മൂന്ന് ദിവസത്തിനിടെ ദുരൂഹ സാഹചര്യത്തിൽ ചെരിഞ്ഞത് പത്ത് ആനകൾ; സംഭവം മധ്യപ്രദേശിൽ
text_fieldsഭോപ്പാൽ: മധ്യപ്രദേശിലെ ബാന്ധവ്ഗഡ് കടുവാ സങ്കേതത്തിൽ മൂന്ന് ദിവസത്തിനിടെ പത്ത് ആനകൾ ദുരൂഹ സാഹചര്യത്തിൽ ചെരിഞ്ഞു. ഇവയിൽ നിന്നും ശേഖരിച്ച സാമ്പിളുകൾ ഉത്തർപ്രദേശിലെ ഐ.സി.എആർ-ഇന്ത്യൻ വെറ്ററിനറി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലേക്കും സാഗറിലെ ഫോറൻസിക് ലബോറട്ടറിയിലേക്കും അയച്ചതായി അധികൃതർ അറിയിച്ചു.
കടുവാ സങ്കേതത്തിലെ ഖിതോലി റേഞ്ചിന് കീഴിലുള്ള സങ്കാനിയിലും ബകേലിയിലും ചൊവ്വാഴ്ച നാല് കാട്ടാനകളെ ചെരിഞ്ഞ നിലയിൽ കണ്ടെത്തിയിരുന്നു. സമാനമായ രീതിയിൽ ബുധനാഴ്ച നാല് ആനകളെയും വ്യാഴാഴ്ച രണ്ട് കാട്ടനകളെയും ചെരിഞ്ഞ നിലയിൽ കണ്ടെത്തി.
ആനകളുടെ ശരീരത്തിൽ വിഷാംശം ഉണ്ടോയെന്നും മരണകാരണം എന്താണെന്നും കണ്ടെത്താനായി സാമ്പിളുകൾ ജബൽപൂർ ആസ്ഥാനമായുള്ള സ്‌കൂൾ ഓഫ് വൈൽഡ് ലൈഫ് ഫോറൻസിക് ആൻഡ് ഹെൽത്തിലേയ്ക്ക് (എസ്.ഡബ്ല്യു.എഫ്.എച്ച്) അയച്ചിട്ടുണ്ടെന്ന് അഡീഷണൽ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് എൽ. കൃഷ്ണമൂർത്തി നേരത്തെ അറിയിച്ചിരുന്നു. റിപ്പോർട്ടുകൾ വന്നതിന് ശേഷം മാത്രമേ മരണ കാരണം വ്യക്തമാകൂവെന്നും കോഡോ മില്ലറ്റുകളാണ് മരണ കാരണമെന്ന് സംശയിക്കുന്നതായും മധ്യപ്രദേശ് പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് വി.കെ.എൻ അമ്പാഡെ വ്യക്തമാക്കി.
ആഫ്രിക്കയിൽ നിന്ന് ഉത്ഭവിച്ച് ആയിരക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് ഇന്ത്യയിൽ വളർത്തിയ ലോകത്തിലെ പുരാതന ധാന്യങ്ങളിലൊന്നാണ് കോഡോ മില്ലറ്റ് അല്ലെങ്കിൽ വരാഗു. ആനകൾ ചെരിഞ്ഞു കിടന്നയിടങ്ങളിൽ വരാഗു കൃഷി ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് ആറ് കർഷകരെ വനംവകുപ്പ് തിരിച്ചറിഞ്ഞിട്ടുണ്ടെന്നും വിളകളുടെ മേൽ കീടനാശിനി ഉപയോഗിച്ചിട്ടുണ്ടോ എന്ന കാര്യം അന്വേഷിച്ച് വരികയാണെന്നും അധികൃതർ പറഞ്ഞു. എസ്.ഐ.ടിയും പ്രത്യേക ടാസ്‌ക് ഫോഴ്‌സും ചേർന്നാണ് കേസ് അന്വേഷിക്കുന്നത്. പത്ത് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ എൽ. കൃഷ്ണമൂർത്തിയുടെ നേതൃത്വത്തിലുള്ള സമിതി അന്വേഷണ സംഘത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.