ക്ഷേത്രം ജീവനക്കാരനെ ഊട്ടുപുരയിൽ മദ്യപിച്ച നിലയിൽ കണ്ട സംഭവം: ഹൈകോടതി കേസെടുത്തു
text_fieldsകൊച്ചി: എറണാകുളം ശിവക്ഷേത്രം ജീവനക്കാരനെ ഊട്ടുപുരയിൽ മദ്യപിച്ച നിലയിൽ കണ്ട സംഭവത്തിൽ ഹൈകോടതി സ്വമേധയ കേസെടുത്തു. ക്ഷേത്രത്തിലെ കൗണ്ടർ അസിസ്റ്റന്റ് ഷാനു എം. മോഹനെ ആഗസ്റ്റ് 19ന് എറണാകുളത്തപ്പൻ ഹാളിന് മുകളിലെ മുറിയിൽ മദ്യപിച്ച നിലയിൽ കണ്ടെത്തിയത് സംബന്ധിച്ച മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് പി. ജി. അജിത്കുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് കേസെടുത്തത്. ഇയാളെ ദേവസ്വം കമീഷണർ 21ന് സസ്പെൻഡ് ചെയ്തിരുന്നു.
ദേവസ്വം ഓഫിസറും ഷാനുവുമടക്കം നാല് ജീവനക്കാർ ഊട്ടുപുരയുടെ മുകളിലെ മുറികളിലാണ് താമസിക്കുന്നത്. ഊട്ടുപുരയുടെ മുകളിലെ രണ്ട് മുറികളും വിവാഹ പാർട്ടികൾക്ക് ഉപയോഗിക്കാനുള്ളതാണ്. ജീവനക്കാരൻ മദ്യപിച്ച് ലക്കുകെട്ട് നടക്കുന്നത് വിവാഹ പാർട്ടിക്കാരുടെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് വിവരം പുറത്തറിയുന്നത്. ജീവനക്കാർ മദ്യപിച്ച് എത്തുന്ന സംഭവങ്ങൾ മുമ്പും ഉണ്ടായിട്ടുണ്ടെന്നും ശാസന, ഇൻക്രിമെന്റ് പിടിച്ചുവെക്കൽ, സസ്പെൻഷൻ കാലം സർവിസ് ബ്രേക്കായി കണക്കാക്കൽ തുടങ്ങിയ ശിക്ഷ നൽകി തിരികെ സർവിസിൽ പ്രവേശിപ്പിക്കാറുണ്ടെന്നും കൊച്ചിൻ ദേവസ്വം ബോർഡ് കോടതിയെ അറിയിച്ചു. ക്ഷേത്രോത്സവത്തിന് മദ്യപിച്ച് എത്തിയതിന് വളഞ്ഞമ്പലം ക്ഷേത്രം സംബന്ധി ദിലീപ്കുമാറിനെ ഫെബ്രുവരിയിൽ സസ്പെൻഡ് ചെയ്തിരുന്നു. ക്ഷേത്ര ജീവനക്കാർ മദ്യപിച്ചെത്തുന്ന സംഭവങ്ങൾ ബോർഡ് ലാഘവത്തോടെയാണ് കാണുന്നതെന്ന് കോടതി അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.