ട്രെയിനിൽ ‘ഭീകരാക്രമണം’: ആർ.പി.എഫ് കോൺസ്റ്റബ്ൾ റിമാൻഡിൽ
text_fieldsമുംബൈ: ഓടുന്ന ട്രെയിനിൽ റെയിൽവേ പൊലീസ് എ.എസ്.ഐ അടക്കം നാലുപേരെ വെടിവെച്ചുകൊന്ന് മുദ്രാവാക്യം മുഴക്കിയ ആർ.പി.എഫ് കോൺസ്റ്റബ്ൾ ചേതൻ സിങ്ങിനെ (33) ആഗസ്റ്റ് ഏഴുവരെ പൊലീസ് കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.
സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ റെയിൽവേ ബോർഡ് അഞ്ചംഗ ഉന്നതതല കമ്മിറ്റിയെ നിയോഗിച്ചു. മൂന്നു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം. മരിച്ച യാത്രക്കാർക്ക് റെയിൽവേ 10 ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു. എ.എസ്.ഐക്ക് സർവിസ് ചട്ടങ്ങൾ പ്രകാരമുള്ള സഹായവും നൽകും.
ജയ്പുർ-മുംബൈ സെൻട്രൽ എക്സ്പ്രസിൽ തിങ്കളാഴ്ച രാവിലെ അഞ്ചു മണിയോടെയാണ് സംഭവം. മഹാരാഷ്ട്രയിലെ പാൽഘർ സ്റ്റേഷനു സമീപം എത്തിയപ്പോൾ ആദ്യം എ.എസ്.ഐ ടിക്കാറാം മീണയെ വെടിവെച്ചുവീഴ്ത്തിയ ചേതൻ സിങ് അടുത്ത കോച്ചിലെത്തി മുസ്‍ലിംകളായ മൂന്നു യാത്രക്കാരെ തിരഞ്ഞുപിടിച്ച് കൊലപ്പെടുത്തുകയായിരുന്നു. രക്തത്തിൽ കുളിച്ചുകിടന്ന മൃതദേഹങ്ങൾക്കു സമീപം നിന്ന് ‘ഇന്ത്യയിൽ ജീവിക്കണമെങ്കിൽ മോദിക്കും യോഗിക്കും മാത്രം വോട്ടുചെയ്യുക’ എന്ന് പ്രതി പറയുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. മരിച്ച യാത്രക്കാരിൽ മഹാരാഷ്ട്ര പാൽഘർ സ്വദേശി അബ്ദുൽ ഖാദർഭായ് മുഹമ്മദ് ഹുസൈൻ ഭൻപുർവാല (48), ബിഹാർ മധുപനി സ്വദേശി അസ്ഗർ അബ്ബാസ് ശൈഖ് (48) എന്നിവരെ തിരിച്ചറിഞ്ഞു. മൂന്നാമൻ ആരെന്ന് വ്യക്തമായിട്ടില്ല.
ചേതൻ സിങ്ങിന്റെ സർവിസ് തോക്കിൽനിന്ന് 12 റൗണ്ട് വെടിയുതിർത്തതായി പൊലീസ് പറഞ്ഞു. യാത്രക്കാർ ചങ്ങല വലിച്ചതിനെ തുടർന്ന് അടുത്ത സ്റ്റേഷനുസമീപം ട്രെയിൻ നിർത്തിയപ്പോൾ ഇയാൾ ഓടിരക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും റെയിൽവേ പൊലീസ് പിന്തുടർന്ന് പിടികൂടി. ബോറിവാലി റെയിൽവേ സ്റ്റേഷനിലെത്തിച്ചാണ് മൃതദേഹങ്ങൾ ട്രെയിനിൽനിന്ന് പുറത്തിറക്കിയത്.
ഉത്തർപ്രദേശിലെ ഹാഥറസ് സ്വദേശിയായ പ്രതിക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്ന് സംശയിക്കുന്നതായാണ് പൊലീസ് കോടതിയിൽ പറഞ്ഞത്. ആശുപത്രിയിലേക്കു മാറ്റിയ ഇയാൾ ചോദ്യംചെയ്യലിനോട് സഹകരിക്കുന്നില്ലെന്നും ആക്രമണത്തിന്റെ പ്രകോപനം എന്താണെന്ന് വ്യക്തമായിട്ടില്ലെന്നും പൊലീസ് പറഞ്ഞു. അന്വേഷണത്തിന്റെ ഭാഗമായി റെയിൽവേ പൊലീസ് ട്രെയിനിലെ സി.സി.ടി.വി ദൃശ്യങ്ങളടക്കം പരിശോധിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.