മഹാരാഷ്ട്രയിലെ ആശുപത്രിയിൽ തീപിടിത്തം; 10 നവജാത ശിശുക്കൾ മരിച്ചു
text_fieldsമുംബൈ: മഹാരാഷ്ട്രയിലെ ഭണ്ഡാരയിലെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ 10 നവജാത ശിശുക്കൾ മരിച്ചു. ജില്ലാ ജനറൽ ആശുപത്രിയിലെ എസ്.എൻ.സി.യു (സിക് ന്യൂബോൺ കെയർ യൂനിറ്റ്)വിലുണ്ടായ തീപിടിത്തമാണ് ദുരന്തത്തിന് വഴിവെച്ചത്. ഏഴു കുട്ടികളെ രക്ഷപ്പെടുത്തിയതായും റിപ്പോർട്ട്.
പുലർച്ചെ രണ്ട് മണിയോടെയായിരുന്നു അപകടം. ഒരു ദിവസം മുതൽ മൂന്നു മാസം വരെ പ്രായമുള്ള 17 കുട്ടികളാണ് എസ്.എൻ.സി.യുവിൽ ഉണ്ടായിരുന്നത്. എസ്.എൻ.സി.യുവിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട നഴ്സുമാരാണ് രക്ഷാപ്രവർത്തനം ആരംഭിച്ചതെന്ന് സിവിൽ സർജൻ ഡോ. പ്രമോദ് ഖണ്ഡാതെ അറിയിച്ചു.
സ്ഥലത്തെത്തിയ അഗ്നിശമനസേന സംഘം രക്ഷാപ്രവർത്തനം ഊർജിതമാക്കി. അപകട കാരണം ഷോർട്ട് സർക്യൂട്ട് ആണെന്നാണ് പ്രാഥമിക നിഗമനം. മുംബൈയിൽ നിന്ന് 900 കിലോമീറ്റർ അകലെയാണ് ഭണ്ഡാര സ്ഥിതി ചെയ്യുന്നത്.
നവജാത ശിശുക്കൾ മരിച്ച സംഭവത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി അനുശോചിച്ചു. നിർഭാഗ്യകരവും അങ്ങേയറ്റം ദാരുണവുമായ സംഭവമാണ്. പരിക്കേറ്റവരുടെയും മരിച്ചവരുടെയും കുടുംബങ്ങൾക്ക് സാധ്യമായ എല്ലാ സഹായങ്ങളും നൽകണമെന്ന് മഹാരാഷ്ട്ര സർക്കാറിനോട് അഭ്യർഥിക്കുന്നതായും രാഹുൽ ട്വീറ്റ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.