സാമ്പത്തിക തകർച്ചയും കോവിഡും തീവ്രവാദികൾ മുതലെടുക്കുന്നെന്ന് ഇന്ത്യ യു.എന്നിൽ
text_fieldsഡൽഹി: സാമ്പത്തിക തകർച്ചയും കോവിഡ്മൂലമുണ്ടായ അരക്ഷിതാവസ്ഥയും തീവ്രവാദികൾ മുതലെടുക്കുന്നെന്ന് ഇന്ത്യ യു.എന്നിൽ. ലോക്ഡൗൺ കാരണം രൂപപ്പെട്ട സാമ്പത്തികവും വൈകാരികവുമായ ദുരിതങ്ങൾ മുതലെടുക്കാൻ തീവ്രവാദികൾ തീവ്രശ്രമം നടത്തുകയാണെന്നും മനുഷ്യാവകാശ കൗൺസലിെൻറ 45-ാമത് സെഷനിൽ ഇന്ത്യ പറഞ്ഞു.
'സുരക്ഷാ സേനയെയും ആരോഗ്യ പ്രവർത്തകരെയും ലക്ഷ്യമിടാൻ തീവ്രവാദ ഗ്രൂപ്പുകൾ ശ്രമിക്കുന്നുണ്ട്. ജീവകാരുണ്യ പ്രവർത്തനങ്ങളുടെ മറവിൽ പണം സ്വരൂപിക്കുകയാണ് ഇവർ ചെയ്യുന്നത്. വാസ്തവത്തിൽ അത് ഭീകരതയ്ക്ക് ധനസഹായം നൽകാൻ ഉപയോഗിക്കുകയാണ്'-ജനീവയിലെ യുഎൻ മിഷൻ ഓഫ് ഇന്ത്യയുടെ പ്രഥമ സെക്രട്ടറി പവൻ ബാദെ പറഞ്ഞു. 'ശ്രദ്ധ ആവശ്യമുള്ള മനുഷ്യാവകാശ സാഹചര്യങ്ങൾ'എന്ന വിഷയത്തിലുള്ള ചർച്ചക്കിടയിലാണ് ഇന്ത്യൻ പ്രതിനിധി ഇത് പറഞ്ഞത്.
'ഓൺലൈനിലും സോഷ്യൽ മീഡിയയിലും ആളുകളുടെ വർധിച്ച സാന്നിധ്യം മുതലാക്കി വിദ്വേഷ പ്രസംഗങ്ങൾ, വ്യാജ വാർത്തകൾ, വീഡിയോകൾ എന്നിവ പ്രചരിപ്പിക്കാൻ തീവ്രവാദികൾ ലക്ഷ്യമിടുന്നു. ദുർബല വ്യക്തികളെ പ്രലോഭിപ്പിക്കുകയും ബന്ധം സ്ഥാപിക്കുകയും അവരെ കേഡറുകളിൽ ഉൾപ്പെടുത്തുകയുമാണ് ഇവരുടെ ഉദ്ദേശ്യം. തീവ്രവാദ പ്രത്യയശാസ്ത്രങ്ങളുടെ വ്യാപനത്തെ ചെറുക്കാനും അവരുമായി ബന്ധപ്പെടുന്നവരെ തിരിച്ചെത്തിക്കാനും കഴിയുന്ന സമൂഹത്തെ വളർത്തിയെടുക്കേണ്ടതിെൻറ ആവശ്യകത ഞങ്ങൾ അടിവരയിടുന്നു,'-പവൻ ബാദെ കുട്ടിച്ചേർത്തു.
ഭീകരത മൂലമുണ്ടായ വിനാശകരമായ മനുഷ്യാവകാശ ലംഘനങ്ങളിൽ നിന്ന് മാറിനിൽക്കാൻ കൗൺസലിന് കഴിയില്ലെന്നും തീവ്രവാദ പ്രത്യയശാസ്ത്രങ്ങളുടെ വളർച്ച തടയുന്നതിനും കുട്ടികളിലും ചെറുപ്പക്കാരിലും അവബോധം സൃഷ്ടിക്കുന്നതിലും പ്രധാന പങ്ക് വഹിക്കേണ്ടതുണ്ടെന്നും ഇന്ത്യൻ പ്രതിനിധി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.