന്‍റെ മുൻ എം.എൽ.എ കുസുകുന്തല പ്രഭാകർ റെഡ്ഡി, കോൺഗ്രസിന്റെ പൽവായ് ശ്രാവന്തി എന്നിവർ തമ്മിലാണ് പ്രധാന മത്സരം. മൂന്നു പാർട്ടികൾക്കും തെരഞ്ഞെടുപ്പ് നിർണായകമാണ്.
വോട്ടർമാരെ സ്വാധീനിക്കാൻ ബി.ജെ.പി നേതാക്കൾ ശ്രമിക്കുന്നു എന്നാരോപിച്ച് ടി.ആർ.എസ് തെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകിയിരുന്നു. നിലവിൽ കോൺഗ്രസിന്‍റെ സിറ്റിങ് സീറ്റാണ് മുനുഗോഡെ. തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടാൽ അത് കോൺഗ്രസിന് വലിയ തിരിച്ചടിയാവും.
1985, 1989, 1994, 2004, 2009 വർഷങ്ങളിൽ സി.പി.ഐയുടെ സ്ഥാനാർഥിയും ഇവിടെനിന്ന് വിജയം നേടിയിരുന്നു. രണ്ടരലക്ഷം വോട്ടർമാരാണ് മുനുഗോഡെ തെരഞ്ഞെടുപ്പിൽ വിധിയെഴുതുന്നത്. പ്രചാരണം ഇന്ന് വൈകീട്ട് അവസാനിക്കും. നവംബർ ആറിനാണ് വോട്ടെണ്ണൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.