വിവാദ ബിൽ അവതരണത്തിനിടെ രാജ്യസഭയിൽ സംഘർഷാവസ്ഥ
text_fieldsന്യൂഡൽഹി: തെരഞ്ഞെടുപ്പ് കമീഷനെ പ്രധാനമന്ത്രിയുടെ നിയന്ത്രണത്തിലാക്കാൻ പൊടുന്നനെ കൊണ്ടുവന്ന ബിൽ രാജ്യസഭയിൽ സംഘർഷാവസ്ഥ സൃഷ്ടിച്ചു. സഭാചട്ടങ്ങൾക്ക് വിരുദ്ധമായ ബിൽ അവതരണത്തിനെതിരെ ക്രമപ്രശ്നം ഉന്നയിക്കാൻ കോൺഗ്രസ് നേതാവ് സുർജെവാലയെ അനുവദിക്കാതെ കേന്ദ്രമന്ത്രി അർജുൻ മേഘ്വാളിനെ അവതരണവുമായി മുന്നോട്ടുപോകാൻ അനുവദിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നടുത്തളത്തിലേക്ക് കുതിച്ചു.
മുതിർന്ന നേതാക്കൾ അടക്കമുള്ളവർ ചെയർമാന്റെ ഇരിപ്പിടത്തിലേക്ക് തള്ളിക്കയറാൻകൂടി ശ്രമിച്ചതോടെ സുരക്ഷ ഗാർഡുകൾ അണിനിരന്ന് പ്രതിപക്ഷത്തെ തങ്ങളുടെ വലയത്തിലാക്കി.
ഒരുഭാഗത്ത് റൂൾബുക്കുമായി ചെയറിലേക്ക് നീങ്ങിയ സുർജെവാലയെ സുരക്ഷ ഗാർഡുകൾ തടഞ്ഞത് മറികടക്കാൻ തൃണമൂലിന്റെ ഡെറിക് ഒബ്റേനും സി.പി.ഐയുടെ സന്തോഷ് കുമാറും ശ്രമം നടത്തി.
മറുഭാഗത്ത് നദീമുൽ ഹഖിന്റെ നേതൃത്വത്തിൽ തൃണമൂൽ എം.പിമാർ ചെയറിന്റെ പോഡിയത്തിൽ പിടിച്ചുകയറാൻ നോക്കി. ഇതിനിടയിൽ ബിൽ അവതരണത്തെ എതിർക്കാൻ സി.പി.എമ്മിന്റെ ജോൺ ബ്രിട്ടാസ് നോട്ടീസ് നൽകിയെന്നുപറഞ്ഞ ചെയർമാൻ ജഗ്ദീപ് ധൻഖർ അദ്ദേഹത്തെ സംസാരിക്കാൻ അനുവദിച്ചില്ല. അതോടെ, പ്രതിഷേധം ശക്തമാക്കിയ പ്രതിപക്ഷം ധൻഖറുടെ ഇരിപ്പിടത്തിലേക്ക് തള്ളിക്കയറാൻ വീണ്ടും നോക്കി. സുരക്ഷ ഗാർഡുകളും എം.പിമാരും തമ്മിലുള്ള ഉന്തുംതള്ളുമായി. വിവാദ ബിൽ അടക്കം മൂന്ന് ബില്ലുകളുടെ അവതരണം പൂർത്തിയാക്കി എന്നുറപ്പുവരുത്തി സഭ പിരിഞ്ഞതായി ചെയർമാൻ അറിയിച്ചു.
ബിൽ അവതരണം തടയണമെന്നാവശ്യപ്പെട്ട് ഉച്ചക്ക് രണ്ടുമണിക്കു മുമ്പെ താൻ നോട്ടീസ് നൽകിയിരുന്നുവെന്ന് ജോൺ ബ്രിട്ടാസ് പറഞ്ഞു. അത് സ്വീകരിച്ചതുകൊണ്ടാണ് ബിൽ അവതരണവേളയിൽ ചെയർമാൻ തന്റെ പേരു പറഞ്ഞത്. ചട്ടപ്രകാരം തന്നെ സംസാരിക്കാൻ വിളിക്കുന്നതിനു പകരം അവസരം നിഷേധിക്കുകയാണ് ചെയർമാൻ ചെയ്തതെന്ന് ബ്രിട്ടാസ് കുറ്റപ്പെടുത്തി.
സുപ്രീംകോടതി വിധി തള്ളിക്കളഞ്ഞ് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷനെ ‘മോദി തെരഞ്ഞെടുപ്പ് കമീഷനാ’ക്കാനുള്ള ബിൽ ആണ് കേന്ദ്ര സർക്കാർ കൊണ്ടുവന്നതെന്ന് പാർലമെന്റിനു പുറത്ത് മാധ്യമങ്ങളെ കണ്ട രൺദീപ് സുർജെവാല കുറ്റപ്പെടുത്തി.
മൂന്ന് എതിർപ്പുകളാണ് വിവാദ ബില്ലിൽ തങ്ങൾക്കുള്ളതെന്ന് സുർജെവാല പറഞ്ഞു. ഒന്ന്: സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടന ബെഞ്ചിന്റെ വിധി മറികടക്കാനുള്ളതാണ് ബിൽ.
രണ്ട്: ഈ ബിൽ നിയമമാകുന്നതോടെ കമീഷൻ നിഷ്പക്ഷമാകില്ല. മൂന്ന്: ജുഡീഷ്യറിയും ലെജിസ്ലേച്ചറും എക്സിക്യൂട്ടിവും അധികാരം പരസ്പരം കവരരുത് എന്ന ഭരണഘടനയുടെ അടിസ്ഥാനത്തിന് വിരുദ്ധം.
തള്ളിയത് സുപ്രീംകോടതിയുടെ മുന്നറിയിപ്പുകൾ
ന്യൂഡൽഹി: 2024ലെ പൊതുതെരഞ്ഞെടുപ്പ് ബി.ജെ.പിക്കും ‘ഇൻഡ്യ’ സഖ്യത്തിനും ജീവന്മരണ പോരാട്ടമാകുമെന്ന നിലയിലേക്ക് ദേശീയ രാഷ്ട്രീയം നീങ്ങുന്നതിനിടയിലാണ് തെരഞ്ഞെടുപ്പ് കമീഷൻ കൈപ്പിടിയിലാക്കാൻ സുപ്രീംകോടതിയുടെ മുന്നറിയിപ്പുകൾ തള്ളി കേന്ദ്ര സർക്കാർ ബില്ലുമായി പാർലമെന്റിലെത്തിയത്. രാജ്യത്തിന് സ്വതന്ത്ര തെരഞ്ഞെടുപ്പ് കമീഷനെ വേണമെന്ന സുപ്രീംകോടതി വിധിയുടെ ചൈതന്യത്തെ പരാജയപ്പെടുത്തുക മാത്രമല്ല, ഒരു ഭരണഘടന സ്ഥാപനത്തെ പൂർണമായും ഭരണകക്ഷിക്ക് വിധേയമാക്കുന്നതാണ് വിവാദ നിയമനിർമാണം.
തെരഞ്ഞെടുപ്പ് കമീഷനെ സ്വതന്ത്രമാക്കാൻ ജസ്റ്റിസുമാരായ കെ.എം. ജോസഫ്, അജയ് രസ്തോഗി, അനിരുദ്ധ ബോസ്, ഹൃഷികേശ് റോയ്, സി.ടി. രവികുമാർ എന്നിവരടങ്ങുന്ന ഭരണഘടന ബെഞ്ച് പുറപ്പെടുവിച്ച ചരിത്ര വിധിയിൽ രാജ്യത്തിന് നൽകിയ നിരവധി മുന്നറിയിപ്പുകളാണ് കേന്ദ്ര സർക്കാർ തള്ളിക്കളഞ്ഞിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.