സുപ്രീംകോടതിയോട് നന്ദിയുണ്ട്; സിദ്ദീഖ് കാപ്പന്‍റെ ഭാര്യ റൈഹാനത്ത്
text_fieldsന്യൂഡൽഹി: യു.പി സർക്കാർ ജയിലിലടച്ച മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പന് സുപ്രീംകോടതി ജാമ്യം അനുവദിച്ചതിൽ സന്തോഷമുണ്ടെന്ന് ഭാര്യ റൈഹാനത്ത്.
രണ്ടു വർഷം ജയിലിൽ കിടന്നത് നിസ്സാരകാര്യമല്ല. കേസ് സുപ്രീംകോടതിക്ക് മുന്നിലെത്തിയപ്പോൾ അവർക്ക് കാര്യങ്ങൾ വ്യക്തമായെന്നും ജാമ്യം അനുവദിച്ചതിൽ നന്ദിയുണ്ടെന്നും റൈഹാനത്ത് മാധ്യമങ്ങളോട് പ്രതികരിച്ചു. യു.എ.പി.എ കുറ്റം ചുമത്തപ്പെട്ട സിദ്ദീഖ് കാപ്പൻ രണ്ടു വർഷത്തോളമായി യു.പിയിലെ ജയിലിലാണ്.
അലഹബാദ് ഹൈകോടതിയുടെ ലഖ്നൗ ബെഞ്ച് ജാമ്യം നിഷേധിച്ചതോടെയാണ് സുപ്രീംകോടതിയെ സമീപിച്ചത്. ഉത്തർ പ്രദേശിലെ ഹാഥറസിൽ ദലിത് പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവം റിപ്പോർട്ട് ചെയ്യാൻ പോകുന്നതിനിടെയാണ് സിദ്ദീഖ് കാപ്പൻ അറസ്റ്റിലാകുന്നത്.
2020 ഒക്ടോബർ മുതൽ യു.പിയിലെ ജയിലിൽ കഴിയുന്ന അദ്ദേഹത്തിനെതിരെ യു.എ.പി.എക്കൊപ്പം ഇ.ഡി കേസും ചുമത്തിയിരുന്നു. ഇ.ഡി കേസിൽ കൂടി ജാമ്യം നേടിയാൽ കാപ്പന് ജയിൽ മോചിതനാകാനാകും. സിദ്ദീഖ് കാപ്പനെതിരെ വിശ്വാസയോഗ്യമായ തെളിവില്ലെന്ന് സുപ്രീംകോടതിക്ക് ബോധ്യപ്പെട്ടതോടെയാണ് അദ്ദേഹത്തിന് കോടതി ജാമ്യം അനുവദിച്ചതെന്ന് അഭിഭാഷകൻ ഹാരിസ് ബീരാൻ പ്രതികരിച്ചു.
പ്രോസിക്യൂഷൻ പറയുന്ന കാര്യങ്ങളിൽ പ്രഥമദൃഷ്ട്യ തെളിവില്ലെന്ന് തോന്നിയാൽ മാത്രമോ കോടതിക്ക് ജാമ്യം അനുവദിക്കാവുവെന്നാണ് യു.എ.പി.എ നിയമം പറയുന്നത്. ഗൂഢാലോചനയൽ എങ്ങനെയാണ് സിദ്ദീഖ് കാപ്പന് പങ്കുള്ളതെന്ന് കോടതി ചോദിച്ചെങ്കിൽ പ്രോസിക്യൂഷന് വ്യക്തമായ മറുപടിയില്ലായിരുന്നു. പൗരന് അഭിപ്രായ സ്വാതന്ത്ര്യമുള്ള നാടാണിതെന്നും കോടതി ഓർമപ്പെടുത്തി.
ഉപ്പയും ഉമ്മയും എത്തുന്നതും കാത്ത് സിദാൻ
വേങ്ങര: രണ്ടുവര്ഷത്തെ കാത്തിരിപ്പിനൊടുവിൽ ജയിലിൽനിന്ന് ഇറങ്ങുന്ന പിതാവ് സിദ്ദീഖ് കാപ്പന്‍റെ വരവ് പ്രതീക്ഷിച്ചിരിക്കുകയാണ് മകൻ സിദാൻ. സുപ്രീംകോടതിയിൽ കേസ് നടക്കുന്നതിനാൽ വേങ്ങര പൂച്ചോലമാട്ടെ കുടുംബവീട് അടച്ചിട്ട് സിദ്ദീഖ് കാപ്പന്‍റെ ഭാര്യ റൈഹാനയും രണ്ട് മക്കളും ഡൽഹിയിലാണ്. ഹൈസ്കൂൾ വിദ്യാർഥിയായ സിദാൻ മാത്രമാണ് നാട്ടിലുള്ളത്. പിതാവ് ചെയ്ത കുറ്റമെന്താണെന്ന് ആർക്കും പറയാൻ കഴിയുന്നില്ലെന്ന് സിദാൻ പറഞ്ഞു. മഹത്തായ നമ്മുടെ ഭരണഘടന നമുക്ക് അനുവദിച്ചുനൽകുന്ന സഞ്ചാര സ്വാതന്ത്ര്യവും അഭിപ്രായസ്വാതന്ത്ര്യവുമൊക്കെ ആരാണ് ഹനിച്ചുകളയുന്നതെന്നും ഈ മിടുക്കൻ ചോദിക്കുന്നു. സിദ്ദീഖ് കാപ്പന്‍റെ മാതാവ് ഏതാനും മാസങ്ങൾക്കു മുമ്പ് മരണപ്പെട്ടിരുന്നു. വല്യുമ്മയുടെ മുഖം അവസാനമായി കാണാൻ പോലും അനുവദിക്കാതെ തുറുങ്കിലടച്ച ഭരണകൂടത്തിനുള്ള താക്കീതാണ് സുപ്രീംകോടതിയിൽനിന്ന് പിതാവിന് ലഭിച്ച ജാമ്യമെന്നും സിദാൻ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.