അജിത് പവാറിന്റെ കട്ടൗട്ട് കറുത്ത തുണികൊണ്ട് മറച്ച് ശിവസേന ഷിണ്ഡെ വിഭാഗം; മഹായുതി സഖ്യത്തിൽ വീണ്ടും വിള്ളൽ
text_fieldsപുണെ: നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മഹാരാഷ്ട്രയിലെ ഭരണസഖ്യത്തിൽ വീണ്ടും വിള്ളൽ. ഉപമുഖ്യമന്ത്രിയായ അജിത് പവാറിന്റെ കട്ടൗട്ട് ശിവസേന ഷിണ്ഡെ വിഭാഗം പ്രവർത്തകൾ കറുത്ത തുണികൊണ്ട് മറച്ചതാണ് വിവാദങ്ങൾക്ക് തിരികൊളുത്തിയത്. ബാരാമതിയിൽ ഗണേശോത്സവത്തോടനുബന്ധിച്ച് സ്ഥാപിച്ച കട്ടൗട്ടുകളാണ് മറച്ചത്. ഇതിനെ എതിർത്ത് അജിത് പവാറിന്റെ അനുയായികൾ രംഗത്തെത്തിയതോടെ സംഘർഷാവസ്ഥയുണ്ടാവുകയും പൊലീസ് ഇടപെട്ട് ചിലരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
ഷിണ്ഡെ വിഭാഗം നേതാവ് സുരേന്ദ്ര ജെവാരെയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഗണേശോത്സവത്തിലേക്ക് ക്ഷണിച്ചിട്ടും അജിത് എത്താത്തതിൽ തങ്ങൾ അസ്വസ്ഥരാണെന്നാണ് പ്രവർത്തകരുടെ വിശദീകരണം. പവാർ എത്തുമെന്ന പ്രതീക്ഷയിൽ ഷിണ്ഡെയുടെയും അജിത് പവാറിന്റെയും വലിയ കട്ടൗട്ടുകൾ പ്രവേശന കവാടത്തിൽ സ്ഥാപിച്ചിരുന്നെന്നും എന്നാൽ, മറ്റു ഗണേശോത്സവങ്ങളിൽ പങ്കെടുത്ത അദ്ദേഹം ഇവിടെ എത്തിയില്ലെന്നും സുരേന്ദ്ര ജെവാരെ പറഞ്ഞു. ഇത് തങ്ങളുടെ നേതാവ് ഏക്നാഥ് ഷിണ്ഡെയോടുള്ള അവഹേളനമാണെന്നും അതിനാലാണ് കറുത്ത തുണികൊണ്ട് മറച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംഘർഷാന്തരീക്ഷം ഉണ്ടായതോടെ ബരാമതി മുനിസിപ്പൽ കൗൺസിൽ അധികൃതർ എല്ലാ പോസ്റ്ററുകളും ബാനറുകളും നീക്കംചെയ്തു. നേരത്തെ സഖ്യത്തിലെ മറ്റൊരു കക്ഷിയായ ബി.ജെ.പി ബാരാമതിയിൽ സംഘടിപ്പിച്ച ‘മുഖ്യമന്ത്രി മഴി ലഡ്കി ബഹിൻ യോജന’ പരിപാടിയുടെ ബാനറിൽനിന്ന് അജിത് പവാറിനെ ഒഴിവാക്കിയതും വിവാദങ്ങൾക്കിടയാക്കിയിരുന്നു.
കാബിനറ്റിൽ അടുത്തിരുന്നാലും പുറത്തുവന്ന് ഛർദ്ദിക്കാൻ തോന്നുമെന്ന് അജിത് പവാർ പക്ഷത്തെ കുറിച്ച് ഷിണ്ഡെ വിഭാഗത്തിലെ മന്ത്രി താനാജി സാവന്തിന്റെ വാക്കുകളും നേരത്തെ വിവാദമായിരുന്നു. ഞാനിപ്പോഴും ഒരു കടുത്ത ശിവസൈനികനാണെന്നും എൻ.സി.പി നേതാക്കളുമായി ഒരിക്കലും ഇണങ്ങിയിട്ടില്ലെന്നും സാവന്ത് കൂട്ടിച്ചേർത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.