മധ്യപ്രദേശിൽ സംഘർഷം വ്യാപിക്കുന്നു; മരണം അഞ്ചായി
text_fieldsഭോപാൽ: മധ്യപ്രദേശിൽ കർഷക സമരത്തിനുേനരെയുണ്ടായ പൊലീസ് വെടിവെപ്പിൽ മരണസംഖ്യ അഞ്ചായി. വെടിവെപ്പിനെ തുടർന്നുണ്ടായ സംഘർഷം മാന്ത്സൗറിൽ നിന്നും അയൽജില്ലകളിലേക്കും വ്യാപിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ. വെടിവെപ്പിൽ പ്രതിഷേധിച്ച് ആഹ്വാനം ചെയ്ത ബന്ദ് അക്രമാസക്തമാകാതിരിക്കാൻ കൂടുതൽ സുരക്ഷാസേനയെ നിയോഗിച്ചിട്ടുണ്ട്. മിക്ക തെരുവുകളിലും പൊലീസ് പട്രോളിങ് നടത്തുന്നുണ്ട്. മാന്ത്സൗർ ജില്ലയടക്കം 15 ജില്ലകൾ ഉൾപെടുന്ന മാൾവ- നിമാദ് മേഖലയിലെ സ്ഥിതി ഗുരുതരമാണ്. ജില്ല കലക്ടർ എസ്.കെ. സിങ്ങിെൻറ നിർദേശപ്രകാരം ഇൻറർനെറ്റ് കണക്ഷനുകൾ ഇന്നലെ വിച്ഛേദിച്ചിരുന്നു.അതേസമയം കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി ഇന്ന് സംഭവസ്ഥലം സന്ദർശിക്കും.
മുഖ്യമന്ത്രി ശിവ് രാജ് സിങ് ചൗഹാൻ പ്രദേശം സന്ദർശിക്കാതെ മൃതദേഹങ്ങൾ സംസ്കരിക്കില്ലെന്ന നിലപാടിലാണ് കർഷകർ. പ്രതിപക്ഷമായ കോൺഗ്രസും പ്രതിഷേധ പരിപാടികളിൽ മുൻനിരയിലുണ്ട്. നീമച്ച്-മഹൂ ഹൈവേ കർഷകർ തടഞ്ഞിരിക്കുകയാണ്. പൊലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ട അഞ്ച് കർഷകരും പതിദാർ സമുദായത്തിൽ നിന്നുള്ളവരാണ്. ഭരണകക്ഷിയായ ബി.ജെ.പിയുടെ പരമ്പരാഗത വോട്ട് ബാങ്കാണ് പതിദാർ സമുദായം.എന്നാൽ മുഖ്യമന്ത്രി ചൗഹാൻ ജില്ല സന്ദർശിക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. മൃതദേഹങ്ങൾ സംസ്കരിക്കാനായി സംസ്ഥാന ബി.ജെ.പി. അധ്യക്ഷൻ നന്ദകുമാർ സിങ് കർഷകരുടെ മേൽ സമ്മർദം ചെലുത്തുന്നുണ്ട്.
കല്ലേറ് നടത്തിയ സമരക്കാർ 27 വാഹനങ്ങൾക്ക് തീവെച്ചു. കടകളും കത്തിച്ചു. മരണവിവരം അറിഞ്ഞതോടെ കൂടുതൽ കർഷകർ പ്രതിഷേധവുമായി തെരുവിലിറങ്ങിയിരുന്നു. നഹാർഗഡ് പൊലീസ് സ്റ്റേഷൻ പരിധിയിൽ ഒരു ചെക്ക് പോസ്റ്റ് അഗ്നിക്കിരയാക്കി. സഹകരണ ബാങ്കിനുനേരെയും ജനരോഷമുണ്ടായി. സമീപത്തെ രത്ലം ജില്ലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. മാന്ത്സൗർ ജില്ലയിൽ ദലോഡയിൽ റെയിൽപാളങ്ങൾക്കും ഗേറ്റുകൾക്കും സമരക്കാർ നാശം വരുത്തി. തിങ്കളാഴ്ച രാത്രിമുതൽ പലഭാഗങ്ങളിലും അക്രമമുണ്ടായതായി ഉജ്ജയിൻ ഡിവിഷനൽ കമീഷണർ ഒാജ അറിയിച്ചു. ഇന്ദോറിലും കർഷകരും പൊലീസും ഏറ്റുമുട്ടി. ലാത്തിചാർജ് നടത്തിയാണ് സമരക്കാരെ ഒാടിച്ചത്.
കാർഷിക വിളകൾക്ക് താങ്ങുവില പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് മാന്ത്സൗർ ജില്ലയിൽ കർഷകർ നടത്തുന്ന സമരം അക്രമാസക്തമായതിനെ തുടർന്ന് ഇന്നലെ പൊലീസും സി.ആർ.പി.എഫും നടത്തിയ വെടിവെപ്പിലാണ് കർഷകർ കൊല്ലപ്പെട്ടത്.
പിപ്ലിയ ടോൾ പ്രദേശത്തുണ്ടായ കർഷക സമരത്തിനുനേരെയാണ് വെടിെവച്ചത്. ജില്ല കലക്ടറും സർക്കാറും ഉത്തരവ് നൽകാതെ പൊലീസും സി.ആർ.പി.എഫും ജനക്കൂട്ടത്തിനു നേരെ നിറയൊഴിച്ചതായി കർഷകർ കുറ്റപ്പെടുത്തി. എന്നാൽ, കർഷകർ ആക്രമണം അഴിച്ചുവിട്ടതാണ് അനിഷ്ടസംഭവങ്ങൾക്ക് കാരണമെന്ന് പൊലീസ് വിശദീകരിച്ചു. സമരം നടത്തുന്നവർ കർഷകരല്ലെന്നും അവരാണ് അക്രമം അഴിച്ചുവിട്ടതെന്നും സർക്കാർ വൃത്തങ്ങൾ പറഞ്ഞു. വെടിവെപ്പിനെക്കുറിച്ച് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു. മരിച്ചവരുടെ ആശ്രിതർക്ക് 10 ലക്ഷം വീതവും പരിക്കേറ്റവർക്ക് ഒരു ലക്ഷം രൂപ വീതവും സർക്കാർ നൽകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.