സ്വർണം നഷ്ടമായതിന് തെളിവുണ്ടെങ്കിൽ ശങ്കരാചാര്യർ കോടതിയിൽ പോകട്ടെ -കേദാർനാഥ് ക്ഷേത്ര കമ്മിറ്റി
text_fieldsഡെറാഡൂൺ: ഉത്തരാഖണ്ഡ് ജ്യോതിർമഠത്തിലെ ശങ്കരാചാര്യർ സ്വാമി അവിമുക്തേശ്വരാനന്ദ് സരസ്വതിയുടെ ആരോപണങ്ങൾക്ക് മറുപടിയുമായി ബദരിനാഥ്-കേദാർനാഥ് ക്ഷേത്ര കമ്മിറ്റി ചെയർമാൻ അജേന്ദ്ര അജയ്. കേദാർനാഥ് ക്ഷേത്രത്തിൽ സ്വർണം കാണാതായതുമായി ബന്ധപ്പെട്ട് സ്വാമി അവിമുക്തേശ്വരാനന്ദ് നടത്തിയ പ്രസ്താവന വളരെ ദൗർഭാഗ്യകരമാണ്, വസ്തുതകൾ പുറത്തുകൊണ്ടുവരാൻ അദ്ദേഹത്തോട് അഭ്യർത്ഥിക്കാനും വെല്ലുവിളിക്കാനും താൻ ആഗ്രഹിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഇതുമായി ബന്ധപ്പെട്ട് പ്രതികരണങ്ങൾ നടത്തുന്നതിന് പകരം പൊലീസിൽ പരാതി നൽകി അന്വേഷണം ആവശ്യപ്പെടുകയാണ് വേണ്ടത്. അന്വേഷണത്തിൽ വിശ്വാസമില്ലെങ്കിൽ നേരിട്ട് സുപ്രീംകോടതിയിൽ ഹരജി സമർപ്പിക്കാമെന്നും അവിടെ തെളിവുകൾ നൽകാവുന്നതാണെന്നും അജേന്ദ്ര അജയ് പറഞ്ഞു.
കേദാർനാഥ് ക്ഷേത്രത്തിന്റെ പരിശുദ്ധി കളങ്കപ്പെടുത്താൻ അവിമുക്തേശ്വരാനന്ദിന് അവകാശമില്ല. രാഷ്ട്രീയ അജണ്ട വെച്ചാണ് അവിമുക്തേശ്വരാനന്ദ് പെരുമാറുന്നത്. ഇത് ദൗർഭാഗ്യകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേദാർനാഥ് ക്ഷേത്രത്തിൽനിന്ന് 228 കിലോ സ്വർണം കാണാതായെന്ന ആരോപണം സ്വാമി അവിമുക്തേശ്വരാനന്ദ് സരസ്വതി ഉന്നയിച്ചിരുന്നു. ഒരു അന്വേഷണവും ഇതുവരെ തുടങ്ങിയിട്ടില്ല. ആരാണ് ഇതിന് ഉത്തരവാദി. ഇപ്പോൾ അവർ പറയുന്നു, ഡൽഹിയിൽ മറ്റൊരു കേദാർനാഥ് പണിയുകയാണ്. ഇതൊരിക്കലും നടക്കില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.