ക്ഷേത്രത്തിലെ സ്വർണരഥത്തിൽ കറുപ്പ് പടർന്നു, നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവ്
text_fieldsചെന്നൈ: 10 വർഷത്തേക്ക് നിറം മങ്ങില്ലെന്ന ഗ്യാരന്റിയിൽ സ്വർണംപൂശിയ ക്ഷേത്രത്തിലെ സ്വർണരഥത്തിൽ ഒരുവർഷത്തിനകം തന്നെ കറുപ്പ് പടർന്ന സംഭവത്തിൽ കോടതി ഇടപെടൽ. അപാകതകൾ പരിഹരിക്കാനും 55,000 നഷ്ടപരിഹാരം നൽകാനുമാണ് ഉപഭോക്തൃ കോടതി ഉത്തരവിട്ടത്.
ബസന്ത് നഗറിലെ ശ്രീ വരസിദ്ധി വിനായകർ ക്ഷേത്രത്തിലെ രഥം സ്വർണംപൂശിയ അമ്പത്തൂർ ആസ്ഥാനമായ സ്മാർട്ട് ക്രിയേഷൻസ് എന്ന സ്ഥാപനത്തിനെതിരെയാണ് വിധി. നാനോ ടെക് ഗോൾഡ് ഡെപ്പോസിഷൻ (എൻടിജിഡി) സാങ്കേതികവിദ്യയിൽ 24 കാരറ്റ് സ്വർണം ഉപയോഗിച്ച് ചെയ്യാനായിരുന്നു കരാർ. പ്രതിഫലമായി 5 ലക്ഷം രൂപയാണ് സ്ഥാപന ഉടമ പങ്കജ് ഭണ്ഡാരി നിശ്ചയിച്ചത്. പ്രതികൂല കാലാവസ്ഥയിലും കേടുവരില്ലെന്നായിരുന്നു വാഗ്ദാനം. 2011ൽ ക്ഷേത്രഭരണം 3 ലക്ഷം അഡ്വാൻസ് നൽകുകയും 317 ഗ്രാം സ്വർണം കൈമാറുകയും ചെയ്തു.
എന്നാൽ, ഒരു വർഷം പിന്നിട്ടപ്പോൾ തന്നെ പലയിടത്തും നിറവ്യത്യാസവും കറുത്ത കുത്തുകളും പ്രത്യക്ഷപ്പെട്ടു. ഇക്കാര്യം ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും അപാകതകൾ പരിഹരിക്കാൻ സ്മാർട്ട് ക്രിയേഷൻസ് നടപടികളൊന്നും സ്വീകരിച്ചില്ലെന്ന് ചെന്നൈ (സൗത്ത്) ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷനിൽ സമർപ്പിച്ച നിവേദനത്തിൽ ക്ഷേത്രഭരണസമിതി അറിയിച്ചു.
അതേസമയം, ക്ഷേത്രം ജീവനക്കാർ രഥം അലസമായി കൈകാര്യം ചെയ്തതിനാലാണ് നിറവ്യത്യാസം വന്നതെന്ന് കമ്പനി ആരോപിച്ചു. ‘പരാതിയെത്തുടർന്ന് രഥം പരിശോധിക്കാൻ മുംബൈ ആസ്ഥാനമായുള്ള പ്ലേറ്റിംഗ് പ്രോഡക്‌ട്‌സ് ട്രേഡിങ്ങ് എന്ന കമ്പനിയെ ഏർപ്പാടാക്കിയിരുന്നു. ക്ഷേത്ര പുരോഹിതന്മാരും മറ്റും ലോഹ ഗോവണികളടക്കം ഉപയോഗിച്ച് രഥത്തിൽ കയറുമ്പോഴാണ് കോട്ടിങ് അടർന്നത്. എങ്കിലും ക്ഷേത്രത്തോടുള്ള സേവനമനസ്കത മുൻനിർത്തി വെള്ളി പൂശാമെന്ന് അറിയിച്ചിരുന്നു -സ്മാർട്ട് ക്രിയേഷൻസ് പറഞ്ഞു. ഇരുവശവും കേട്ട ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ, 55000 നഷ്ടപരിഹാരം നൽകാനും സ്വർണം പൂശിയത് ശരിയാക്കാനും ഉത്തരവിട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.