ബൈസാരനിലെത്താൻ ഭീകരർ കാൽനടയായി സഞ്ചരിച്ചത് 22 മണിക്കൂർ; ഭീകരാക്രമണത്തിനിടെ മൊബൈൽ ഫോണുകളും തട്ടിയെടുത്തു
text_fieldsന്യൂഡൽഹി: ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന ആക്രമണത്തിനിടെ ഭീകരർ മൊബൈൽ ഫോണുകൾ തട്ടിയെടുത്തതായി റിപ്പോർട്ട്. വിനോദസഞ്ചാരിയുടെയും പ്രദേശവാസിയുടെയും മൊബൈൽ ഫോണുകളാണ് തട്ടിയെടുത്തതെന്ന് ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഇന്ത്യടുഡെ റിപ്പോർട്ട് ചെയ്യുന്നു.
അതിനിടെ, 26 പേർ കൊല്ലപ്പെട്ട ഭീകരാക്രമണത്തിന്‍റെ കൂടുതൽ വിവരങ്ങളും പുറത്തുവരുന്നുണ്ട്. ആക്രമണം നടത്താനായി മണിക്കൂറുകൾ നീണ്ട കാൽനടയാത്രക്ക് ശേഷമാണ് ഭീകരർ ബൈസാരൻ താഴ്വരയിൽ എത്തിയതെന്നാണ് പുതിയ വിവരം. കൊക്കർനാഗ് വനത്തിലൂടെ ഭീകരർ 20 മുതൽ 22 മണിക്കൂർ വരെ കാൽനടയായി സഞ്ചരിച്ചു.
പഹൽഗാം ഭീകരാക്രമണത്തിൽ നാലു ഭീകരർ ഉൾപ്പെട്ടതായി സൈന്യം സ്ഥിരീകരിച്ചിട്ടുണ്ട്,. ഇതിൽ മൂന്നു പേർ പാകിസ്താനിൽ നിന്നുള്ള ഭീകരരും പ്രാദേശിക ഭീകരരായ ആദിൽ ഹുസൈൻ തോക്കറും ആണ്. അലി ഭായ് എന്നറിയപ്പെടുന്ന തൽഹ ഭായ്, ഹാഷിം മൂസ എന്നറിയപ്പെടുന്ന സുലൈമാൻ എന്നിവരാണ് പാകിസ്താനിൽ നിന്നുള്ളവർ.
അനന്ത്നാഗ് പ്രദേശവാസിയായ ആദിൽ ഹുസൈൻ തോക്കർ, 2018ലാണ് ഭീകരവാദ സംഘടനയായ ഹിസ്ബുൽ മുജാഹിദീനിൽ ചേർന്നത്. തുടർന്ന് സാധുവായ രേഖകൾ ഉപയോഗിച്ച് പാകിസ്താനിലേക്ക് കടന്നു. ലഷ്കറെ ത്വയ്യിബയിൽ നിന്ന് പരിശീലനം നേടിയ ഇയാൾ 2024ൽ കഴ്മീർ താഴ്വരയിൽ മടങ്ങിയെത്തി. കഴ്മീരിലെത്തിയ തോക്കർ പാക് തീവ്രവാദികൾക്കായി പ്രവർത്തിച്ചെന്നും ദുർഘട ഭൂപ്രദേശങ്ങളിൽ വഴികാട്ടിയായെന്നുമാണ് പറയപ്പെടുന്നത്.
എ.കെ. 27 മെഷീൻ ഗണ്ണും എം4 റൈഫിൾസുമാണ് ഭീകരർ ആക്രമണത്തിനായി ഉപയോഗിച്ചതെന്ന് ഫോറൻസിക് പരിശോധനയിൽ സ്ഥിരീകരിച്ചിട്ടുണ്ട്. ബൈസാരൻ പുൽമേട്ടിൽ നിന്ന് കണ്ടെടുത്ത വെടിയുണ്ടകളിൽ നിന്നാണ് ഇക്കാര്യം സൈന്യം സ്ഥിരീകരിച്ചത്.
തെക്കൻ കശ്മീരിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ പഹൽഗാമിൽ സഞ്ചാരികൾക്ക് നേരെ ഏപ്രിൽ 22ന് നടന്ന ഭീകരാക്രമണത്തിൽ പ്രദേശവാസി ഉൾപ്പെടെ 26 പേരാണ് കൊല്ലപ്പെട്ടത്. 20 പേർക്ക് ഭീകരാക്രമണത്തിൽ പരിക്കേറ്റു.
ഭീകരാക്രമണത്തെ തുടർന്നാണ് പാകിസ്താനുമായുള്ള 1960ലെ സിന്ധു നദീജല കരാർ മരവിപ്പിക്കാൻ ഇന്ത്യ തീരുമാനിച്ചത്. അതിർത്തി കടന്നുള്ള ഭീകരതയെ പിന്തുണക്കുന്നത് ഉപേക്ഷിക്കുന്നതു വരെയാണ് സിന്ധു നദീജല കരാർ റദ്ദാക്കുന്നത്. പാകിസ്താൻ പൗരന്മാരുടെ സാർക്ക് വിസ റദ്ദാക്കുകയും 48 മണിക്കൂറിനുള്ളിൽ രാജ്യം വിടാൻ ആവശ്യപ്പെടുകയും ചെയ്തു.
അട്ടാരിയിലെ ഇന്റഗ്രേറ്റഡ് ചെക്ക് പോസ്റ്റ് ഉടനടി അടച്ചുപൂട്ടും. ന്യൂഡൽഹിയിലെ പാകിസ്താൻ ഹൈകമീഷനിലെ പ്രതിരോധ, സൈനിക, നാവിക, വ്യോമ ഉപദേഷ്ടാക്കൾക്ക് ഇന്ത്യ വിടാൻ ഒരാഴ്ച സമയമനുവദിച്ചു. ഇസ്ലാമാബാദിലെ ഇന്ത്യൻ ഹൈക്കമീഷനിൽ നിന്ന് ഇന്ത്യ ഉപദേഷ്ടാക്കളെ പിൻവലിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.