കർണാടകയിലെ ക്ഷേത്രങ്ങൾക്ക് ഏറ്റവുമധികം പണം ലഭിച്ചത് കഴിഞ്ഞ അഞ്ച് വർഷത്തിനിടെ
text_fieldsബംഗളൂരു: കർണാടകയിലെ ക്ഷേത്രങ്ങൾക്ക് ഏറ്റവും കൂടുതൽ ഫണ്ട് ലഭിച്ചത് കഴിഞ്ഞ അഞ്ച് വർഷത്തിനിടെയെന്ന് കണക്കുകൾ. സംസ്ഥാനത്തെ 34,563 ക്ഷേത്രങ്ങൾക്ക് എൻഡോവ്മെൻറ് വകുപ്പിന് കീഴിൽ നൽകിയ ഗ്രാൻഡിന്‍റെ കണക്കുകൾ പ്രകാരം 465 കോടി രൂപയാണ് ബി.ജെ.പി സർക്കാർ 2020-21 കാലയളവിൽ നീക്കിവെച്ചിട്ടുള്ളത്. കഴിഞ്ഞ അഞ്ചു വർഷത്തിനിടെയുള്ള ഏറ്റവും ഉയർന്ന കണക്കാണിത്.
ക്ഷേത്രങ്ങൾ ഹിന്ദു മത സ്ഥാപനങ്ങൾക്കോ ചാരിറ്റബിൾ എൻഡോവ്മനെൻറ് നിയമങ്ങൾക്ക് കീഴിലോ സാമ്പത്തിക നിയന്ത്രണങ്ങൾക്ക് വിധേയപ്പടേണ്ടവയല്ലെന്നും ഇവയുടെ സ്വതന്ത്ര നടത്തിപ്പിനായി നിയമം കൊണ്ടുവരുമെന്ന മുഖ്യമന്ത്രി ബസവരാജ ബൊമ്മയുടെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് കണക്കുകൾ പുറത്തുവന്നത്. അടുത്തിടെ നടന്ന ബി.ജെ.പി സംസ്ഥാന നിർവാഹക സമിതി യോഗത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം.
സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാർ 2017-18ൽ 447 കോടിയും 2018-19ൽ കോൺഗ്രസ്-ജെ.ഡി.എസ് സഖ്യകക്ഷി സർക്കാർ 248 കോടിയും ബി.എസ് യെദ്യൂരപ്പയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സർക്കാർ 294 രൂപയും അനുവദിച്ചതായി കണക്കുകൾ വ്യക്തമാക്കുന്നു.
അതേസമയം, ക്ഷേത്രങ്ങളെ സംസ്ഥാന നിയന്ത്രണത്തിൽനിന്ന് മോചിപ്പിക്കാനുള്ള ബി.ജെ.പി സർക്കാറിന്‍റെ നിർദേശത്തെ ബി.ജെ.പിയിലെ ഒരു വിഭാഗത്തിന്‍റെ മാത്രം സ്വകാര്യ അജണ്ടയാണെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസ് രംഗത്തുവന്നിട്ടുണ്ട്. ക്ഷേത്രങ്ങൾ വഴി പിരിച്ചെടുക്കുന്ന ഫണ്ട് മറ്റ് മതസ്ഥാപനങ്ങളുടെ പരിപാലനത്തിന് വിനിയോഗിക്കുന്നുവെന്ന് ബി.ജെ.പി വ്യാജ പ്രചരണം നടത്തുകയാണെന്നും മുൻ കോൺഗ്രസ് മുഖ്യമന്ത്രി സിദ്ധരാമയ്യ ആരോപിച്ചു.
കർണാടകയിലെ കോൺഗ്രസ് നേതാക്കൾ മുഗൾ രാജാവായ ഔറംഗസേബിന്‍റെയും ബ്രിട്ടീഷുകാരുടെയും പാത പിന്തുടരുകയാണെന്ന് ബി.ജെ.പി ജനറൽ സെക്രട്ടറി സി.ടി. രവി ആരോപിച്ചു. ഭക്തർ ക്ഷേത്രങ്ങൾക്ക് സംഭാവന നൽകുന്ന ഫണ്ട് ക്ഷേത്രങ്ങളുടെ വികസനത്തിനും സാമൂഹിക ആവശ്യങ്ങൾക്കും ഉപയോഗിക്കണമെന്നും ക്ഷേത്രങ്ങൾ സ്വതന്ത്രമാക്കാൻ ഉചിതമായ തീരുമാനമാണ് മുഖ്യമന്ത്രി സ്വീകരിച്ചിരിക്കുന്നതെന്നും സി.ടി. രവി പറഞ്ഞു.
കഴിഞ്ഞ മാസം സംസ്ഥാന നിയമസഭയിൽ എൻഡോവ്മന്‍റെ് വകുപ്പ് നൽകിയ കണക്കുകൾ പ്രകാരം, ബി.ജെ.പി സർക്കാർ കഴിഞ്ഞ വർഷം ക്ഷേത്രങ്ങൾക്ക് നൽകിയ തുകയിൽ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ പ്രത്യേകമായി അനുവദിച്ചത് 125 കോടി രൂപയാണ്. സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാർ 42 കോടി രൂപയാണ് 2017-18ൽ അനുവദിച്ചത്. 2020-21 കാലയളവിൽ സംസ്ഥാനത്തെ വിവിധ മഠങ്ങൾക്കായി ബി.ജെ.പി സർക്കാർ 127 കോടി രൂപയുടെ ധനസഹായം നൽകിയതായി കണക്കുകൾ വ്യക്തമാക്കുന്നു.
കർണാടക ഹിന്ദു റിലീജിയസ് ഇൻസ്റ്റിറ്റ്യൂഷൻസ് ആൻഡ് ചാരിറ്റബിൾ എൻഡോവ്‌മെന്റ് ആക്‌ട് 1997 പ്രകാരം, ക്ഷേത്രങ്ങളിൽനിന്ന് ശേഖരിക്കുന്ന ഫണ്ട് മൊത്ത വരുമാനം 10 ലക്ഷം രൂപയിൽ കൂടുതലുള്ള ക്ഷേത്രങ്ങളുടെ ആകെ വരവിന്‍റെ 10 ശതമാനം എന്ന നിരക്കിലും അഞ്ച് ലക്ഷം മുതൽ 10 ലക്ഷം രൂപ വരെ വരുമാനമുള്ള സ്ഥാപനങ്ങളുടെ അഞ്ച് ശതമാനം എന്ന നിരക്കിലുമാണ് കണക്കാക്കുന്നത്. സർക്കാർ കണക്കുകൾ പ്രകാരം സംസ്ഥാനത്തെ 205 ക്ഷേത്രങ്ങൾ പ്രതിവർഷം 25 ലക്ഷം രൂപ വരെയും 139 ക്ഷേത്രങ്ങൾ 10 ലക്ഷം രൂപ വരെയും 34,219 ക്ഷേത്രങ്ങൾക്ക് പ്രതിവർഷം അഞ്ച് ലക്ഷം രൂപയിൽ താഴെയുമാണ് വരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.