ത്രിപുരയിലെ സംഘർഷത്തിന് അയവ്
text_fieldsഅഗർതല: ത്രിപുരയിലെ ധാലൈ ജില്ലയിലുള്ള ഗണ്ഡത്വിസയിൽ ഏതാനും ദിവസങ്ങളായി തുടരുന്ന അക്രമങ്ങൾക്ക് നേരിയ ശമനം. ജൂലൈ 12നുണ്ടായ അക്രമത്തിൽ 300 ഗ്രാമീണരുടെ വീടുകൾക്ക് തീയിട്ടിരുന്നു.
ജൂലൈ ഏഴിന് ആക്രമിക്കപ്പെട്ട കോളജ് വിദ്യാർഥിയുടെ മരണത്തെ തുടർന്നാണ് ആദിവാസി വിഭാഗത്തിൽ പെട്ട ഒരു സംഘം അക്രമം തുടങ്ങിയത്. പിന്നാലെ, ജില്ല ഭരണകൂടം ഇവിടെ കർഫ്യൂ ഏർപ്പെടുത്തിയിരുന്നു. ആദിവാസി ഇതര വിഭാഗങ്ങൾക്കുനേരെയായിരുന്നു ആക്രമണം. 37 കടകളും തകർത്തു. ഒരു സംഘം ആദിവാസി ഇതര യുവാക്കൾ കോളജ് വിദ്യാർഥി പരമേശ്വർ രിയാങ്ങിനെ മർദിച്ചതാണ് പ്രശ്നങ്ങളുടെ തുടക്കമെന്നാണ് പറയുന്നത്. ക്രിക്കറ്റ് സ്റ്റേഡിയത്തിൽ വെച്ച് മാനസികാസ്വാസ്ഥ്യമുള്ള ആദിവാസി ഇതരവിഭാഗത്തിൽ പെടുന്ന ആളെ മർദിക്കുന്നതിനെതിരെ ശബ്ദമുയർത്തിയതിനാണ് പരമേശ്വറിനുനേരെ മർദനമുണ്ടായത്. ഈ സംഘത്തിൽ 30ഓളം പേരുണ്ടായിരുന്നു. മിക്കവരും മദ്യമിച്ച നിലയിലായിരുന്നു.
അധികൃതർ നോക്കി നിൽക്കെയായിരുന്നു പരമേശ്വറിനു നേരെ അക്രമം അഴിച്ചുവിട്ടത്. പരമേശ്വറിനെ പ്രദേശത്തെ ആശുപത്രിയിലേക്ക് മാറ്റി. യുവാവിന് ഷോക്കേറ്റിട്ടുണ്ടെന്നും ഗുരുതരാവസ്ഥയിലാണെന്നും ഡോക്ടർമാർ പറഞ്ഞു. യുവാവിനെ പിന്നീട് അഗർത്തല മെഡിക്കൽകോളജിലേക്ക് മാറ്റി. ഇവിടെവെച്ച് മരിക്കുകയും ചെയ്തു. സംഭവത്തിൽ അറസ്റ്റിലായ നാലുപേർ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. പരമേശ്വറിന്റെ മരണവാർത്ത ഗ്രാമത്തിൽ അറിഞ്ഞതോടെ ഒരു സംഘം ആദിവാസികൾ അക്രമം തുടങ്ങി. വ്യാപക കൊള്ളയും തീവെപ്പുമുണ്ടായി. ഈ സാഹചര്യം കൈകാര്യം ചെയ്യാനുള്ള ശേഷി ഗണ്ഡത്വിസ പൊലീസിനുണ്ടായിരുന്നില്ല. ആദിവാസി ഇതര വിഭാഗക്കാർ കാടുകളിലേക്ക് ഭയന്നോടുന്ന സാഹചര്യമുണ്ടായി.
സ്ഥിതി സാധാരണ നിലയിലേക്ക് വരുകയാണെന്ന് പൊലീസ് പറഞ്ഞു. നിരോധനാജ്ഞ ലംഘിച്ച് പുറത്തിറങ്ങിയവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സംസ്ഥാന മന്ത്രി ടിങ്കു റോയിന്റെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ ദിവസം സംഘർഷ ബാധിത പ്രദേശം സന്ദർശിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.