ജമ്മു കശ്മീരിൽ സൈനിക വാഹനങ്ങൾക്ക് നേരെ വീണ്ടും ഭീകരവാദി ആക്രമണം; സൈന്യം തിരിച്ചടിച്ചു
text_fieldsശ്രീനഗർ: ജമ്മു കശ്മീരിലെ പൂഞ്ചിൽ സൈനിക വാഹനങ്ങൾക്ക് നേരെ വീണ്ടും ഭീകരവാദികളുടെ ആക്രമണം. വെള്ളിയാഴ്ച വൈകിട്ടോടെ പൂഞ്ചിലെ ലോവർ കൃഷ്ണ ഘാട്ടി സെക്ടറിലെ ധാരാ ധുള്ളിയൻ മേഖലയിലാണ് വെടിവെപ്പുണ്ടായത്.
മരണമോ പരിക്കോ റിപ്പോർട്ട് ചെയ്തിട്ടില്ല. കുന്നിൻചെരിവിൽ മറഞ്ഞിരുന്ന് വെടിയുതിർത്ത ഭീകരവാദികൾക്ക് നേരെ സൈന്യം തിരിച്ചടിച്ചതോടെ രക്ഷപ്പെട്ടതായാണ് റിപ്പോർട്ട്.
തുടർച്ചയായി ഉണ്ടാകുന്ന ഭീകരാക്രമണങ്ങളെ നേരിടാൻ പദ്ധതികൾ ആസൂത്രണം ചെയ്യാൻ നോർത്തേൺ കമാൻഡിംഗ്-ഇൻ-ചീഫ് ലെഫ്റ്റനന്റ് ജനറൽ ഉപേന്ദ്ര ദ്വിവേദി ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ പൂഞ്ചിൽ എത്തിയിരിക്കെയാണ് ആക്രമണം.
പ്രദേശത്ത് ഒരു മാസത്തിനുള്ളിൽ സൈന്യത്തിന് നേരെയുണ്ടാകുന്ന രണ്ടാമത്തെ ആക്രമണമാണിത്. ഡിസംബർ 22ന് പൂഞ്ചിലെ ദേരാകി ഗലിയിൽ നടന്ന ഭീകരാക്രമണത്തിൽ നാല് സൈനികർ വീരമൃത്യു വരിച്ചിരുന്നു.
ഭീകരാക്രമണങ്ങൾ തുടർച്ചയായിരുന്ന പിർ പഞ്ചൽ,രജൗറി, പൂഞ്ച് മേഖലകളിൽ 2003ലാണ് തീവ്രവാദ മുക്തമേഖലയാക്കിയത്. എന്നാൽ 2021ൽ വീണ്ടും ഭീകരവാദി ആക്രമണങ്ങൾ പുനരാരംഭിക്കുകയായിരുന്നു. കഴിഞ്ഞ ഏഴുമാസത്തിനിടെ നടന്ന ആക്രമണങ്ങളിൽ 20 സൈനികർക്കാണ് ജീവൻ നഷ്ടമായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.