അമർനാഥ് തീർഥാടകർക്കുനേരെ തീവ്രവാദി ആക്രമണം; ഏഴു പേർ കൊല്ലപ്പെട്ടു
text_fieldsശ്രീനഗർ: അമർനാഥ് തീർഥാടകർ സഞ്ചരിച്ച ബസിനു നേരെ തീവ്രവാദികൾ നടത്തിയ വെടിവെപ്പിൽ ഏഴു പേർ കൊല്ലപ്പെടുകയും ഏഴു േപർക്ക് പരിക്കേൽക്കുകയും ചെയ്തു. കൊല്ലപ്പെട്ടവരിൽ അഞ്ചു പേർ സ്ത്രീകളാണ്. ജമ്മു-കശ്മീരിലെ അനന്ത്നാഗ് ജില്ലയിൽ തിങ്കളാഴ്ച രാത്രി 8.20ഒാടെയാണ് സംഭവം. അമർനാഥ് സന്ദർശിച്ച് മടങ്ങുകയായിരുന്നവരുടെ ബസിനുനേരെ ഹൈവേയിൽവെച്ചാണ് ആക്രമണമുണ്ടായത്. സോനാമാർഗിൽനിന്നാണ് ബസ് വന്നത്. രാത്രി ഏഴിനുശേഷം അമർനാഥ് തീർഥാടകർ യാത്രചെയ്യാൻ പാടില്ലെന്ന വിലക്ക് ബസ് ഡ്രൈവർ ലംഘിച്ചതായി പൊലീസ് പറഞ്ഞു. അതേസമയം, തീർഥാടകർ ഒൗദ്യോഗിക സംഘത്തിെൻറ ഭാഗമല്ലെന്നും അമർനാഥ് യാത്രാബോർഡിൽ രജിസ്റ്റർ ചെയ്യാത്തവരാണെന്നും റിപ്പോർട്ടുകളുണ്ട്. ഒൗദ്യോഗിക യാത്രസംഘം സി.ആർ.പി.എഫ് ഭടന്മാരുടെ അകമ്പടിയോടെയാണ് അമർനാഥിലേക്ക് പോകുന്നത്. ആക്രമണം അറിഞ്ഞയുടൻ സി.ആർ.പി.എഫ് ഭടന്മാരുടെ സംഘം സ്ഥലത്തെത്തി.
സംഭവം അതി ദുഃഖകരമാണെന്ന് മുൻ മുഖ്യമന്ത്രി ഉമർ അബ്ദുല്ല ട്വീറ്റ് ചെയ്തു. കശ്മീരിെൻറ ചരിത്രത്തിലെ കറുത്തപാടാണ് സംഭവമെന്ന് പറഞ്ഞ മന്ത്രി നഇൗം അക്തർ ഭീകരർക്കെതിരെ ശക്തമായ നടപടികൾ തുടരുമെന്നും വ്യക്തമാക്കി. കനത്ത സുരക്ഷയോടെ ജൂൺ 29നാണ് ഇൗ വർഷത്തെ അമർനാഥ് യാത്ര തുടങ്ങിയത്. വടക്കൻ കശ്മീരിലെ ബൽടൽ ക്യാമ്പ് വഴിയും ദക്ഷിണ കശ്മീരിലെ പരമ്പരാഗത പഹൽഗാം റൂട്ട് വഴിയുമാണ് അമർനാഥിലേക്ക് തീർഥാടകർ പറപ്പെടുന്നത്. അതിനിടെ, അനന്ത്നാഗ് ജില്ലയിലെ ബേൻറഗു മേഖലയിൽ പൊലീസിനുനേരെയും തീവ്രവാദികളുടെ വെടിവെപ്പുണ്ടായി. തിരിച്ചുണ്ടായ വെടിവെപ്പിനിടെ തീവ്രവാദികൾ രക്ഷപ്പെടുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.