'ബാങ്കി'ൽ നിന്ന് വിളിച്ചു, ആപ്പ് കയറ്റി; അക്കൗണ്ടിലെ 9.5 ലക്ഷം രൂപ സ്വാഹ!
text_fieldsതാനെ: ആപ്പ് പ്രവൃത്തിക്കാത്തതിനെ തുടർന്ന് ബാങ്കിൽ വിളിച്ച് പരാതിപ്പെട്ടയാളുടെ അക്കൗണ്ടിൽനിന്ന് 9.53 ലക്ഷം രൂപ നഷ്ടമായി. മഹാരാഷ്ട്രയിലെ താനെയിൽ 53കാരനായ മുൻ നാവിക സേന ഉദ്യോഗസ്ഥനാണ് തട്ടിപ്പിനിരയായത്.
ദേശസാൽകൃത ബാങ്കിൽ അക്കൗണ്ടുള്ള ഇദ്ദേഹം ബാങ്കിന്‍റെ മൊബൈൽ ആപ്പ് പ്രവർത്തനരഹിതമായതിനാൽ ജനുവരി 23ന് കസ്റ്റമർ കെയർ ഡെസ്‌കുമായി ബന്ധപ്പെട്ട് പരാതിപ്പെട്ടിരുന്നു. തുടർന്ന് ബാങ്കിൽനിന്ന് എന്ന പേരിൽ ഒരു ഫോൺകോൾ വന്നു.
മൊബൈൽ ഫോണിൽ ആപ്പ് ഡൗൺലോഡ് ചെയ്യാനും രഹസ്യവിവരങ്ങൾ പങ്കുവെക്കാനും ആവശ്യപ്പെട്ടു. ഇതനുസരിച്ചപ്പോഴാണ് നിലവിൽ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന ബദ്‌ലാപൂർ സ്വദേശിയായ ഇദ്ദേഹത്തിന്‍റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് അജ്ഞാതൻ 9.53 ലക്ഷം രൂപ പിൻവലിച്ചതെന്ന് ബദ്‌ലാപൂർ (വെസ്റ്റ്) പൊലീസ് അറിയിച്ചു.
കസ്റ്റമർ സർവിസ് സെൽ എക്‌സിക്യൂട്ടീവ് എന്ന പേരിലാണ് ഫോൺ വന്നത്. 'AnyDesk' എന്ന ആപ്പ് ഡൗൺലോഡ് ചെയ്യാൻ അയാൾ ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് ചില നിർദേശങ്ങൾ നൽകുകയും ബാങ്ക് അക്കൗണ്ടിനെക്കുറിച്ചുള്ള ചില വിവരങ്ങൾ ആരായുകയും ചെയ്തു. പിന്നീട് യൂസർ ഐഡിയും പാസ്‌വേഡും മാറിയെന്നും ആപ്പ് ഉപയോഗിക്കാമെന്നും ഇയാൾ അക്കൗണ്ട് ഉടമയോട് പറഞ്ഞു.
എന്നാൽ, ജനുവരി 24ന് തന്‍റെ അക്കൗണ്ടുമായി ബന്ധിപ്പിച്ച മൊബൈൽ നമ്പർ മാറിയതായി ബാങ്കിൽ നിന്ന് യുവാവിന് സന്ദേശം ലഭിച്ചു. അതേക്കുറിച്ച് അന്വേഷിക്കാൻ ബാങ്കിൽ പോയപ്പോഴാണ് തന്‍റെ അക്കൗണ്ടിൽ നിന്ന് മറ്റൊരു അക്കൗണ്ടിലേക്ക് 9,53,363 രൂപ ട്രാൻസ്ഫർ ചെയ്തതായി വിവരം ലഭിച്ചതെന്ന് ഇദ്ദേഹം പറഞ്ഞു.
തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു. ഇന്ത്യൻ ശിക്ഷാ നിയമം സെക്ഷൻ 420 (വഞ്ചന), ഇൻഫർമേഷൻ ടെക്‌നോളജി നിയമത്തിലെ വകുപ്പുകൾ എന്നിവ പ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.