ഉത്തരാഖണ്ഡിൽ പുഷ്കർ സിങ് ധാമി അധികാരമേറ്റു; എട്ടു മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു
text_fieldsഡറാഡൂൺ: ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായി പുഷ്കർ സിങ് ധാമി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ബുധനാഴ്ച പരേഡ് ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തിൽ ഗവർണർ റിട്ട. ലഫ്റ്റനന്റ് ജനറൽ ഗുർമീത് സിങ് സത്യവാചകം ചൊല്ലിക്കൊടുത്തു.
ധാമിയെ കൂടാതെ എട്ടു മന്ത്രിമാരും ചടങ്ങിൽ സത്യപ്രതിജ്ഞ ചെയ്തു. സത്പാൽ മഹാരാജ്, ധാൻ സിങ് റാവത്ത്, സുബോദ് ഉന്യാൽ, പ്രേംചന്ദ് അഗർവാൾ, രേഖ ആര്യ, ഗണേഷ് ജോഷി, ചന്ദൻ റാം ദാസ്, സൗരബ് ബഹുഗുണ എന്നിവരാണ് ബുധനാഴ്ച അധികാരമേറ്റ എം.എൽ.എമാർ. ഇതിൽ പ്രേംചന്ദ് അഗർവാൾ കഴിഞ്ഞതവണ നിയമസഭ സ്പീക്കറായിരുന്നു. മുൻ മുഖ്യമന്ത്രി വിജയ് ബഹുഗുണയുടെ മകൻ സൗരബ് ബഹുഗുണ, ചന്ദൻ റാം ദാസ്, പ്രേംചന്ദ് അഗർവാൾ എന്നിവർ കഴിഞ്ഞ മന്ത്രിസഭയിലും അംഗങ്ങളായിരുന്നു.
46കാരനായ ധാമി തുടർച്ചയായി രണ്ടാം തവണയാണ് മുഖ്യമന്ത്രി പദത്തിലേറുന്നത്. സംസ്ഥാനത്ത് ബി.ജെ.പിയെ വൻ ഭൂരിപക്ഷത്തിൽ വിജയത്തിലേറ്റിയെങ്കിലും സ്വന്തം മണ്ഡലമായ ഖാത്തിമയിൽ ഇദ്ദേഹം പരാജയപ്പെട്ടത് പാർട്ടിക്ക് വലിയ ക്ഷീണമായിരുന്നു. ഇതേ തുടർന്ന് മുഖ്യമന്ത്രി ആരാകുമെന്ന ആശയക്കുഴപ്പം പാർട്ടിയിൽ നിലനിൽക്കുകയും ചെയ്തു. ദേശീയ നേതൃത്വം ധാമിയിൽതന്നെ വിശ്വാസമർപ്പിച്ചതോടെയാണ് ആശങ്കക്ക് വിരാമമായത്.
ചടങ്ങിൽ പ്രധാനമന്ത്രിയെ കൂടാതെ ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജ്നാഥ് സിങ്, കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിൻ ഗഡ്കരി, ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡ എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.