തെലങ്കാനയിൽ കോൺഗ്രസിനെ പിന്തുണക്കും; മത്സരിക്കാനില്ല -വൈ.എസ്. ശർമിള
text_fieldsഹൈദരാബാദ്: തെലങ്കാന നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് വൈ.എസ്.ആർ തെലങ്കാന പാർട്ടി നേതാവ് വൈ.എസ് ശർമിള. മത്സരിക്കുന്നതിന് പകരം കോൺഗ്രസിനെ പിന്തുണക്കുമെന്നും ശർമിള വ്യക്തമാക്കി.
ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈ.എസ്. ജഗൻ മോഹൻ റെഡ്ഡിയുടെ ഇളയ സഹോദരിയും മുൻ മുഖ്യമന്ത്രി വൈ.എസ്. രാജശേഖരറെഡ്ഡിയുടെ മകളുമാണ് ശർമിള. തെലങ്കാനയിൽ കെ. ചന്ദ്രശേഖർ റാവുവിനെ താഴെയിറക്കാൻ കോൺഗ്രസിന് പിന്തുണ നൽകുമെന്നാണ് ശർമിള അറിയിച്ചത്. ശർമിളയുടെ പാർട്ടി കോൺഗ്രസിൽ ലയിക്കുമെന്ന് നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു. ലയനം സംബന്ധിച്ച് ശർമിള സോണിയ ഗാന്ധിയടക്കമുള്ള മുതിർന്ന കോൺഗ്രസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ലയനനീക്കത്തിനായി കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും ശർമിളയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
തെലങ്കാനയിൽ കെ. ചന്ദ്രശേഖര റാവു സർക്കാറിനെ പുറത്താക്കാൻ തങ്ങൾ ആരുമായും തുറന്ന ചർച്ചക്ക് തയാറാണെന്ന് ശർമിള വ്യക്തമാക്കിയിരുന്നു. കെ.സി.ആർ താലിബാൻ പ്രസിഡന്റിനെ പോലെയാണ് ഭരിക്കുന്നതെന്നായിരുന്നു ശർമിളയുടെ ആരോപണം.
നവംബർ 30നാണ് തെലങ്കാനയിൽ വോട്ടെടുപ്പ്. ഡിസംബർ മൂന്നിന് ഫലമറിയാം. നിയമസഭ തെരഞ്ഞെടുപ്പിലെ തങ്ങളുടെ പങ്കാളിത്തം പല മണ്ഡലങ്ങളിലെയും കോൺഗ്രസിന്റെ വോട്ട് വിഹിതത്തെ നേരിട്ട് ബാധിക്കുമെന്ന് തോന്നിയതിനാലാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്നും ശർമിള പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.