തെലങ്കാന തുരങ്കദുരന്തം: രക്ഷാപ്രവർത്തനം ദുഷ്കരം
text_fieldsതെലങ്കാനയിലെ ശ്രീശൈലം ഇടതുകര കനാൽ പദ്ധതിയുടെ ഭാഗമായ തുരങ്കത്തിൽ കുടുങ്ങിയ
എട്ടു തൊഴിലാളികൾക്കായുള്ള രക്ഷാപ്രവർത്തനം
തെലങ്കാന: ശ്രീശൈലം ഇടതുകര കനാൽ പദ്ധതിയുടെ ഭാഗമായ തുരങ്കത്തിൽ കുടുങ്ങിയ എട്ടു തൊഴിലാളികളെ രക്ഷിക്കാനുള്ള ശ്രമം ദുഷ്കരം. ചളിയും മണ്ണും ഇടിഞ്ഞുവീണതിനാൽ രക്ഷാപ്രവർത്തനം എളുപ്പമല്ല. ഇരുമ്പും സിമന്റ് കട്ടകളുമടക്കമുള്ള അവശിഷ്ടങ്ങൾ നീക്കം ചെയ്യാനും ഏറെ സമയം ആവശ്യമാണ്. പത്തടിയോളം വ്യാസമുള്ള ടണലിൽ വെള്ളം നിറയുന്നതും വെല്ലുവിളിയായി. തുരങ്കത്തിൽ ചളി അടിഞ്ഞുകൂടുന്നത് രക്ഷാപ്രവർത്തകർക്ക് സ്ഥലത്തേക്ക് നീങ്ങാൻ പ്രയാസമുണ്ടാക്കുന്നു.
ടണലിന്റെ 14 കിലോമീറ്റർ ഉള്ളിലായാണ് മണ്ണിടിഞ്ഞ് അപകടമുണ്ടായത്. ഇതിന് തൊട്ടടുത്ത് വരെ രക്ഷാപ്രവർത്തകർ എത്തി. 200 മീറ്റർ നീളമുള്ള ബോറിങ് യന്ത്രവും ടണലിലുണ്ടായിരുന്നു. ഈ യന്ത്രത്തിന്റെ അവശിഷ്ടങ്ങൾ നീക്കിയാലേ കുടുങ്ങിക്കിടക്കുന്നവരുടെ അടുത്തെത്താനാകൂ.
സൈനികർ ഉച്ചഭാഷിണി വഴി വിളിച്ചിട്ടും ആരും വിളികേട്ടില്ലെന്ന് അധികൃതർ പറഞ്ഞു. ഭക്ഷണവും വെള്ളവും കിട്ടാതെ ഇവർ അബോധാവസ്ഥയിലായിട്ടുണ്ടാകുമെന്നാണ് നിഗമനം. രണ്ട് എൻജിനീയർമാരും ആറു തൊഴിലാളികളും ഉൾപ്പെടെ എട്ടു പേരാണ് അപകടത്തിൽപ്പെട്ടത്.
സെന്യവും ദേശീയ ദുരന്തപ്രതികരണ സേനയും (എൻ.ഡി.ആർ.എഫ്) അടക്കം 300 പേരാണ് രക്ഷാപ്രവർത്തനത്തിലുണ്ടായിരുന്നത്. ഹൈദരാബാദിൽനിന്നും വിജയവാഡയിൽനിന്നുമായി 138 എൻ.ഡി.ആർ.എഫ് അംഗങ്ങൾ സ്ഥലത്തെത്തിയിരുന്നു. 24 സൈനികരും എസ്.ഡി.ആർ.എഫ് ഉദ്യോഗസ്ഥരും രക്ഷാപ്രവർത്തനത്തിൽ സജീവമായിരുന്നു.
തെലങ്കാന സർക്കാറിലെ ഊർജവകുപ്പിന് കീഴിലുള്ള കൽക്കരി ഖനന കോർപറേഷനായ സിംഗരേണി കോളിയറീസ് കമ്പനി ലിമിറ്റഡിലെ (എസ്.സി.സി.എൽ) 23 അംഗങ്ങളും സഹായത്തിനുണ്ടായിരുന്നു. ബദൽ മാർഗം എന്ന നിലയിൽ ടണലിന് പുറത്തുകൂടി അപകടസ്ഥലത്തേക്ക് കടക്കാനുള്ള ശ്രമത്തിലാണ് ദൗത്യസംഘം. ഇത്തരം സാഹചര്യങ്ങളിൽ പ്രവർത്തിച്ച് പരിചയമുള്ള റാറ്റ് മൈനേഴ്സിന്റെ സഹായവും തേടുന്നുണ്ട്.
നാഗർകൂര്ണൂലിലെ ദോമലപെന്റക്ക് സമീപമാണ് ശനിയാഴ്ച രാവിലെ 8.30ന് അപകടമുണ്ടായത്. 14 കിലോമീറ്റർ ഉള്ളിലായാണ് മുകൾഭാഗം തകർന്നു വീണത്. മുകൾഭാഗത്തുണ്ടായ വിള്ളലിലൂടെ വെള്ളം ഇറങ്ങി മൂന്ന് മീറ്റർ ഭാഗം തകർന്നുവീഴുകയായിരുന്നു. അപകടസമയത്ത് അമ്പതോളം തൊഴിലാളികൾ തുരങ്കത്തിലുണ്ടായിരുന്നു.
ബാക്കിയുള്ളവരെ രക്ഷപ്പെടുത്താനായി. രക്ഷാപ്രവർത്തനത്തിന് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ജില്ല കലക്ടറോടും ജില്ല പൊലീസ് മേധാവിയോടും തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി നിർദേശിച്ചു. പരിക്കേറ്റ എല്ലാവർക്കും ചികിത്സ ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. സംസ്ഥാന മന്ത്രിമാരായ എൻ. ഉത്തംകുമാർ റെഡ്ഡിയും ജെ. കൃഷ്ണറാവുവും രക്ഷാപ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.