പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കി തെലങ്കാന
text_fieldsഹൈദരാബാദ്: പൗരത്വ ഭേദഗതി നിയമത്തിനെതിരെയും (സി.എ.എ), ദേശീയ പൗരത്വ പട്ടിക (എൻ.ആർ.സി), ദേശീയ ജനസംഖ്യാ കണക്കെടുപ്പ് (എൻ.പി.ആർ) എന്നിവക്കെതിരെയും തെലങ്കാന നിയമസഭ പ്രമേയം പാസാക്കി. ഇതോടെ സി.എ.എക്കെതിരെ നിയമസഭയിൽ പ്രമേയം പാസാക്കിയ രാജ്യത്തെ ഏഴാമത് സംസ്ഥാനമായി തെലങ്കാന.
മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവാണ് പ്രമേയം അവതരിപ്പിച്ചത്. ഇന്ത്യയിലെ വലിയ വിഭാഗം ജനങ്ങളുടെ ആശങ്ക പരിഗണിച്ച് പൗരത്വ ഭേദഗതി നിയമം ഭേദഗതി ചെയ്യണമെന്നും ഏതെങ്കിലും മതത്തെക്കുറിച്ചോ വിദേശ രാജ്യത്തെക്കുറിച്ചോ ഉള്ള പരാമർശം ഒഴിവാക്കണമെന്നും പ്രമേയത്തിൽ ആവശ്യപ്പെട്ടു.
ജനങ്ങളെ വിഭജിക്കുന്ന, ഇടുങ്ങിയ മനസുള്ള ഇത്തരം രാഷ്ട്രീയം ഇന്ത്യക്ക് ആവശ്യമുണ്ടോയെന്ന് ചന്ദ്രശേഖർ റാവു ചോദിച്ചു. പൗരത്വം ആവശ്യകതയാണെങ്കിലും നിലവിൽ അത് അനുവദിക്കുന്ന രീതി തെറ്റാണ്-അദ്ദേഹം പറഞ്ഞു.
എ.ഐ.എം.ഐ.എം, കോൺഗ്രസ് എന്നീ കക്ഷികൾ പ്രമേയത്തെ പിന്തുണച്ചപ്പോൾ ബി.ജെ.പിയുടെ ഏക അംഗം ടി. രാജ സിങ് എതിർത്തു. പ്രമേയത്തിന്‍റെ പകർപ്പ് കീറിയെറിഞ്ഞ് സ്പീക്കറുടെ പോഡിയത്തിലേക്ക് ഓടിയ രാജ സിങ് തെലങ്കാനയിലെ ജനങ്ങളോട് സർക്കാർ നുണ പറയുന്നുവെന്ന് മുദ്രാവാക്യം വിളിച്ചു.
കേരളം, പഞ്ചാബ്, രാജസ്ഥാൻ, പശ്ചിമ ബംഗാൾ, ഡൽഹി, ബിഹാർ എന്നീ സംസ്ഥാനങ്ങളാണ് നേരത്തെ സി.എ.എക്കെതിരെയും എൻ.പി.ആറിനെതിരെയും പ്രമേയം പാസാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.