കശ്മീരിൽ ബി.എസ്.എഫ് ക്യാമ്പിനുനേരെ ഭീകരാക്രമണം; ഒരു ജവാൻ കൊല്ലപ്പെട്ടു
text_fieldsശ്രീനഗർ: അതിസുരക്ഷ മേഖലയായ ശ്രീനഗർ വിമാനത്താവളത്തിനു സമീപത്തെ ബോർഡർ സെക്യൂരിറ്റി ഫോഴ്സ് (ബി.എസ്.എഫ്) ക്യാമ്പിനു നേരെ ഭീകരാക്രമണം. സംഭവത്തിൽ എ.എസ്.െഎ കൊല്ലപ്പെട്ടു. ശക്തമായി തിരിച്ചടിച്ച സുരക്ഷസേന മൂന്നു ഭീകരരെ വധിച്ചു. അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർ ബി.കെ. യാദവാണ് മരിച്ചത്. ആക്രമണത്തിെൻറ ഉത്തരവാദിത്തം പാകിസ്താൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ജയ്ശെ മുഹമ്മദ് ഏറ്റെടുത്തു.
വിമാനത്താവളത്തിനു സമീപം ഗോഗോലാൻഡിലാണ് ക്യാമ്പ് സ്ഥിതിചെയ്യുന്നത്. പഴയ മതിൽ കടന്ന് ബി.എസ്.എഫ് 182 ബറ്റാലിയൻ ആസ്ഥാനത്തെത്തിയ മൂന്നു ഭീകരർ തലങ്ങും വിലങ്ങും വെടിയുതിർക്കുകയായിരുന്നു. ആക്രമണത്തിെൻറ ആദ്യഘട്ടത്തിൽ മൂന്നു ജവാന്മാർക്ക് പരിക്കേറ്റു. തുടർന്ന് സൈന്യത്തിെൻറ പ്രത്യാക്രമണത്തിൽ ഒരു ഭീകരൻ കൊല്ലപ്പെടുകയും ബാക്കി രണ്ടു പേർ വ്യത്യസ്ത ദിശകളിലേക്ക് നീങ്ങുകയും ചെയ്തു.
കെട്ടിടങ്ങളിൽ ഒളിച്ച ഇവരെ പിന്നീട് വധിക്കുകയായിരുന്നു. ഏറ്റുമുട്ടലിനുശേഷം നടത്തിയ തിരച്ചിലിലാണ് യാദവിെൻറ മൃതദേഹം കണ്ടെടുത്തത്. അതിനിടെ, പൂഞ്ച് ജില്ലയിൽ നിയന്ത്രണ രേഖയിൽ പാകിസ്താൻ സൈന്യം നടത്തിയ വെടിവെപ്പിൽ ജവാൻ മരിച്ചു. നായക് മഹേന്ദ്ര ചെംജങ്ങാണ് (35) മരിച്ചത്. ചൊവ്വാഴ്ച ഉച്ചക്ക് 12.50ഒാടെ കൃഷ്ണഗട്ടി മേഖലയിലാണ് ആക്രമണമുണ്ടായത്. തുടർന്ന് ഇന്ത്യൻ സേന ശക്തമായി തിരിച്ചടിച്ചു. തിങ്കളാഴ്ച പാക് സൈന്യത്തിെൻറ ഷെല്ലാക്രമണത്തിൽ രണ്ടു കുട്ടികൾ മരിക്കുകയും 12 ഗ്രാമീണർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
അതേസമയം, പുൽവാമ ജില്ലയിലെ അവന്തപുര മേഖലയിൽ വിവാഹച്ചടങ്ങിനു പോയി മടങ്ങിയ പൊലീസുകാരനെ ഭീകരർ വെടിവെച്ചുകൊന്നു. മുൻഷി പൊലീസ് സ്റ്റേഷനിലെ ആഷിഖ് അഹമ്മദാണ് മരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.