‘നിങ്ങൾക്ക് സീക്രട്ട് ക്രഷ് ഉണ്ടോ എന്ന് ഗായിക, തീർച്ചയായും ഉണ്ടെന്ന് തരൂർ’; മിസോ ഗാനത്തിന് ചുവടുവെച്ച് കോൺഗ്രസ് നേതാവ്
text_fieldsമിസോറമിലെ തെരഞ്ഞെടുപ്പ് പ്രചാരണം ആഘോഷമാക്കി കോൺഗ്രസ് നേതാവ് ശശി തരൂർ എം.പി. വേദിയിൽ പ്രസിദ്ധമായ മിസോ ഗാനത്തിൽ മുഴങ്ങിയപ്പോൾ തരൂർ കൈകൊട്ടുകയും നൃത്തം ചെയ്യുകയും ചെയ്തു. തരൂരിന്‍റെ ഇതുവരെയുള്ള രാഷ്ട്രീയ ജീവിതത്തിലെ ‘ഏറ്റവും രസകരമായ’ തെരഞ്ഞെടുപ്പ് പ്രചാരണമായിരുന്നു മിസോറമിലേത്.
ശനിയാഴ്ച ഐസ്വാളിലെ വനപ ഹാളിൽ തിങ്ങിനിറഞ്ഞ സദസിന് മുമ്പിലായിരുന്നു തരൂരിന്‍റെ വേറിട്ട തെരഞ്ഞെടുപ്പ് കാമ്പയിൻ. പ്രശസ്ത മിസോ ഗായിക സാങ്‌തേയ് ഖുപ്‌തോങ് ആലപിച്ച 'ദി രുക് തേ’ (‘സീക്രട്ട് ക്രഷ്’ എന്നർഥം) എന്ന ഗാനത്തിന്‍റെ ഭാഷ മനസിലായില്ലെങ്കിലും കോൺഗ്രസ് നേതാവ് ചുവടുവെച്ചു.
മിസോറമിലെ ജനങ്ങളുമായുള്ള ശശി തരൂരിന്‍റെ സംവാദത്തിനിടെയാണ് സാങ്‌തേയ് ഖുപ്‌തോങ് ഗാനം ആലപിച്ചത്. ഖുപ്‌തോങ് ആദ്യം പാടിയ ഇംഗ്ലീഷ് ഗാനം ഓഡിറ്റോറിയതിന്‍റെ മുൻനിരയിൽ ഇരുന്ന തരൂർ മൊബൈലിൽ പകർത്തി. ആദ്യ ഗാനത്തിന് ശേഷം വേദി വിടാൻ ഒരുങ്ങിയ ഖുപ്‌തോങ്ങിനോട് ഒരു മിസോ ഗാനം പാടാൻ തരൂർ അഭ്യർഥിച്ചു.
ഗാനം പാടാമെന്ന അറിയിച്ച ഗായിക, തരൂരും പി.സി.സി അധ്യക്ഷൻ ലാൽസവതയും അടക്കം മുതിർന്ന കോൺഗ്രസ് നേതാക്കളെ തന്നോടൊപ്പം വേദി പങ്കിടാൻ ക്ഷണിച്ചു. വേദിയിൽവെച്ച് പാട്ടിന്‍റെ അർഥം ചോദിച്ചറിഞ്ഞ തരൂർ മറ്റ് പാർട്ടി പ്രതിനിധികളോട് അത് വിശദീകരിക്കുകയും ചെയ്തു.
‘നിങ്ങൾക്ക് ഒരു രഹസ്യ പ്രണയമുണ്ടോ’ എന്ന് തരൂരിനോട് ഖുപ്‌ടോങ് ചോദിച്ചു. ‘ആരാണ് പ്രണയിക്കാത്തത്? തീർച്ചയായും എനിക്കുമുണ്ട്’ ഉടൻ തന്നെ തരൂർ മറുപടി നൽകി. തുടർന്ന് ഖുപ്‌ടോങ് ഗാനം ആലപിക്കുകയും തരൂർ അടക്കമുള്ളവർ ചുവടുവെക്കുകയും ചെയ്തു.
തരൂർ നൃത്തം ചെയ്യുന്നതും കൈയടിക്കുന്നതും പാട്ട് മൂളാൻ ശ്രമിക്കുന്നതും കാണാമായിരുന്നു. ഇതോടെ സദസും ഗായികക്കൊപ്പം ചേർന്നു. പാട്ട് പൂർത്തിയാക്കിയ ഖുപ്‌തോങ്ങിൽ നിന്ന് മൈക്ക് വാങ്ങിയ തരൂർ മിസോ ഗാനം പാടിയതിന് നന്ദി പറഞ്ഞു. ‘നിങ്ങൾ അസാമാന്യയാണ്. 15 വർഷത്തെ രാഷ്ട്രീയത്തിനിടെ, ഒരു പ്രചാരണത്തിനിടെ എനിക്ക് ലഭിച്ച രസകരമായ അനുഭവമാണിത്’ -സദസിൽ നിന്നുള്ള യുവാക്കളുടെ കരഘോഷത്തിനിടെ തരൂർ വ്യക്തമാക്കി.
മുമ്പ് അസം സന്ദർശനവേളയിൽ ഗുവാഹത്തിയിൽ ബിഹു ഡാൻസുകാരോടൊപ്പം തരൂർ കൈകൊട്ടി ചുവടുവെച്ചത് സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിലെ സ്ഥാനാർഥിയായിരുന്ന വേളയിലാണ് സംഭവം.
മൂന്നു ദിവസത്തെ സന്ദർശനത്തിനെത്തിയ തരൂരിനോട് വ്യത്യസ്ത വിഷയങ്ങളിൽ നിരവധി ചോദ്യങ്ങളാണ് സദസിൽ നിന്ന് ഉയർന്നത്. എല്ലാ ചോദ്യങ്ങൾക്കും അദ്ദേഹം മറുപടി നൽകി. നവംബർ ഏഴിന് നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ 40 സീറ്റിലും കോൺഗ്രസ് മത്സരിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.