ഗ്രാമത്തിലെ കായികതാരങ്ങൾക്ക് പരിശീലനത്തിന് രണ്ട് ഏക്കർ ഭൂമി സൗജന്യമായി നൽകി തെലങ്കാന യുവതി
text_fieldsഹൈദരാബാദ്: ആൺ-പെൺ ഭേദമെന്യേ എല്ലാവർക്കും സ്പോർട്സിൽ താൽപര്യം കൂടിവരുന്ന കാലമാണിത്. ഗ്രാമീണ മേഖലയിൽ മികച്ച ഉപകരണങ്ങളുടെ അഭാവവും പണമില്ലാത്തതും പരിശീലന സൗകര്യമില്ലാത്തതും പലരുടെ കായിക മോഹങ്ങൾ തല്ലിക്കെടുത്തുകയാണ്. തെലങ്കാനയിൽ സ്പോർട്സിൽ താൽപര്യമുള്ളവരുടെ പരിശീലനത്തിനായി രണ്ട് ഏക്കർ ഭൂമി നൽകി മാതൃകയായിരിക്കുകയാണ് വനപാർഥി ജില്ലയിൽ താമസിക്കുന്ന പത്മജ ദേശായി. തന്റെ ഗ്രാമത്തിലെ സ്പോർട്സിനോട് താൽപര്യമുള്ള ആൺകുട്ടികളെയും പെൺകുട്ടികളെയും ദേശീയ താരങ്ങളാക്കി മാറ്റിയെടുക്കുകയാണ് പത്മജയുടെ ലക്ഷ്യം.
കബഡി, ഖോ ഖോ, വോളിബാൾ ഇനങ്ങളിൽ മികച്ച പരിശീലനം നൽകുകയാണ് ആഗ്രഹം. കബഡിയോട് കുട്ടികൾക്ക് ഇഷ്ടം കൂടിവരുന്നതിനാൽ ഇപ്പോൾ എല്ലാ ഗ്രാമത്തിലും ഓരോ കബഡി ടീം ഉണ്ട്. കോവിഡിനു തൊട്ടുമുമ്പാണ് കുട്ടികൾക്കും യുവാക്കൾക്കും കബഡിയോട് താൽപര്യം തോന്നിയത്. സർക്കാർ സ്കൂൾ ഗ്രൗണ്ടുകളിലായിരുന്നു അവരുടെ പരിശീലനം. അത്തരത്തിലുള്ളവർക്ക് മികച്ച പരിശീലനം നൽകാനാണ് അന്തർ ജില്ലാ, അന്തർ സംസ്ഥാന മത്സരങ്ങൾക്കുള്ള വേദിയൊരുക്കാനുമാണ് സ്ഥലം നൽകിയതെന്നും അവർ പറയുന്നു.
സൗജന്യമായി ഭൂമി ലഭിച്ചെങ്കിലും തരിശായി കിടന്നതിനാൽ കബഡി കോർട്ട് ഒരുക്കൽ ശ്രമകരമായിരുന്നു. നിരവധി മത്സരങ്ങളിൽ വിജയിച്ച ടീം സമ്മാനത്തുക ഉപയോഗിച്ച് ആ സ്ഥലം ഒരു കോർട്ടായി വികസിപ്പിച്ചു. അവിടെ ഗ്രാമത്തിലെ കുട്ടികളും യുവാക്കളും ദിവസവും ഒത്തുകൂടി കബഡി, ഖോ-ഖോ, വോളിബോൾ പരിശീലനങ്ങളിൽ മുഴുകി. ഗ്രൗണ്ട് ലഭിച്ചതോടെ അവിടെ ടൂർണമെൻ്റുകൾ നടക്കാൻ തുടങ്ങി. 15-30 ദിവസത്തിലൊരിക്കൽ ഈ ഗ്രൗണ്ടിൽ അന്തർ സംസ്ഥാന, അന്തർ ജില്ലാ തല ടൂർണമെൻ്റുകൾ നടക്കുന്നുണ്ടെന്നും കഴിഞ്ഞ ഒന്നര വർഷത്തിനിടെ 60 ഓളം കബഡി ടീമുകൾ പങ്കെടുത്തിട്ടുണ്ടെന്നും പത്മജ പറഞ്ഞു.
സ്‌പോർട്‌സ് വകുപ്പിൻ്റെ ജൂനിയർ, സബ് ജൂനിയർ ലെവൽ മത്സരങ്ങൾക്കുള്ള സെലക്ഷനും ഇവിടെ നടന്നു. അന്താരാഷ്ട്ര നിലവാരത്തിലുള്ള രണ്ട് കബഡി കോർട്ടുകളുള്ള പരിശീലന കേന്ദ്രം, വോളിബോൾ കോർട്ട്, സജ്ജീകരിച്ച ജിംനേഷ്യം, ഫിറ്റ്നസ് സെൻ്റർ, ലോക്കർ റൂമുകൾ, ഷവറുകൾ, സ്റ്റോറേജ് സൗകര്യങ്ങൾ, പരിക്കുകൾ ചികിത്സിക്കുന്നതിനും പ്രതിരോധിക്കുന്നതിനുമുള്ള മെഡിക്കൽ റൂം എന്നിവ നിർമ്മിക്കാനുള്ള ഒരുക്കത്തിലാണ്. ലക്ഷ്യം പൂർത്തീകരിക്കാൻ തന്റെ സമ്പാദ്യത്തിൽ നിന്ന് രണ്ടുലക്ഷം രൂപയും അവർ സംഭാവന നൽകി. യു.എസ് യാത്രക്കിടെ ലക്ഷ്യത്തിലേക്കായി കൂടുതൽ പണം സമാഹരിക്കാനും സാധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.