റാലിക്കിടെ മൈതാനത്തെ പോസ്റ്റിൽ വലിഞ്ഞു കയറി യുവതി; പ്രസംഗം നിർത്തി അനുനയിപ്പിച്ച് മോദി
text_fieldsഹൈദരാബാദ്: തെലങ്കാനയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റാലി നടക്കവെ, തന്റെ പ്രശ്നങ്ങളിലേക്ക് ശ്രദ്ധ തിരിക്കാൻ മൈതാനത്തെ ലൈറ്റുകൾ ഘടിപ്പിച്ചിരുന്ന പോസ്റ്റിനു മുകളിൽ വലിഞ്ഞു കയറി യുവതി. യുവതിയെ കണ്ടയുടൻ പ്രസംഗം നിർത്തി അവരോട് താഴെയിറങ്ങാൻ മോദി അഭ്യർഥിച്ചു. ഷോക്കടിക്കാനിടയുണ്ടെന്നും താഴെയിറങ്ങണമെന്നും ആവർത്തിച്ചു പറഞ്ഞു. അവർ പറയുന്നത് കേൾക്കാമെന്നും ഉറപ്പു നൽകി. അവർ തയാറായതോടെ ഏതാനും പേർ ചേർന്ന് യുവതിയെ താഴെയിറക്കിയതോടെയാണു പ്രധാനമന്ത്രി പ്രസംഗം തുടർന്നത്.
ഹൈദരാബാദിലെ പരേഡ് ഗ്രൗണ്ട്സിൽ മഡിഗ റിസർവേഷൻ പോരാട്ട സമിതി (എം.ആർ.പി.എസ്)യുടെ സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു പ്രധാനമന്ത്രി. എ.എൻ.ഐ വാർത്ത ഏജൻസിയാണ് ഇതിന്റെ വിഡിയോ പങ്കുവെച്ചത്.
''മകളെ, താഴെയിറങ്ങൂ. ഞങ്ങൾ നിങ്ങൾക്കൊപ്പമുണ്ട്. ആ വയർ അത്ര നല്ലതല്ല, ഷോർട് സർക്യൂട്ട് ഉണ്ടാവാൻ സാധ്യതയുണ്ട്. ആർക്കും ഒരു ഗുണവുമുണ്ടാകില്ല. ഞാൻ നിന്റെയടുത്തേക്ക് വരാം. നിന്റെ പ്രശ്നങ്ങൾ കേൾക്കാം.''-എന്നാണ് മോദി യുവതിയോട് പറഞ്ഞത്.
തെലങ്കാനയിലെ ഏറ്റവും വലിയ വോട്ടുവിഹിതമാണ് എസ്.ടി വിഭാഗമായ മഡിക സമുദായം. 10 വർഷമായി ഈ സമുദായത്തെ വഞ്ചിച്ചുകൊണ്ടിരിക്കുകയാണ് തെലങ്കാന സർക്കാരെന്ന് മോദി ആരോപിച്ചു. മഡിഗ സമുദായത്തിന്റെ ഉന്നതി ലക്ഷ്യം വെക്കുന്നതായും മറ്റ് പാർട്ടികൾ ചെയ്ത അവരോട് പാപത്തിന് താൻ മാപ്പുപറയാൻ ഉദ്ദേശിക്കുന്നതായും മോദി വ്യക്തമാക്കി.
തെലങ്കാനയിൽ ഇത് രണ്ടാംതവണയാണ് മോദി പ്രചാരണത്തിനെത്തുന്നത്. നവംബർ 30നാണ് തെലങ്കാനയിൽ വോട്ടെടുപ്പ് നടക്കുന്നത്. ഡിസംബർ മൂന്നിന് ഫലമറിയാം. തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ പിന്നാക്ക സമുദായത്തിൽ പെട്ടയാളെ മുഖ്യമന്ത്രിയാക്കുമെന്നാണ് ബി.ജെ.പിയുടെ വാഗ്ദാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.