എല്ലാവരോടും നന്ദി, അമ്മയുടെ പോരാട്ടത്തിന്‍റെ വിജയമെന്ന് പേരറിവാളൻ
text_fieldsചെന്നൈ: രാജീവ് ഗാന്ധി വധക്കേസിൽ 31 വർഷത്തിന് ശേഷം ജയിൽ മോചിതനാക്കിയ സുപ്രീംകോടതി വിധിയിൽ പ്രതികരണവുമായി പേരറിവാളൻ. എല്ലാവരോടും നന്ദി പറയുന്നതായി പേരറിവാളൻ മാധ്യമങ്ങളോട് പറഞ്ഞു.
ഓരോ കാലഘട്ടത്തിലും വിവിധ സംഘടനകളും വ്യക്തികളും നടത്തിയ സമരത്തിന്‍റെ ഫലമായാണ് തന്‍റെ മോചനം. വധശിക്ഷക്കെതിരായ സമരമായും ഇതിനെ കാണാനാവും. ജീവിതത്തിൽ സമയം കിട്ടുമ്പോഴെല്ലാം പിന്തുണച്ച എല്ലാവരെയും നേരിൽ കാണുകയും അവരോട് നന്ദി പറയുകയും ചെയ്യും.
സി.ബി.ഐ അന്വേഷണ ഉദ്യോഗസ്ഥനായ ത്യാഗരാജൻ ഐ.പി.എസിന്‍റെ ഏറ്റുപറച്ചിൽ കേസിൽ നിർണായകമായിരുന്നു. ജസ്റ്റിസുമാരായ കൃഷ്ണയ്യരോടും കെ.ടി തോമസിനോടും പ്രത്യേകം കടപ്പാട് രേഖപ്പെടുത്തുന്നു.
മാതാവ് അർപുതമ്മാൾ നടത്തിയ പോരാട്ടത്തിന്‍റെ വിജയമാണിത്. അമ്മ, അച്ഛൻ, സഹോദരിമാർ, സഹോദരിയുടെ ഭർത്താവ് തുടങ്ങിയവരുടെ പിന്തുണയും മനക്കരുത്തുമാണ് തന്നെ മുന്നോട്ടുനയിച്ചത്. തനിക്കു വേണ്ടി അമ്മ അവരുടെ സ്വകാര്യ ജീവിതം ഹോമിച്ചു. അവർ ജീവിച്ചിരിക്കുമ്പോൾ നീതി ലഭിക്കണമെന്നായിരുന്നു ആഗ്രഹം. ഇത് തങ്ങളുടെ കുടുംബത്തിന്‍റെ മാത്രം പോരാട്ടമല്ലെന്നും പേരറിവാളൻ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.