ജമ്മു അതിർത്തിയിൽ തീവ്രവാദികളുടെ തുരങ്കം കണ്ടെത്തി -VIDEO
text_fieldsശ്രീനഗർ: ജമ്മു-കശ്മീരിലെ സാംബ ജില്ലയിൽ അന്താരാഷ്ട്ര അതിർത്തിക്കടിയിൽ തീവ്രവാദികളുടെ തുരങ്കം കണ്ടെത്തി. അതിർത്തി രക്ഷാസേനയുടെ നേതൃത്വത്തിൽ ദിവസങ്ങളായി മേഖലയിൽ തുടരുന്ന പരിശോധനക്കിടെയാണ് തുരങ്കം ശ്രദ്ധയിൽപെട്ടത്.
അമർനാഥ് തീർഥാടനം അട്ടിമറിക്കാനുള്ള തീവ്രവാദികളുടെ നീക്കമാണ് തകർത്തതെന്ന് അതിർത്തി രക്ഷാസേന വൃത്തങ്ങൾ വ്യക്തമാക്കി.
പാകിസ്താൻ ഭാഗത്തുനിന്ന് ഇന്ത്യൻ അതിർത്തിക്കുള്ളിലേക്ക് നീളുന്നതാണ് തുരങ്കം. 150 മീറ്ററാണ് നീളം. രണ്ട് അടി വ്യാസമുള്ള തുരങ്കമുഖം സംരക്ഷിക്കാൻ 21 മണൽചാക്കുകൾ അടുക്കിയിട്ടുണ്ട്. കൂടുതൽ പരിശോധനകൾ നടന്നുവരുകയാണ്. തുരങ്കത്തിന് അധികം പഴക്കമില്ലെന്നാണ് നിഗമനം.
ചക് ഫഖ്യുറയിലെ ഇന്ത്യൻ അതിർത്തി പോസ്റ്റിൽനിന്ന് 300 മീറ്റർമാത്രം അകലെയായിരുന്നു തുരങ്കമുഖം. ഈ മേഖലയിലെ അവസാന ഇന്ത്യൻ ഗ്രാമത്തിൽ നിന്ന് വെറും 700 മീറ്റർ അകലെയും.
ഏപ്രിൽ 22ന് സി.ഐ.എസ്.എഫ് ബസ് ആക്രമിച്ച ചാവേറുകളെ വെടിവെച്ചുകൊന്നതിന് പിന്നാലെ പ്രദേശത്ത് നടത്തിയ ഊർജിതമായ തെരച്ചിലിനൊടുവിലാണ് തുരങ്കം കണ്ടെത്തിയത്. ജാഗ്രതയോടെ പ്രവർത്തിച്ച സേനാംഗങ്ങളെ ബി.എസ്.എഫ് ഐ.ജി ഡി.കെ ബൂര അഭിനന്ദിച്ചു. ഒന്നര വർഷത്തിനുള്ളിൽ അതിർത്തിയിൽ കണ്ടെത്തുന്ന അഞ്ചാമത്തെ തുരങ്കമാണിത്.
പാക് ബന്ധമുള്ള നാല് തീവ്രവാദികൾ ഹരിയാനയിൽ പിടിയിൽ
ചണ്ഡിഗഢ്: തെലങ്കാനയിലേക്ക് സ്ഫോടക വസ്തുക്കൾ എത്തിക്കാൻ ശ്രമിച്ച പാകിസ്താൻ ബന്ധമുള്ള, ഖലിസ്ഥാൻ തീവ്രവാദികളെന്ന് സംശയിക്കപ്പെടുന്ന നാല് പേർ ഹരിയാനയിലെ കർണാലിൽ പിടിയിൽ. ഭൂപീന്ദർ സിങ്(ലുധിയാന), ഗുർപ്രീത് സിങ്, പർമീന്ദർ സിങ്, അമൻദീപ് സിങ്(മൂവരും ഫിറോസ്പുർ) എന്നിവരാണ് അറസ്റ്റിലായത്. ഇവർ സഞ്ചരിച്ചിരുന്ന വാഹനങ്ങളിൽ നിന്നും ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തതായി കർണാൽ പൊലീസ് സൂപ്രണ്ട് ഗംഗാ റാം പുനിയ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
പാകിസ്താൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന തീവ്രവാദിയായ ഹർവീന്ദർ സിങ് റിന്ദയുമായി ഇവർ ബന്ധപ്പെട്ടിരുന്നുവെന്നും സ്ഫോടക വസ്തുക്കളും ആയുധങ്ങളും എത്തിക്കുന്നതിനായി അയാൾ ആപ് വഴി ലൊക്കേഷൻ അയച്ചുകൊടുത്തതായും പൊലീസ് പറഞ്ഞു.
ഹരിയാന,പഞ്ചാബ് പൊലീസ് സേനകൾ സംയുക്തമായി നടത്തിയ ഓപറേഷനിലാണ് നാലു പേരും അറസ്റ്റിലായത്. പഞ്ചാബികളായ നാലു പേരും കർണാലിലെ ബസ്റ്റാര ടോൾ പ്ലാസക്ക് സമീപത്ത് നിന്നുമാണ് പിടിയിലായത്. ഇവരെ കോടതിയിൽ ഹാജരാക്കിയ ശേഷം പൊലീസ് കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യംചെയ്യും. കൂടുതൽ അന്വേഷണങ്ങൾക്കായി പ്രത്യേക സംഘത്തെ നിയമിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.