ടിപ്പുവിനെ കുറിച്ച പാഠഭാഗം നീക്കേണ്ടതില്ലെന്ന് പാഠപുസ്തക പുനഃപരിശോധന സമിതി
text_fieldsബംഗളൂരു: 18ാം നൂറ്റാണ്ടിലെ മൈസൂർ രാജാവായിരുന്ന ടിപ്പു സുൽത്താനെ കുറിച്ചുള്ള പാഠഭാഗം നീക്കേണ്ടതില്ലെന്ന് കർണാടക പാഠപുസ്തക പുനഃപരിശോധന സമിതിയുടെ റിപ്പോർട്ട്. ടിപ്പുവിനെ കുറിച്ചുള്ള വർണനകൾ കുറച്ച് പാഠഭാഗം നിലനിർത്താമെന്നാണ് സർക്കാർ നിയോഗിച്ച സമിതിയുടെ നിർദേശം.
വടക്കുകിഴക്കൻ മേഖലയിൽ 600 വർഷത്തോളം ഭരണം നടത്തിയ അഹോം രാജവംശത്തെ കുറിച്ചും കശ്മീർ താഴ്വരയിലെ കർകോട്ട രാജവംശത്തെ കുറിച്ചും പാഠപുസ്തകത്തിൽ ഉൾപ്പെടുത്തണമെന്നും എഴുത്തുകാരൻ രോഹിത് ചക്രതീർഥ അധ്യക്ഷനായ സമിതി നിർദേശിച്ചു.
ഭരണാധികാരിയെന്ന നിലയിൽ ടിപ്പുവിനെ പാഠപുസ്തകത്തിൽനിന്ന് ഒഴിവാക്കാനാവില്ലെന്നും എന്നാൽ, ടിപ്പുവിനെ പർവതീകരിക്കുന്ന രീതിയിൽ ചിത്രീകരിക്കാനാവില്ലെന്നുമാണ് സമിതിയുടെ നിലപാട്.
കഴിഞ്ഞ കോൺഗ്രസ് സർക്കാറിന്‍റെ കാലത്ത് പ്രഫ. ബേഗൂർ രാമചന്ദ്രപ്പയുടെ നേതൃത്വത്തിലുള്ള പാഠപുസ്തക സമിതി തയാറാക്കിയ പുസ്തകത്തിൽ ടിപ്പുവിന് അമിത പ്രാധാന്യം നൽകിയിരുന്നതായും അത് ഇപ്പോൾ നീക്കുന്നതായുമാണ് വിദ്യാഭ്യാസ വകുപ്പ് അധികൃതർ അറിയിച്ചത്. ടിപ്പുവിനെ കുറിച്ച ഭാഗം സ്കൂൾ പാഠപുസ്തകത്തിൽനിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മടിക്കേരി ബി.ജെ.പി എം.എൽ.എ അപ്പാച്ചു രഞ്ജൻ സർക്കാറിന് കത്ത് നൽകിയിരുന്നു. കുടക് മേഖലയിൽ ഹിന്ദുക്കളെ മതംമാറ്റാൻ ടിപ്പു ശ്രമിച്ചിരുന്നതായും ക്ഷേത്രങ്ങൾ തകർത്തതായും അദ്ദേഹം ആരോപണം ഉന്നയിച്ചു.
സംഘ്പരിവാർ-ബി.ജെ.പി നേതാക്കളും സമാന ആവശ്യമുന്നയിച്ച് രംഗത്തെത്തിയതോടെയാണ് സർക്കാർ 2021 സെപ്റ്റംബർ എട്ടിന് റിവ്യൂ പാനലിനെ നിശ്ചയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.