ഈ സാരി ഞങ്ങൾക്ക് വേണ്ട; മുഖ്യമന്ത്രിയുടെ മകൾ തന്നെ ഉടുക്കട്ടെ (വിഡിയോ)
text_fieldsഹൈദരാബാദ്: ഏറെ കൊട്ടിഗ്ഘോഷിച്ച് സൗജന്യ സാരിവിതരണം നടത്തിയ തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവു പുലിവാലു പിടിച്ചിരിക്കുകയാണ്. തിങ്കളാഴ്ച വിതരണം ചെയ്ത സൗജന്യ സാരിക്കായി ഏറെ നേരം കാത്തു നിൽക്കേണ്ടിവന്നതിന് പുറമെ ഗുണമേന്മയില്ലാത്ത സാരികളാണ് സമ്മാനമായി വിതരണം ചെയ്തത് എന്നാണ് സ്ത്രീകളുടെ പരാതി.
സെപ്തംബർ 18 മുതൽ 20 വരെ നടക്കുന്ന ബതുക്കമ്മ ഉത്സവത്തിന്‍റെ ഭാഗമായാണ് സംസ്ഥാന സർക്കാർ ഒരു കോടി കെത്തറി സാരികൾ വിതരണംചെയ്തത്. 222 കോടി രൂപയാണ് ഇതിന് വേണ്ടി സർക്കാർ വകയിരുത്തിയത്. സംസ്ഥാനത്തെ വനിതാ ഓഫിസിർമാർ തെരഞ്ഞെടുത്ത 500 ഡിസൈനുകളിലും വിവിധ നിറത്തിലുമുള്ള സാരികളായിരുന്നു വിതരണത്തിനെത്തിയത്. വനിതാ വോട്ടർമാരെയും നെയ്ത്തുകാരെയും ലക്ഷ്യമിട്ട സർക്കാറിന്‍റെ 'ഒരു വെടിക്ക് രണ്ട് പക്ഷി' എന്ന തന്ത്രമാണ് വനിതകളുടെ പ്രതിഷേധത്തോടെ പൊളിഞ്ഞത്.
സാരിക്ക് വേണ്ടി ന്യായവില ഷോപ്പുകളിൽ ഏറെ നേരം ക്യൂ നിന്നതോടെ തന്നെ പ്രശ്നം പൊട്ടിപ്പുറപ്പെട്ടിരുന്നു. ക്ഷമ നശിച്ച വനിതകൾ തമ്മിലുള്ള വാക്പോര്, അടിപിടിയിലും മുടിവലിച്ചു പറിക്കുന്നതിലുമാണ് കലാശിച്ചത്. നിലവാരം കുറഞ്ഞ സാരി കൈയിൽ കിട്ടിയതോടെ അവരുടെ ദ്വേഷ്യം വർധിക്കുകയാണുണ്ടായത്.
ചില സ്ഥലത്ത് സാരി കത്തിച്ചായിരുന്നു പ്രതിഷേധം. ചിലർ സാരികൊണ്ട് വണ്ടി തുടച്ചും പരസ്യമായി വലിച്ചെറിഞ്ഞും സർക്കാറിനെ പരിഹസിക്കുന്ന പാട്ടുകൾ പാടിയും നൃത്തം വെച്ചും പ്രതിഷേധം പ്രകടിപ്പിച്ചു. 'മുഖ്യമന്ത്രി 50 രൂപയാണ് ഞങ്ങൾക്ക് തന്നത്. അദ്ദേഹത്തിന്‍റെ മകൾ ഈ സാരി ഉടുത്ത് ബതുക്കമ്മ ഉത്സവത്തിന് പോകുമോ? യാചകർ പോലും ഈ സാരി ധരിക്കില്ല'- നിരാശയോടെ ഒരു യുവതി പറഞ്ഞു.
വിവാദം കത്തിയതോടെ പ്രശ്ങ്ങളെല്ലാം രാഷ്ട്രീയ പ്രേരിതമാണെന്ന വിശദീകരണവുമായി സർക്കാർ രംഗത്ത് വന്നു. 222 കോടി രൂപയാണ് സർക്കാർ ഇതിന് വേണ്ടി ചിലവഴിച്ചത്. 52 ലക്ഷം സാരികൾ തെലങ്കാനയിലെ നെയ്ത്തുകാർ തന്നെയാണ് നെയ്തത്. സമയപരിധി കാരണം സൂറത്തിലെ പ്രമുഖ വസ്ത്ര വ്യാപാര ശാലയിൽ നിന്നുമാണ് ബാക്കി സാരികൾ ഇറക്കുമതി ചെയ്തത്- സാർക്കാർ പ്രതിനിധി പറഞ്ഞു.
സാരി വിവാദത്തിൽ പ്രതിപക്ഷത്തിനും ചിലത് പറയാനുണ്ടായിരുന്നു. '100 കോടി രൂപയുടെ അഴിമതിയാണ് ഇതോടനുബന്ധിച്ച് നടന്നത്. ഒരു ദിവസത്തെ ജോലിയും കളഞ്ഞ് ക്യൂ നിന്ന സ്ത്രീകളുടെ രോഷം മനസ്സിലാക്കാവുന്നതേയുള്ളൂ. പ്രതിഷേധമുള്ള സ്ത്രീകളോട് ഞങ്ങൾ പറയുന്നത് അവ കത്തിച്ചുകളയരുത് എന്നാണ്. ബതുക്കമ്മ ഉത്സവത്തിന് ധരിക്കാനായി മുഖ്യമന്ത്രിയുടെ മകൾക്കുതന്നെ അവ അയച്ചുകൊടുക്കാവുന്നതാണ്.'
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.