ഉത്തരാഖണ്ഡിൽ താൽക്കാലിക പാലം തകർന്ന് രണ്ടുപേർ ഒഴുകിപ്പോയി; 14 പേർ കുടുങ്ങിക്കിടക്കുന്നു
text_fieldsഡെറാഡൂൺ: ഉത്തരാഖണ്ഡിൽ താൽക്കാലിക പാലം തകർന്ന് രണ്ടുപേർ ഒഴുകിപ്പോയി. തീർഥാടന കേന്ദ്രമായ ഗംഗോത്രിക്ക് ഒമ്പത് കിലോ മീറ്റർ മുമ്പ് ദേവ്ഗഡിലാണ് സംഭവം. അപ്രതീക്ഷിതമായി നദിയിലെ ഒഴുക്ക് കൂടിയതാണ് പാലം തകരാനുള്ള കാരണമെന്നാണ് അധികൃതർ വിശദീകരിക്കുന്നത്. ഗംഗോത്രിയിലേക്കുള്ള തീർഥാടകരാണ് അപകടത്തിൽപ്പെട്ടത്.
അപകടമുണ്ടായ ഉടൻ സംസ്ഥാന ദുരന്തനിവാരണസേന സംഭവസ്ഥലത്തെത്തി കുടുങ്ങി കിടക്കുകയായിരുന്ന 16ഓളം ആളുകളെ രക്ഷപ്പെടുത്തി. രക്ഷാപ്രവർത്തനം ഇപ്പോഴും തുടരുകയാണെന്ന് ദുരന്തനിവാരണസേന അറിയിച്ചു. 14 പേർ ഇപ്പോഴും സംഭവസ്ഥലത്ത് കുടുങ്ങി കിടക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.
വ്യാഴാഴ്ച ഡെറാഡൂണിലെ റോബേഴ്സ് കേവിന് സമീപത്തെ ദ്വീപിൽ കുടുങ്ങിയ പത്ത് യുവാക്കളെ ദുരന്തനിവാരണസേന രക്ഷപ്പെടുത്തിയിരുന്നു. സിറ്റി കൺട്രോൾ റൂമിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇൻസ്പെക്ടർ ലക്ഷ്മി റാവത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ദ്വീപിൽ നിന്നും സാഹസികമായി യുവാക്കളെ രക്ഷപ്പെടുത്തിയത്.
കഴിഞ്ഞയാഴ്ച ഉത്തരാഖണ്ഡിലെ ഹരിദ്വാറിലുണ്ടായ കനത്ത മഴയിൽ ഗംഗയിലെ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് നിരവധി വാഹനങ്ങൾ ഒഴുകിപോയിരുന്നു. ദുരന്തമുണ്ടാകാനുള്ള സാധ്യത മുൻനിർത്തി കനത്ത മഴയുള്ള സാഹചര്യത്തിൽ ഗംഗയിൽ ഇറങ്ങുന്നത് ഒഴിവാക്കണമെന്ന് ആളുകൾക്ക് ഭരണകൂടം നിർദേശം നൽകുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.