കർശന മാനദണ്ഡങ്ങളുമായി ‘ട്രായ്’; ഒ.ടി.പി സേവനം മുടങ്ങിയേക്കും
text_fieldsന്യൂഡൽഹി: ഇ-കോമേഴ്സ് ഇടപാടുകളിലും മറ്റും ഒ.ടി.പി ലഭ്യമാക്കുന്നതിൽ നവംബർ ഒന്നുമുതൽ താൽക്കാലിക തടസ്സമുണ്ടാകുമെന്ന മുന്നറിയിപ്പുമായി ടെലികോം സേവന ദാതാക്കൾ. വാണിജ്യസന്ദേശങ്ങൾ ആരാണ് അയക്കുന്നതെന്ന് കണ്ടെത്താൻ സംവിധാനമുണ്ടാകണമെന്നതുൾപ്പെടെ ടെലികോം നിയന്ത്രണ അതോറിറ്റിയുടെ (ട്രായ്) പരിഷ്കരിച്ച നിർദേശങ്ങൾ നടപ്പാക്കുന്ന സാഹചര്യത്തിലാണിത്.
പുതിയ പരിഷ്കരണം നിലവിൽ വരുന്നതോടെ സന്ദേശങ്ങൾ അയക്കുന്ന കമ്പനികൾ അവരുടെ യു.ആർ.എൽ (യൂനിഫോം റിസോഴ്സ് ലൊക്കേറ്റർ), തിരികെ വിളിക്കാനുള്ള നമ്പറുകൾ എന്നിവ ടെലികോം ഓപറേറ്റർമാർക്ക് മുൻകൂട്ടി കൈമാറണം. ടെലികോം ഓപറേറ്റർ നടപ്പിൽ വരുത്തുന്ന ബ്ലോക്ക് ചെയിൻ അധിഷ്ടിത ഡിസ്ട്രിബ്യൂഷൻ ലെഡ്ജർ പ്ലാറ്റ്ഫോമിൽ ഈ വിവരങ്ങൾ ശേഖരിക്കും.
സേവനദാതാക്കൾ നൽകുന്ന വിവരങ്ങളും ഓപറേറ്ററുടെ പക്കലുള്ള ലെഡ്ജറിലെ വിവരങ്ങളും സമാനമായാൽ മാത്രമേ സന്ദേശം ഇനിമുതൽ ഉപഭോക്താവിന് കൈമാറാനാവൂ. ആഗസ്റ്റിലാണ് ട്രായ് ഇതുസംബന്ധിച്ച് നിർദേശങ്ങളിറക്കിയത്. പുതിയ മാനദണ്ഡമനുസരിച്ച് സന്ദേശം അയക്കുന്നത് മുതൽ ഉപഭോക്താവിലെത്തുന്നതുവരെയുള്ള വിവരങ്ങൾ കൃത്യമായി ശേഖരിക്കപ്പെടും. നിരന്തരം ഉപയോക്താക്കൾക്ക് ആവശ്യമില്ലാത്ത (സ്പാം) സന്ദേശങ്ങൾ വരുകയും അവയിലെ ലിങ്കുകൾ വഴി പണവും വിവരങ്ങളും നഷ്ടമാവുകയും ചെയ്യുന്നതായി പരാതികൾ വന്നതോടെയാണ് ട്രായുടെ പുതിയ നീക്കം.
നേരത്തെ ടെലി മാർക്കറ്റിങ് കാളുകൾക്കും സമാനമായ മാനദണ്ഡം രൂപവത്കരിച്ചിരുന്നു. എന്നാൽ, സംവിധാനം നടപ്പിൽ വരുത്താൻ രണ്ടുമാസം കൂടി ഇളവനുവദിക്കണമെന്നാണ് ടെലികോം കമ്പനികളായ എയർടെൽ, വോഡഫോൺ, റിലയൻസ് ജിയോ എന്നിവ ഉൾപ്പെടുന്ന സെല്ലുലാർ ഓപറേറ്റേഴ്സ് അസോസിയേഷന്റെ ആവശ്യം.
ഇ-കോമേഴ്സ് കമ്പനികളിലും ബാങ്കുകളടക്കം ധനകാര്യ സ്ഥാപനങ്ങളിലും ട്രായ് നിർദേശം നടപ്പാക്കുന്നതിന് ആവശ്യമായ സാങ്കേതിക സൗകര്യങ്ങൾ ഇനിയും സജ്ജമായിട്ടില്ലെന്നും ടെലികോം കമ്പനികൾ ചൂണ്ടിക്കാട്ടുന്നു.]
ബദൽ മാർഗങ്ങളുമായി ഇ-കോമേഴ്സ് കമ്പനികൾ
ന്യൂഡൽഹി: ഒ.ടി.പി സേവനങ്ങൾ തടസ്സപ്പെടാതിരിക്കാൻ ബദൽ മാർഗങ്ങൾ ഉപയോഗപ്പെടുത്തുമെന്ന് ഇ-കോമേഴ്സ് സേവനദാതാക്കൾ. എസ്.എം.എസ് വഴിയുള്ള സേവനങ്ങൾക്ക് താൽക്കാലികമായി തടസ്സമുണ്ടായാലും വാട്സ്ആപ് പോലുള്ള ആപ്പുകൾ വഴി ഒ.ടി.പി ഉപഭോക്താക്കൾക്ക് നൽകാനാവും. ഇ-കോമേഴ്സ് സൗകര്യങ്ങൾ ഉപയോഗിക്കുന്നവരിൽ ഭൂരിഭാഗത്തിനും സ്മാർട്ട്ഫോൺ കൈവശമുള്ളവരാണ്. ഇത്തരം സേവനങ്ങൾ നിലവിൽ നടപ്പാക്കിയിട്ടുണ്ടെന്നും വിവിധ കമ്പനികളുടെ പ്രതിനിധികൾ അറിയിച്ചു. ഇന്ത്യയിൽ പ്രതിദിനം ഏകദേശം 150-170 കോടി വാണിജ്യ സന്ദേശങ്ങൾ അയക്കുന്നുണ്ടെന്നാണ് കണക്ക്. ഇവയിൽ വിവിധ പരസ്യങ്ങൾ, ഒ.ടി.പി, പാസ്വേഡുകൾ, ബാങ്കിങ് സേവനങ്ങൾ എന്നിവയെല്ലാം ഉൾപ്പെടും. ട്രായ് നിർദേശം നടപ്പാവുന്നതോടെ ഇവ വ്യാപകമായി തടസ്സപ്പെട്ടേക്കുമെന്നാണ് ടെലികോം കമ്പനികൾ നൽകുന്ന മുന്നറിയിപ്പ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.