കോവിഡിെൻറ മറവിൽ അവർ മുസ്‌ലിം വീടുകളും കടകളും ചുട്ടെരിച്ചു
text_fieldsതെലിനിപാറ (പശ്ചിമ ബംഗാൾ): കോവിഡിനെ നേരിടാൻ ലോകം കൈമെയ് മറന്ന് പൊരുതുമ്പോഴും വർഗീയ വൈറസുകൾ അടങ്ങിയിരിക്കുന്നില്ല. ഇൗ ലോക്ഡൗൺ കാലത്തും അപരനെ ഇല്ലായ്മ ചെയ്യാൻ സർവ സന്നാഹങ്ങളും ഒരുക്കി കാത്തിരിക്കുകയാണ് കണ്ണിൽചോരയില്ലാത്ത ഈ കൂട്ടർ. ഇത്തരമൊരു 'ഓപറേഷനാണ് ' മേയ് 10, 12 തീയതികളിൽ പശ്ചിമ ബംഗാളിലെ തെലിനിപാറയിലും അരങ്ങേറിയത്.
ആസൂത്രിതമായ വർഗീയ ആക്രമണമാണ് അവിടെ അരങ്ങേറിയതെന്ന് പ്രദേശം സന്ദർശിച്ച ‘ദി വയർ’ ലേഖകൻ ഹിമാദ്രി ഘോഷ് വ്യക്തമാക്കുന്നു. പൗരത്വ പ്രക്ഷോഭം അടിച്ചമർത്താൻ ഡൽഹിയിൽ സംഘ് പരിവാർ നടപ്പാക്കിയ കലാപത്തിന്റെ മാതൃകയിലാണ് തെലിനിപാറയിലും അക്രമം അരങ്ങേറിയത്. ആളപായം ഉണ്ടായില്ലെന്നു മാത്രം.
മേയ് 10 ഞായറാഴ്ച വൈകീട്ടാണ് കലഹം തുടങ്ങിയത്. പൊലീസ് ഇടപെട്ട് അന്നുതന്നെ പരിഹരിച്ചു. മേയ് 11 തിങ്കളാഴ്ച പ്രശ്നങ്ങളൊന്നുമുണ്ടായില്ല. പിറ്റേന്ന്, ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് ആയുധങ്ങളുമായി പുറത്തുനിന്നെത്തിയവരടക്കമുള്ള ഒരു വലിയ ജനക്കൂട്ടം പ്രദേശത്ത് അക്രമം അഴിച്ചുവിടുകയായിരുന്നു.
പ്രദേശത്തെ നൂറുകണക്കിന് മുസ്‌ലിം വീടുകളും കടകളും വ്യാപകമായി കത്തിക്കുകയും കൊള്ളയടിക്കുകയും ചെയ്തു. വാഹനങ്ങളും തീവെച്ച് നശിപ്പിച്ചു. അന്നുതന്നെ ജില്ലാ മജിസ്‌ട്രേറ്റ് നിരോധനാജ്ഞ നടപ്പാക്കിയതിനാൽ സംഘർഷം മറ്റുസ്ഥലങ്ങളിലേക്ക് വ്യാപിച്ചില്ല. ഇൻറർനെറ്റ് സേവനങ്ങളടക്കം താൽക്കാലികമായി തടഞ്ഞുവെച്ചു.
മേയ് 15ന് സംഘർഷ ബാധിത പ്രദേശം ഹിമാദ്രി ഘോഷ് സന്ദർശിച്ചു. വിവിധ മത, രാഷ്ടീയ, സംഘടന പ്രവർത്തകരും പൊലീസുകാരും ഉദ്യോഗസ്ഥരും നാട്ടുകാരും അടക്കമുള്ളവരുമായി സംസാരിച്ച് അദ്ദേഹം തയാറാക്കി ‘ദി വയറി’ൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിെൻറ പ്രസക്ത ഭാഗങ്ങൾ:
തുടങ്ങിയത് കക്കൂസ് ഉപയോഗത്തെ ചൊല്ലി
പൊതുകക്കൂസ് ഉപയോഗത്തെ ചൊല്ലിയുള്ള ചെറിയ തർക്കമാണ് കലാപത്തിന് വഴിമരുന്നിട്ടതെന്ന് പ്രദേശവാസിയായ ദിനേശ് ഷാ പറഞ്ഞു. ഒരു മുസ്ലിമിന് കോവിഡ് ഉണ്ടെന്നും മുസ്‌ലിംകൾ പൊതു കക്കൂസ് ഉപയോഗിച്ചാൽ വൈറസ് പടരുമെന്നുമുള്ള സന്ദേശം പരന്നു.
തുടർന്ന് മുസ്‌ലിംകൾ പൊതുകക്കൂസ് ഉപയോഗിക്കുന്നത് ഹിന്ദു സമുദായത്തിലെ ചിലർ തടഞ്ഞു. മേയ് 10ന് വൈകീട്ട് തുടങ്ങിയ സംഘർഷം പൊലീസ് ഇടപെട്ടതോടെ അന്നു രാത്രി തന്നെ അവസാനിച്ചു. തിങ്കളാഴ്ച പ്രത്യേകിച്ച് ഒന്നും സംഭവിച്ചില്ല. എന്നാൽ, അടുത്ത ദിവസം (മേയ് 12ന്) ഒരു കലാപമുണ്ടാകുമെന്ന് ആരും കരുതിയിരുന്നില്ല -ഷാ പറഞ്ഞു.
കൊൽക്കത്തയിൽനിന്ന് 40 കിലോമീറ്റർ വടക്ക് ഹൂഗ്ലി ജില്ലയിലാണ് അക്രമം അരങ്ങേറിയ ഭദ്രേശ്വറിലെ തെലിനിപാറ പ്രദേശം സ്ഥിതി ചെയ്യുന്നത്. മുസ്‌ലിം നിവാസികളെ ലക്ഷ്യമിട്ട് ആസൂത്രിതമായി നടപ്പിലാക്കിയ ആക്രമണമാണിതെന്ന് പൊലീസും നാട്ടുകാരും പറഞ്ഞു.
പേരും ചിഹ്നങ്ങളും തെരഞ്ഞുപിടിച്ച് അക്രമം
മുസ്‌ലിം പേരും ചിഹ്നങ്ങളുമുള്ള കടകളും വീടുകളും തെരഞ്ഞുപിടിച്ചാണ് അക്രമികൾ നശിപ്പിച്ചതെന്നതിന് തെളിവുകൾ സാക്ഷി. കൊൽക്കത്തയിൽനിന്ന് ഗ്രാൻഡ് ട്രങ്ക് റോഡിലേക്ക് പോകുമ്പോൾ, തെലിനിപാറയിലേക്ക് തിരിയുന്നതിന് ഭദ്രേശ്വരിലെ ബാബർ ബസാർ ജങ്ഷനിൽ തീപിടിച്ച ഒരു കട കണ്ടു. കറുത്ത ചുവരിൽ ‘സാദ്’ എന്ന പേര് ഇപ്പോഴും കാണാം. ഫയർ സ്റ്റേഷന് എതിർവശത്തുള്ള മുസ്‌ലിം ആരാധനാലയവും നശിപ്പിക്കപ്പെട്ടു. തകർന്ന ഇഷ്ടികകളും കീറിപ്പറിഞ്ഞ പതാകകളും തറയിൽ കിടക്കുന്നത് കാണാം.
ഭദ്രേശ്വരിൽ അന്തരീക്ഷം പൊതുവേ ശാന്തമായിരുന്നു. ആളുകൾ തെലിനിപാറ സംഭവത്തെക്കുറിച്ച് ചർച്ച ചെയ്യുന്നത് കേൾക്കാം. തെലിനിപാറ ഘട്ടിലേക്കുള്ള ദിനെർദംഗ റോഡിൽ പ്രവേശിക്കുമ്പോൾ തന്നെ സ്ഥിതി മാറി. ഈ റോഡ് പൊലീസ് ഭാഗികമായി തടഞ്ഞിട്ടുണ്ട്. അക്രമം നടന്ന ഉൾ ഭാഗങ്ങളിലേക്ക് നടക്കുമ്പോൾ തെരുവിൽ കുറച്ച് ആളുകൾ മാത്രമേയുള്ളൂ. അവരുടെയൊക്കെ മുഖത്ത് ഭയം ദൃശ്യമാകുന്നുണ്ട്.
തെലിനിപാറ ഘട്ടിന് തൊട്ടുമുൻപുള്ള കവലയിൽ 30 ഓളം ഇന്ത്യൻ റിസർവ് ബറ്റാലിയൻ (എസ്.ഐ.ആർ.ബി) പൊലീസുകാർ നിൽപുണ്ടായിരുന്നു. ജിടി റോഡിൽ നിന്ന് ദിനെർദംഗ തെരുവിലേക്കുള്ള വഴിയും പരിസരവും ഹിന്ദു ഭൂരിപക്ഷപ്രദേശമാണ്. ഇവിടെ തുടക്കത്തിൽ തന്നെ കത്തിച്ച രണ്ട് വാഹനങ്ങൾ കണ്ടു. വീടുകളോ സ്വത്തോ ഒന്നും നശിപ്പിക്കപ്പെട്ടിട്ടില്ല. കത്തിച്ച വാഹനത്തിന്റെ നമ്പർ മോട്ടോർ വാഹനവകുപ്പ് വെബ്സൈറ്റിൽ പരിശോധിച്ചപ്പോൾ അത് മുസ്ലിമിന്റെതാണെന്ന് വ്യക്തമായി. കത്തിച്ച മറ്റ് വാഹനത്തിന്റെ നമ്പർ പ്ലേറ്റ് കരിഞ്ഞുപോയതിനാൽ ഉടമയെ തിരിച്ചറിയാൻ കഴിഞ്ഞില്ല.
അവിടെ കണ്ടവരോടെക്കെ മെയ് 12 ലെ അക്രമത്തെക്കുറിച്ച് ചോദിച്ചു. എന്നാൽ, ആരും പ്രതികരിക്കാൻ കൂട്ടാക്കിയില്ല. “എനിക്ക് ഒന്നും അറിയില്ല” എന്നായിരുന്നു പൊതുവിൽ ലഭിച്ച മറുപടി.
വീടുകൾ കത്തിക്കാൻ ഉപയോഗിച്ചത് ഗ്യാസ് സിലിണ്ടറുകൾ
ഞങ്ങൾ ദിനെർദംഗ ജംഗ്ഷനിൽ നിന്ന് ഗൊണ്ടൽപാറ മില്ലിലേക്ക് നടന്നു. കത്തിക്കരിഞ്ഞ, വാതിലുകൾ തകർന്ന, മുസ്‌ലിം വീടുകളുടെ ഒരു നിര തന്നെ അവിടെ കാത്തിരിക്കുന്നുണ്ടായിരുന്നു. ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിച്ചതിനാൽ ഈ ചെറിയ വീടുകളുടെ മേൽക്കൂരയും ചുവരുകളും ഇടിഞ്ഞു തകർന്നു. ഇവിടെയുള്ള രണ്ട് വീടുകളിൽ നിന്ന് അപ്പോഴും കറുത്ത പുക ഉയരുന്നുണ്ടായിരുന്നു. വലിയ കല്ലുകൾ, വിറകുകൾ, ഇരുമ്പുവടികൾ, കുപ്പിച്ചില്ലുകൾ എന്നിവ നിറഞ്ഞിരുന്നു. കുപ്പികളിൽ ഭൂരിഭാഗവും മണ്ണെണ്ണ മണക്കുന്നുണ്ടായിരുന്നു.
മുസ്‌ലിം ഉടമസ്ഥതയിലുള്ള ഫോട്ടോസ്റ്റാറ്റ്, പലചരക്ക്, ഇറച്ചി കടകൾ എന്നിവ കത്തിച്ചാമ്പലാക്കിയിരുന്നു. എന്നാൽ, അതിനോടുചേർന്നുള്ള ഹിന്ദു ഉടമസ്ഥതയിലുള്ള പലചരക്ക്, തയ്യൽ കടകൾ കേടുകൂടാതെ നിൽക്കുന്നു. തെരുവിൽ തീവെച്ചും മറ്റും നശിപ്പിച്ച ഇലക്ട്രിക് റിക്ഷകൾ, മോട്ടോർ ബൈക്കുകൾ, സൈക്കിളുകൾ, ചെറിയ ടെമ്പോ എന്നിവയും കിടപ്പുണ്ടായിരുന്നു.
ഹിന്ദു കുടുംബത്തിന്റെതാണെന്ന് തിരിച്ചറിയാൻ കഴിയുന്ന, ഒരുവീട് മാത്രം കാര്യമായ കേടുപാടില്ലാതെ ബാക്കിയായിരുന്നു. അതിന്റെ ഒരു വശത്തെ ചുമർ അൽപം തകർന്നിരുന്നു. “ഈ വീടിന് അടുത്തുള്ള മുസ്‌ലിം വീട്ടിൽ ഗ്യാസ് സിലിണ്ടർ സ്ഫോടനം നടത്തിയപ്പോഴുള്ള ആഘാതത്തിലാണ് ഈ ചുമർ തകർന്നതെന്ന്” പേരുവെളിപ്പെടുത്താത്ത പ്രദേശവാസി പറഞ്ഞു.
നാശനഷ്ടങ്ങൾ പരിശോധിക്കുകയായിരുന്ന പൊലീസ് ഉദ്യോഗസ്ഥനോട് ഞങ്ങൾ അക്രമത്തെ കുറിച്ച് ചോദിച്ചു. ഒരു സമുദായത്തെ ലക്ഷ്യം വച്ചുള്ളതാണോ ഇതെന്ന് ചോദിച്ചപ്പോൾ, അദ്ദേഹം ഒരു കടയിലേക്ക് വിരൽ ചൂണ്ടി പറഞ്ഞു: “നോക്കൂ, ആ കടയ്ക്ക് കേടുപാടുകൾ ഇല്ല. അതിന്റെ പേര് വായിച്ചു നോക്കൂ. ആക്രമണം ആസൂത്രണം ചെയ്തതിൽ ചില നാട്ടുകാർക്കും പങ്കുണ്ട്. ഓരോ വീടും കൃത്യമായി കണ്ടെത്താനും ടാർഗെറ്റുചെയ്യാനും പുറത്തുനിന്നുള്ളവർക്ക് സാധ്യമല്ല. ഇവിടെ ഉപയോഗിച്ച പെട്രോൾ ബോംബുകളുടെ അളവ് ആക്രമണകാരികൾ നന്നായി തയ്യാറെടുത്താണ് വന്നത് എന്നതിന്റെ തെളിവാണ്’’.
ഇരുമ്പുവടികളും കല്ലുകളും പെട്രോൾ ബോംബുകളും ഉപയോഗിച്ച് ‘ജയ് ശ്രീ റാം’ എന്ന് ആക്രോശിച്ചാണ് ആയുധധാരികളായ അക്രമികൾ വന്നതെന്ന് 53 കാരനായ മുഹമ്മദ് മുഷ്താഖ് പറഞ്ഞു. പ്രദേശത്തെ കേബിൾ ഓപ്പറേറ്ററായ ഇദ്ദേഹത്തിന് ഫോട്ടോസ്റ്റാറ്റ് കടയുമുണ്ട്. മുഖംമൂടി ധരിച്ച സംഘം അദ്ദേഹത്തിന്റെ വീടും കടയും കൊള്ളയടിക്കുകയും കത്തിക്കുകയും ചെയ്തു. പുതിയ ഫോട്ടോസ്റ്റാറ്റ് മെഷീനും കത്തിച്ചു. ഇപ്പോൾ, ഞങ്ങൾ ധരിക്കുന്നതല്ലാതെ മറ്റൊന്നും ഞങ്ങളുടെ പക്കലില്ല -കണ്ണീരോടെ മുഷ്താഖ് പറഞ്ഞു.
‘‘ഫോട്ടോസ്റ്റാറ്റ് ഷോപ്പിന് പുറമെ, ഞങ്ങൾക്ക് രണ്ട് ഷോപ്പുകൾ കൂടി ഉണ്ട്. രണ്ടും ഹിന്ദു സമുദായത്തിൽപെട്ടവർക്ക് വാടകയ്ക്ക് കൊടുത്തതാണ്. ആ കടകൾക്ക് ഒന്നും സംഭവിച്ചില്ല. കലാപകാരികളുടെ ലക്ഷ്യം തെളിയിക്കാൻ കൂടുതൽ തെളിവുകൾ എന്താണ് വേണ്ടത്?” -ഇദ്ദേഹത്തിന്റ ഭാര്യ ഷബാന ഖാത്തുൻ പറഞ്ഞു.
എല്ലാം കത്തിത്തീർന്ന ശേഷം പൊലീസ് എത്തി
മേയ് 12ന് ഉച്ച പന്ത്രണ്ടരയോടെയാണ് അക്രമം ആരംഭിച്ചതെന്ന് പെട്രോൾ ബോംബ് ആക്രമണത്തിൽ വീടുകത്തിക്കരിഞ്ഞ മുഹമ്മദ് അൻസാരി പറഞ്ഞു. ഗൊണ്ടൽപാറ മിൽ ഭാഗത്ത് നിന്ന് ആയുധധാരികളായ ചിലർ മുസ്‌ലിം വീടുകൾക്ക് നേരെ ബോംബ് എറിഞ്ഞതായി വാർത്ത ലഭിച്ചു.
ഞാൻ ഭദ്രേശ്വർ പൊലീസിനെ വിളിച്ച് സ്ഥിതിഗതികളെക്കുറിച്ച് അറിയിച്ചു. എന്റെ സഹോദരൻ അഗ്നിശമന സേനയെ വിളിച്ചു. എന്നിട്ടും ഉച്ച രണ്ടരയ്ക്ക് ശേഷമാണ് 10-12 പൊലീസുകാർ വന്നത്. അപ്പോഴേക്കും എല്ലാം കത്തിത്തീർന്നിരുന്നു. അവർ പൊലീസിനെയും ആക്രമിക്കുകയും കല്ലെറിയുകയും ചെയ്തു. വൈകീട്ട് നാലു മണിയോടെയാണ് കൂടുതൽ പൊലീസ് എത്തിയത്.
അക്രമികളെ തടയാൻ ഹിന്ദു സഹോദരങ്ങളും സഹായിച്ചു
ഗൊണ്ടൽപാറയിലെ മുസ്‌ലിം പ്രദേശത്തേക്ക് ആയുധധാരികൾ ഓടുന്നത് തടയാൻ താൻ ശ്രമിച്ചുവെന്ന് വിരമിച്ച ചണമിൽ തൊഴിലാളിയായ എസ്.കെ. ഷംസുദ്ദീൻ പറഞ്ഞു. അതിനിടെ അവരിൽ ഒരാൾ തന്നെ ക്രൂരമായി മർദ്ദിച്ചു. ഇവിടെയുള്ള പാൽ വിൽക്കുന്ന ഹിന്ദു ഗ്വാള സഹോദരങ്ങളും അക്രമികളെ തടയാൻ ഏറെ പരിശ്രമിച്ചു. അവർ വളരെയധികം സഹായിച്ചു. അല്ലെങ്കിൽ, കാര്യങ്ങൾ കൂടുതൽ മോശമാകുമായിരുന്നു -അദ്ദേഹം പറഞ്ഞു.
ഗോണ്ടൽപാറയിൽനിന്ന് ഞങ്ങൾ ഭദ്രേശ്വർ മുനിസിപ്പാലിറ്റി ഒമ്പതാം വാർഡിലെ ഫെറി ഘട്ട് തെരുവിലേക്ക് പോയി. വഴി മധ്യേ ഇടുങ്ങിയ കൽവർട്ടിന് താഴെ അഴുക്കുചാലിൽ ഗ്യാസ് സിലിണ്ടറുകളും മോട്ടോർ സൈക്കിളും കിടക്കുന്നുണ്ടായിരുന്നു.
അവിടെയുണ്ടായിരുന്ന പൊലീസുകാരിൽ ഒരാൾ പറഞ്ഞു: “നിങ്ങൾ സ്ഥലങ്ങൾ കണ്ടില്ലേ. ആരുടെ സ്വത്തുക്കളാണ് നശിപ്പിച്ചതെന്ന് കാണ്ടാൽ മനസ്സിലാകും. റോഡ് പൂർണ്ണമായും കുപ്പിച്ചില്ല് നിറഞ്ഞിരിക്കുകയാണ്. ധാരാളം പെട്രോൾ ബോംബുകൾ ഉപയോഗിച്ചു. ആസിഡ് വരെ പയോഗിച്ചതായി സംശയമുണ്ട്’’ “ഞങ്ങളുടെ പക്കൽ ലാത്തികളും മറ്റുമാണുള്ളത്. ഇരുമ്പുദണ്ഡും ആയുധങ്ങളുമേന്തിവരുന്ന 500-600 പേരടങ്ങുന്ന സംഘത്തെ എങ്ങനെയാണ് ഞങൾ നിയന്ത്രിക്കുക?? ” -മറ്റൊരു പൊലീസുകാരൻ കൂട്ടിച്ചേർത്തു.
തെലിനിപാറയുടെ ഉൾഭാഗങ്ങളിലേക്ക് പോകുന്തോറും അക്രമത്തിന്റെ അടയാളങ്ങൾ കൂടുതൽ കാണാനുണ്ടായിരുന്നു. എല്ലാം നശിച്ച ഇവിടുത്തെ ചെറിയ ചെറിയ വീടുകളിൽ താമസിക്കുന്നവർക്ക് മുന്നിൽ ഭാവി ജീവിതം ചോദ്യചിഹ്നമാണ്.
രണ്ട് സമുദായങ്ങൾക്കിടയിൽ മുമ്പും അസ്വരസ്യങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും ഇത്തവണ അത് ഭയങ്കരമായിരുന്നുവെന്ന് ബിശ്വനാഥ് സിക്ദാർ എന്ന പ്രദേശവാസി പറഞ്ഞു. രണ്ട് സമുദായങ്ങളും ഇപ്പോൾ ഭയത്തോടെയാണ് ജീവിക്കുന്നത് -അദ്ദേഹം കൂട്ടിച്ചേർത്തു.
‘അക്രമികൾ അക്കരെ നിന്ന് നദി കടന്നു വന്നു’
ഹൂഗ്ലിയുടെ തീരത്താണ് ഗോണ്ടൽപാറ മിൽ സ്ഥിതിചെയ്യുന്നത്. എതിർവശത്ത് ബരാക്പൂർ ജില്ലയിൽ വരുന്ന ജഗത്ദാൽ പ്രദേശമാണ്. ബിജെപി നേതാവ് അർജുൻ സിങ്ങാണ് ബരാക്പൂർ മണ്ഡലത്തിലെ എം.പി. സിങ്ങിന്റെ ആളുകൾ ചെറിയ ബോട്ടുകളിൽ തെലിനിപാറയിലേക്ക് വന്നതായി പ്രദേശവാസിയായ എം.ഡി. സലിം ആരോപിച്ചു.
ഫെറി ഘട്ട് സ്ട്രീറ്റിലെ പൊലീസ് സബ് ഇൻസ്പെക്ടർ എം.ഡി നിഹാലിന്റെ വീടും നശിപ്പിക്കപ്പെട്ടിട്ടുണ്ട്. അടുത്ത വീട്ടിൽ സിലിണ്ടർ പൊട്ടിച്ചതിനെ തുടർന്ന് ഇദ്ദേഹത്തിന്റെ വീടിന്റെ ചുമർ വിള്ളൽ വീണ നിലയിലാണ്. നോർത്ത് 24 പർഗാനാസ് ജില്ലയിൽ ജോലി ചെയ്യുന്ന നിഹാൽ വീടുപൂട്ടി കുടുംബസമേതം അവിടെയാണ് താമസം.
ഈ പ്രദേശത്തുതന്നെയുള്ള വീടും കത്തി നശിച്ച സുൽഫിക്കർ അൻസാരിയെയും ഞങ്ങൾ കണ്ടുമുട്ടി. ആക്രമണം നടക്കുമ്പോൾ അദ്ദേഹത്തിന്റെ അയൽവാസിയായ പ്രാദേശിക കൗൺസിലർ പോലും ഇടപെട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. “അവർ എന്റെ വൃദ്ധനായ പിതാവിനെ അടിച്ചു. കൂപ്പുകൈയോടെ അപേക്ഷിച്ചിട്ടും അവർ കേട്ടില്ല. ജോലി നഷ്ടപ്പെട്ടശേഷം എന്റെ ഏക വരുമാന മാർഗ്ഗമായ പശുവിനെയും അവർ കൊണ്ടുപോയി’ സുൽഫിക്കർ അൻസാരി പറഞ്ഞു.
കോൺഗ്രസ് അംഗമായ ചിത്ര ചൗധരിയും ഭർത്താവുമാണ് 25 വർഷത്തിലേറെയായി തുടർച്ചയായി വാർഡ് കൗൺസിലർ. അയൽവാസികളെ ആക്രമിക്കുമ്പോൾ എന്തുകൊണ്ടാണ് സഹായിക്കാതിരുന്നതെന്ന് ചിത്ര ചൗധരിയോട് ചോദിച്ചപ്പോൾ മറുപടി ഇപ്രകാരമായിരുന്നു: “ആ സമയത്ത് എന്റെ മകൻ എന്നോടൊപ്പം ഉണ്ടായിരുന്നു. ഞാൻ എന്നെയും മകനെയും രക്ഷിക്കുകയാണോ വേണ്ടത്, അതോ മറ്റുള്ളവരെ രക്ഷിക്കാൻ പോകുകയോ? രണ്ട് സംഘവും ബോംബുകൾ എറിയുമ്പോൾ ഞാൻ അതിനിടയിൽ നിൽക്കണമെന്നാണോ പറയുന്നത്”.
തെരഞ്ഞെടുക്കപ്പെട്ട ഒരു പ്രതിനിധി എന്ന നിലയിൽ ഇരകളെ സന്ദർശിക്കേണ്ടത് കടമയല്ലേ എന്ന് ഞങ്ങൾ ചോദിച്ചപ്പോൾ “എനിക്ക് എന്തെങ്കിലും ചെയ്യാൻ കഴിവുണ്ടോ, പിന്നെ എന്തിനാണ് ഞാൻ ഇരകളുമായി കൂടിക്കാഴ്ചയ്ക്ക് പോകുന്നത്? ” എന്നായിരുന്നു മറുപടി.
ഒരു രാഷ്ട്രീയക്കാരൻ പോലും അവരെ സന്ദർശിച്ചിട്ടില്ലെന്ന് നാട്ടുകാർ പറഞ്ഞു. ചന്ദനഗർ എം.എൽ.എയും തൃണമൂൽ കോൺഗ്രസ് നേതാവുമായ ഇന്ദ്രനിൽ സെൻ, തന്റെ മണ്ഡലം സന്ദർശിക്കാറേ ഇല്ലെന്ന് പലരും ആരോപിക്കുന്നു. സംസ്ഥാന വിവര, സാംസ്കാരിക സഹമന്ത്രി കൂടിയായ സെൻ തിരഞ്ഞെടുപ്പ് സമയത്ത് മാത്രമേ സജീവമാകൂ എന്നും അവർ പറഞ്ഞു.
‘മേയ് 10 ന് നടന്ന സംഘർഷം സ്വാഭാവികമായി ഉടലെടുത്തതാണെന്നാണ് നിഗമനം. എന്നാൽ, 12ന് മുൻകൂട്ടി ആസൂത്രണം ചെയ്ത അക്രമണമാണ് അരങ്ങേറിയത്’ -ചന്ദനഗർ പൊലീസ് കമ്മീഷണർ ഹുമയൂൺ കബീർ പറഞ്ഞു. 24 മണിക്കൂറിനുള്ളിൽ 91 പേരെ അറസ്റ്റ് ചെയ്തു. അവരെ കോടതി 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. അടുത്ത ദിവസം 35 ഓളം പേരെയും അറസ്റ്റ് ചെയ്തു -കമ്മീഷണർ പറഞ്ഞു.
നുണപ്രചരണം സജീവം
മുസ്ലിംകൾക്കെതിരെ നടന്ന ഏകപക്ഷീയ അക്രമണത്തെക്കുറിച്ച് സംഘ്പരിവാർ കേന്ദ്രങ്ങൾ നേരെ തിരിച്ചാണ് പ്രചരിപ്പിക്കുന്നത്. ഹൂഗ്ലിയിലെ ബി.ജെ.പി എം.പി ലോക്കറ്റ് ചാറ്റർജി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വിഡിയോ ഉദാഹരണം. ‘തെലിനിപാറ കത്തുന്നു. ഹിന്ദു വീടുകൾ തീയിട്ടു നശിപ്പിക്കുകയാണ്. സഹായം തേടി പ്രദേശവാസികളിൽ നിന്ന് എനിക്ക് ധാരാളം കോൾ വരുന്നുണ്ട്. ഇത് ഏകപക്ഷീയമായ യുദ്ധമാണ്. സംസ്ഥാന ഭരണകൂടം നിശബ്ദ കാഴ്ചക്കാരനാണ്’’ എന്നായിരുന്നു ഇതിന്റെ കൂടെയുള്ള വിശദീകരണം. ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറിയും പശ്ചിമ ബംഗാളിലെ പാർട്ടിയുടെ കേന്ദ്ര നിരീക്ഷകനുമായ കൈലാഷ് വിജയവർഗിയയും മെയ് 12ന് ഉച്ചയ്ക്ക് ചാറ്റർജിയുടെ വീഡിയോ ട്വീറ്റ് ചെയ്തിട്ടുണ്ട്.
തെലിനിപാറയിൽ ഹിന്ദുക്കൾ അപകടത്തിലാണെന്ന് സമാനമായ നുണപ്രചരണം സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിപ്പിച്ചു. മേയ് 12 ന് തന്നെ “2020 ടെലിനിപാറ ഹിന്ദു വിരുദ്ധ പദ്ധതി” എന്ന തലക്കെട്ടിൽ വിക്കിന്യൂസിൽ പേജ് സൃഷ്ടിച്ചു.
ബംഗാളിലെ ഏറ്റവും പ്രചാരമുള്ള പത്രമായ ആനന്ദബസാർ പത്രികയുടെ പേരിൽ വ്യാജ വെബ്സൈറ്റ് സൃഷ്ടിച്ചും നുണവാർത്തകൾ പ്രചരിപ്പിച്ചു. തെലിനിപാറ സംഭവത്തെക്കുറിച്ച് തെറ്റായതും പ്രകോപനപരവുമായ വാർത്തകളാണ് ഈ വെബ്സൈറ്റ് പടച്ചുവിട്ടത്.
പാകിസ്താനിൽ നടന്ന അക്രമത്തിന്റെ ചിത്രങ്ങൾ തെലിനിപാറയിലേതെന്ന പേരിൽ വ്യാപകമായി പ്രചരിച്ചതായും ഇന്ത്യാ ടുഡേ വസ്തുതാ പരിശോധന സംഘം കണ്ടെത്തി. ട്വിറ്റർ, ഫേസ്ബുക്ക് ഉപയോക്താക്കളും ഈ വ്യാജ ചിത്രങ്ങൾ പങ്കിട്ടു.
(തെലിനിപാറയിൽ മൂന്ന് മണിക്കൂറിലധികം ചെലവഴിച്ചാണ് ഞങ്ങൾ വസ്തുതാന്വേഷണ റിപ്പോർട്ട് തയാറാക്കിയത്. വിവിധ സമുദായങ്ങളിൽ നിന്നുള്ള നിരവധി പേരുമായി സംസാരിച്ചു. മുസ്‌ലിം പ്രദേശങ്ങളിലാണ് ഏറിയ നാശനഷ്ടവും കണ്ടെത്തിയത്. രാജ ബസാറിലെ ഹിന്ദു കുടുംബങ്ങളിലുള്ള ചില വീടുകൾക്ക് ഭാഗികമായി കേടുപാടുകൾ സംഭവിച്ചതായും കണ്ടെത്തി. ആസൂത്രിതമായി തെരഞ്ഞുപിടിച്ചാണ് അക്രമണം അരങ്ങേറിയത്. പ്രദേശം പരിചയമുള്ള നാട്ടുകാരുടെ സഹായത്തോടെ പുറത്തുനിന്ന് വന്നവരാണ് ആക്രമണം നടത്തിയതെന്ന് നാട്ടുകാർ ആരോപിക്കുന്നു)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.