സി.ആർ.പി.ഫ് കേന്ദ്രത്തിലെ ഭീകരാക്രമണം; അഞ്ച് സൈനികർ കൊല്ലപ്പെട്ടു
text_fieldsശ്രീനഗർ: വർഷാന്ത്യദിനത്തിൽ ജമ്മു-കശ്മീരിൽ സി.ആർ.പി.എഫ് ക്യാമ്പിന് നേരെയുണ്ടായ ഭീകരാക്രമണത്തിൽ അഞ്ച് ജവാന്മാർക്ക് ജീവഹാനി. മൂന്ന് ജവാന്മാർക്ക് പരിക്കേറ്റു. ചാവേറുകളായെത്തിയ മൂന്ന് ജയ്ശെ മുഹമ്മദ് ഭീകരരെ സൈന്യം വധിച്ചു. സംഘത്തിലെ രണ്ടുപേർ രക്ഷപ്പെട്ടു.
ഞായറാഴ്ച പുലർച്ച രണ്ടുമണിയോടെയാണ് തെക്കൻ കശ്മീരിലെ പുൽവാമ ജില്ലയിൽ ലെത്പോറയിലുള്ള സി.ആർ.പി.എഫ് 185 ബറ്റാലിയൻ ക്യാമ്പിൽ ആക്രമണമുണ്ടായത്. ഇരുട്ടിെൻറ മറവിൽ സൈനികവേഷത്തിൽ തോക്കും ഗ്രനേഡ് ലോഞ്ചറുകളുമടക്കം വൻ ആയുധശേഖരവുമായാണ് ഭീകരർ എത്തിയത്. സുരക്ഷമതിൽ കടന്ന ഭീകരർക്കുനേരെ കാവൽഭടൻ വെടിവെച്ചതോടെയാണ് ദിവസം മുഴുവൻ നീണ്ട ഏറ്റുമുട്ടൽ ആരംഭിച്ചത്.
ഭീകരർ വിവേചനരഹിതമായി വെടിയുതിർത്തതിനെതുടർന്ന് ആദ്യം മൂന്ന് ജവാന്മാർക്ക് പരിക്കേറ്റു. ഇതിൽ ബുദ്ഗാം സ്വദേശി കോൺസ്റ്റബ്ൾ ൈസഫുദ്ദീൻ 92 ബേസ് സൈനിക ആശുപത്രിയിൽ മരിച്ചു. ഏറ്റുമുട്ടൽ തുടരുന്നതിനിടെ നാല് ജവാന്മാർക്ക് കൂടി പരിക്കേൽക്കുകയും ഇതിൽ രജൗറി സ്വദേശി തുഫൈൽ അഹ്മദ്, രാജസ്ഥാനിലെ ചുരു സ്വദേശി രാജേന്ദ്ര നൈൻ, പ്രദീപ് കുമാർ പാണ്ഡെ, ഹിമാചലിലെ തിക്കാർ ഖത്രിയൻ സ്വദേശി കുൽദീപ് റോയ് എന്നിവർ മരിക്കുകയും ചെയ്തു. പരിക്കേറ്റ മാൽവെ സമദാൻ, നരേന്ദർ, മലാ റാം എന്നീ ജവാന്മാർ ആശുപത്രിയിലാണ്. കൊല്ലപ്പെട്ട രണ്ടുഭീകരരിൽ മൻസൂർ അഹ്മദ് ബാബ, ഫർദീൻ അഹ്മദ് ഖാണ്ഡെ എന്നിവർ കശ്മീർസ്വദേശികളാണ്.
രാഷ്ട്രീയ റൈഫിൾസ്, സി.ആർ.പി.എഫ് ജവാന്മാരും പൊലീസും ക്യാമ്പ് വളഞ്ഞ് ഭീകരർക്കായി തിരച്ചിൽ ആരംഭിച്ചെങ്കിലും രക്ഷപ്പെട്ട രണ്ടുപേരെ കണ്ടെത്താനായില്ല. ഇവരുടെ കൈയിൽ ആയുധമുള്ളതിനാൽ മറ്റൊരു ആക്രമണം പ്രതീക്ഷിക്കുന്നുണ്ട്. ഡിസംബർ 26ന് ജയ്ശെ മുഹമ്മദ് ഡിവിഷനൽ കമാൻഡർ നൂർ ത്രാലിയെ സൈന്യം വധിച്ച സാംബുവയിൽനിന്ന് ഏതാണ്ട് അഞ്ച് കിേലാമീറ്റർ മാത്രം അകലെയാണ് സി.ആർ.പി.എഫ് ക്യാമ്പ്. നൂർ മുഹമ്മദിെൻറ വധത്തിന് തിരിച്ചടിയാണ് സി.ആർ.പി.എഫ് ക്യാമ്പ് ആക്രമണമെന്നാണ് വിലയിരുത്തൽ.
2017ൽ ജയ്ശെ മുഹമ്മദ്, ലശ്കറെ ത്വയ്യിബ, ഹിസ്ബുൽ മുജാഹിദീൻ എന്നിവയുടെ ഉന്നതർ അടക്കം ഇരുനൂറിലേറെ ഭീകരരെ സൈന്യം വധിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.