ഭീകരര്‍ക്കൊപ്പം പോകാത്തതിന് പൊലീസ് ‘ഭീകരരാക്കി’യവരെ കോടതി കുറ്റവിമുക്തരാക്കി
text_fieldsന്യൂഡല്‍ഹി: ഡല്‍ഹി പൊലീസിനും ഇന്‍റലിജന്‍സ് ബ്യൂറോക്കും വിവരം നല്‍കുന്ന പണിയെടുക്കുന്നതിനിടയില്‍ കശ്മീരിലെ ഭീകരവാദ ക്യാമ്പില്‍ പോകാന്‍ പറഞ്ഞപ്പോള്‍ കൂട്ടാക്കാത്തതിന് ‘അല്‍ബദ്ര്‍ ഭീകരവാദികളാ’ക്കിയ രണ്ടുപേരെ ഡല്‍ഹിയിലെ വിചാരണ കോടതി കുറ്റവിമുക്തരാക്കി. ഇര്‍ശാദ് അലി, മആരിഫ് ഖമര്‍ എന്നിവരെയാണ് 11 വര്‍ഷത്തിനുശേഷം വിചാരണ കോടതി ഭീകരക്കുറ്റങ്ങളില്‍നിന്ന് ഡല്‍ഹി കോടതി മുക്തമാക്കിയത്.
രഹസ്യാന്വേഷണ വിഭാഗത്തില്‍ ഡല്‍ഹി പൊലീസ് സ്പെഷല്‍ സെല്ലിന്‍െറ ഇന്‍ഫോര്‍മര്‍മാരായി വര്‍ഷങ്ങളോളം പ്രവര്‍ത്തിച്ച ഇരുവരെയും 2005ല്‍ നിയമവിരുദ്ധമായി കസ്റ്റഡിയിലെടുത്തത്താണ് സംഭവങ്ങളുടെ തുടക്കം. തുടര്‍ന്ന് സി.ബി.ഐ നടത്തിയ അന്വേഷണത്തിലാണ് ഇരുവരും ഇന്‍ഫോര്‍മര്‍മാരാണെന്ന് കണ്ടത്തെിയത്.
ഓട്ടോറിക്ഷ ഡ്രൈവറായിരുന്ന അലി 2001ലാണ് ഇന്‍ഫോര്‍മര്‍ പണി തുടങ്ങിയത്. ഇയാള്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കിക്കൊണ്ടിരുന്ന ഐ.ബി ഓഫിസര്‍ അലിയോട് ജമ്മു-കശ്മീരിലെ തീവ്രവാദ ക്യാമ്പില്‍ ചേരാന്‍ ആവശ്യപ്പെട്ടു. ഇതിന് വിസമ്മതിച്ചതിനെ തുടര്‍ന്ന് 2005 ഡിസംബര്‍ 11ന് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി.
തൊട്ടുപിറ്റേന്ന് ഡല്‍ഹിയിലെ ധൗലഖുവായിലേക്ക് അലിയെ ഇതേ ഐ.ബി ഓഫിസര്‍ വിളിച്ചുവരുത്തി. തുടര്‍ന്ന് അവിടെനിന്ന് സ്പെഷല്‍ സെല്ലും ഐ.ബി ഉദ്യോഗസ്ഥരും ചേര്‍ന്ന് അലിയെ തട്ടിക്കൊണ്ടുപോയി. അലിയെ കാണാനില്ളെന്ന പരാതിയുമായി അലിയുടെ പിതാവ് മുഹമ്മദ് യൂനുസ് സുല്‍ത്താന്‍ പുരി പൊലീസ് സ്റ്റേഷനില്‍ചെന്ന് പരാതിപ്പെട്ടു.
2005 ഡിസംബര്‍ 22ന് മറ്റൊരു ഇന്‍ഫോര്‍മറായ ഖമറിനെ കശ്മീരി ഗേറ്റിലേക്ക് ഇതുപോലെ വിളിച്ചുവരുത്തി. കണ്ണുകള്‍ കെട്ടി ഐ.ബി ഉദ്യോഗസ്ഥരും ഡല്‍ഹി പൊലീസ് സ്പെഷല്‍ സെല്ലും ഖമറിനെയും കൊണ്ടുപോയി. ഖമറിനെ കാണാനില്ളെന്ന് പിതാവ് ഡിസംബര്‍ 28ന് ഭജന്‍പുര പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. ഒരു നടപടിയുമില്ലാത്തതിനെ തുടര്‍ന്ന് 2006 ജനുവരി ഏഴിനും പത്തിനുമിടയില്‍ ഖമറിനെ കണ്ടത്തൊന്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് സഹോദരന്‍ രാഷ്ട്രപതി, പ്രധാനമന്ത്രി, ആഭ്യന്തര മന്ത്രി, ഡല്‍ഹി പൊലീസ് കമീഷണര്‍ ലഫ്റ്റനന്‍റ് ഗവര്‍ണര്‍ എന്നിവര്‍ക്ക് കത്തെഴുതി.
എന്നാല്‍, തങ്ങള്‍ തേടുന്ന ഖമറിനെക്കുറിച്ച് വിവരമുള്ളവര്‍ അറിയിക്കണമെന്ന പൊലീസിന്‍െറ പത്രപരസ്യമാണ് ഫെബ്രുവരി ഒമ്പതിന് ഭജന്‍പുര സ്റ്റേഷന്‍ ചുമതലയുള്ള ഓഫിസര്‍ കാണുന്നത്. അന്ന് വൈകീട്ടുതന്നെ രണ്ട് അല്‍ബദ്ര്‍ തീവ്രവാദികള്‍ ആര്‍.ഡി.എക്സും വെടിക്കോപ്പുകളും സ്ഫോടക വസ്തുക്കളുമായി പിടിയിലായെന്നുപറഞ്ഞ് സ്പെഷല്‍ സെല്‍ ഇരുവരെയും പുറത്ത് കാണിച്ചു. ആഴ്ചകളോളം ഇരുവരെയും നിയമവിരുദ്ധമായി കസ്റ്റഡിയില്‍വെച്ച് ഭീകരപ്രവര്‍ത്തനത്തിന് ഗൂഢാലോചന നടത്തിയെന്നാരോപിച്ച് കേസില്‍ കുടുക്കുകയായിരുന്നു. 2006 ഫെബ്രുവരി ഒമ്പതിന് ജമ്മുവില്‍നിന്ന് ഒരു ബസില്‍ വന്ന് ഡല്‍ഹിയിലെ മുകര്‍ബ ചീക്കില്‍ വന്നിറങ്ങുമ്പേള്‍ ആയുധങ്ങളുമായി ഇവരെ പിടികൂടുകയായിരുന്നുവെന്നാണ് കുറ്റപത്രത്തിലുള്ളത്.
അന്വേഷണത്തിനൊടുവില്‍ ഇരുവരും നിരപരാധികളാണെന്ന് സി.ബി.ഐ വിചാരണ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. എന്നാല്‍, സി.ബി.ഐ റിപ്പോര്‍ട്ട് മാറ്റിവെച്ച വിചാരണ കോടതി സ്പെഷല്‍ സെല്‍ സമര്‍പ്പിച്ച കുറ്റപത്രം സ്വീകരിച്ചു. ഇതിനെതിരെ ഹൈകോടതിയിലും സുപ്രീംകോടതിയിലും നിരവധി തവണ ഇരുവരുടെയും കുടുംബങ്ങള്‍ നടത്തിയ നിയമപോരാട്ടത്തിനൊടുവിലാണ് വ്യാഴാഴ്ച വിചാരണ കോടതി ഇരുവരെയും കുറ്റവിമുക്തരാക്കിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.