കർണാടകയിൽ ക്ഷേത്രങ്ങളെ സർക്കാർ നിയന്ത്രണത്തിൽനിന്ന് ഒഴിവാക്കുന്നു
text_fieldsബംഗളൂരു: കർണാടകയിലെ ക്ഷേത്രങ്ങളെ സർക്കാർ നിയന്ത്രണങ്ങളിൽ നിന്ന് പൂർണമായി ഒഴിവാക്കാൻ ബി.ജെ.പി സർക്കാർ നിയമം കൊണ്ടുവരുന്നു. അടുത്ത ബജറ്റ് സെഷന് മുമ്പ് ഇതുസംബന്ധിച്ച നിയമത്തിന് രൂപം നൽകുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ അറിയിച്ചു.
ക്ഷേത്രങ്ങളെ സർക്കാർ നിയന്ത്രണത്തിൽനിന്ന് ഒഴിവാക്കണമെന്നത് സംഘ്പരിവാറിെൻറ ദീർഘനാളത്തെ ആവശ്യമാണ്. ഡിസംബറിൽ ശൈത്യകാല നിയമസഭ സമ്മേളനത്തിൽ മതപരിവർത്തന നിരോധന ബിൽ (കർണാടക മത സ്വാതന്ത്ര്യ അവകാശ സംരക്ഷണ ബിൽ -2021) ബൊമ്മൈ സർക്കാർ പാസാക്കിയിരുന്നു. 2023ലെ നിയമസഭ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ബി.ജെ.പി സർക്കാർ നടപ്പാക്കുന്ന ഹിന്ദുത്വ പ്രീണന നയങ്ങളുടെ തുടർച്ചയായാണ് ക്ഷേത്രഭരണം സംഘ്പരിവാറിനായി കൈമാറുന്നത്.
ബി.ജെ.പി സർക്കാറിെൻറ നീക്കം ചരിത്രപരമായ വിഡ്ഢിത്തമാണെന്ന് പ്രതിപക്ഷമായ കോൺഗ്രസ് കുറ്റപ്പെടുത്തി. മുസ്റെ (ക്ഷേത്ര ഭരണ വകുപ്പ്) വകുപ്പും ക്ഷേത്രങ്ങളും എങ്ങനെ നാട്ടുകാരുടെ ഭരണത്തിന് നൽകുമെന്നും എന്തു രാഷ്ട്രീയ നിലപാടിെൻറ അടിസ്ഥാനത്തിലാണ് ബി.ജെ.പി ഇതിന് തുനിയുന്നതെന്നും കെ.പി.സി.സി അധ്യക്ഷൻ ഡി.കെ. ശിവകുമാർ ചോദിച്ചു.
കർണാടകയിൽ മുസ്റെ വകുപ്പിന് കീഴിൽ 34,563 ക്ഷേത്രങ്ങളാണുള്ളത്. കൊല്ലൂർ മൂകാംബിക ക്ഷേത്രം, ഉഡുപ്പി ക്ഷേത്രം, ദക്ഷിണ കന്നടയിലെ കുക്കെ സുബ്രഹ്മണ്യ ക്ഷേത്രം, ബംഗളൂരുവിലെ ബനശങ്കരി ക്ഷേത്രം തുടങ്ങിയവ മുസ്റെ വകുപ്പിന് കീഴിലാണ്. 25 ലക്ഷത്തിലേറെ വാർഷിക വരുമാനമുള്ള 205 ക്ഷേത്രങ്ങൾ എ കാറ്റഗറിയിലും അഞ്ചു ലക്ഷം മുതൽ 25 ലക്ഷം വരെ വാർഷിക വരുമാനമുള്ള 139 ക്ഷേത്രങ്ങൾ ബി കാറ്റഗറിയിലും ബാക്കിയുള്ള 34,219 ക്ഷേത്രങ്ങൾ സി കാറ്റഗറിയിലുമാണുളളത്. ക്ഷേത്രങ്ങൾക്ക് സർക്കാറിൽനിന്ന് പൂർണ സ്വാതന്ത്ര്യം ലഭിക്കുന്നതോടെ ഇവ സംഘ്പരിവാർ നിയന്ത്രണത്തിലാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.