റെബലാകാതെ ഇടം ഉറപ്പിച്ച് തരൂർ
text_fieldsന്യൂഡൽഹി: വിമതന്‍റെ ചാപ്പകുത്തിപ്പോകുമായിരുന്ന കോൺഗ്രസ് തെരഞ്ഞെടുപ്പുകളത്തിൽ തോൽക്കുമെന്ന് ഉറപ്പിച്ചെങ്കിലും തലയുയർത്തിനിൽക്കാനായത് ശശി തരൂരിന്‍റെ നേട്ടം.
കോൺഗ്രസിന്‍റെ തെരഞ്ഞെടുപ്പുചരിത്രത്തിൽ സ്ഥാനംപിടിച്ചതിനൊപ്പം, പാർട്ടിക്കാർ കാതോർക്കുന്ന തിരുത്തൽശബ്ദമായി മാറാനും ചുരുങ്ങിയ സമയംകൊണ്ട് തരൂരിന് കഴിഞ്ഞു. ഫലത്തിൽ തോൽക്കുമ്പോഴും ജയിക്കുകയാണ് തരൂർ.
ഏകപക്ഷീയമായ തെരഞ്ഞെടുപ്പ് എന്ന വിമർശനത്തെ അതിജീവിക്കാൻ തരൂരിന്‍റെ സ്ഥാനാർഥിത്വം കോൺഗ്രസിനും സഹായകമായി. നെഹ്റുകുടുംബത്തിന്‍റെ ഇംഗിതം നടപ്പാക്കാനൊരു പകരക്കാരനെ തെരഞ്ഞെടുക്കുന്ന വെറും വഴിപാടായിത്തന്നെ രാഷ്ട്രീയ എതിരാളികൾ ഇനിയുള്ള ദിവസങ്ങളിലും കോൺഗ്രസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിനെ കാണുമെന്ന് വ്യക്തമാണ്.
എന്നാൽ, വോട്ടർപട്ടികയും ബാലറ്റ് പേപ്പറും ബൂത്തും മഷിയടയാളവുമൊക്കെയായി, ഈ പാർട്ടിയിൽ ജനാധിപത്യമുണ്ടെന്ന് വരുത്താൻ കോൺഗ്രസിനായത് എതിർസ്ഥാനാർഥിയുടെ കരുത്തുകൊണ്ടുകൂടിയാണ്.
നല്ലനിലക്ക് തെരഞ്ഞെടുപ്പ് നടന്നത് പാർട്ടിക്ക് ഗുണകരമായെന്ന് പ്രിയങ്ക ഗാന്ധി തിങ്കളാഴ്ച രാവിലെ ശശി തരൂരിനെ അറിയിച്ചതിൽ നെഹ്റുകുടുംബത്തിന്‍റെ കാഴ്ചപ്പാടുകൂടിയാണ് തെളിഞ്ഞത്. യുദ്ധമല്ല, മത്സരമാണ് നടക്കുന്നതെന്നും നെഹ്റുകുടുംബത്തിന് നിഷ്പക്ഷനിലപാടാണ് തെരഞ്ഞെടുപ്പിൽ ഉള്ളതെന്നും അടിക്കടി ആവർത്തിച്ചുകൊണ്ടിരുന്ന തരൂരിന്, ആരോഗ്യകരമായ മത്സരമാണ് നടക്കുന്നതെന്ന പ്രതീതി പുറത്തും അകത്തും സൃഷ്ടിക്കാനും സാധിച്ചു.
നെഹ്റുകുടുംബത്തിന്‍റെ അപ്രിയം സമ്പാദിക്കാതിരിക്കാൻ തുടക്കം മുതൽതന്നെ ശശി തരൂർ ശ്രദ്ധിച്ചിരുന്നു. പാർട്ടി നിയന്ത്രിച്ചുവരുന്ന മൂന്നു നെഹ്റുകുടുംബാംഗങ്ങളെയും ചെന്നുകണ്ട്, താൻ മത്സരിക്കുന്നതിൽ ഏതെങ്കിലും വിധത്തിലുള്ള നീരസം ഉണ്ടാകാനുള്ള സാധ്യത തരൂർ തുടക്കത്തിൽതന്നെ അടച്ചു.
നെഹ്റുകുടുംബത്തിന്‍റെ മാർഗനിർദേശങ്ങൾ ഭാവിയിലും പാർട്ടിക്ക് ഉണ്ടാകേണ്ടതുണ്ടെന്ന് ഖാർഗെയെപ്പോലെ തന്നെ ആവർത്തിച്ചു. ഇതെല്ലാം വഴി റെബലല്ല തരൂർ എന്ന പ്രതീതി പാർട്ടിക്കുള്ളിൽ സൃഷ്ടിക്കുകയും ചെയ്തു. നയതന്ത്രമേഖലയിൽനിന്ന് കോൺഗ്രസിലേക്കും തിരുവനന്തപുരം ലോക്സഭ മണ്ഡലത്തിലേക്കും നെഹ്റുകുടുംബമാണ് ശശി തരൂരിനെ നൂലിൽ കെട്ടിയിറക്കിയത്.
പാർട്ടിയിലെ ട്രെയിനി മാത്രമാണ് തരൂരെന്ന വിമർശനവും തെരഞ്ഞെടുപ്പുകാലത്ത് ഉയർന്നെങ്കിലും, ഇനിയങ്ങോട്ടുള്ള നാളുകളിൽ കോൺഗ്രസിലെ ശ്രദ്ധിക്കപ്പെടുന്ന ശബ്ദമായിരിക്കും തരൂർ. സ്ഥാനാർഥിത്വത്തിലൂടെ പല നേതാക്കളെയും ഇക്കാര്യത്തിൽ അദ്ദേഹം കടത്തിവെട്ടി.
ജയിക്കുന്നതിനെക്കാൾ, കോൺഗ്രസിലെ തന്‍റെ ഇടവും ശബ്ദവും ഉറപ്പിക്കുന്ന ദൗത്യം സ്ഥാനാർഥിത്വത്തിലൂടെ തരൂർ നേടിയെടുത്തു. വിമതനായി കണ്ട് അവഗണിക്കാനോ പുറന്തള്ളാനോ കഴിയാത്തവിധം തരൂർ സ്വന്തം നിലപാടുതറ ഉറപ്പിച്ചു. ജി-23 അപ്രസക്തവും തരൂർ പ്രസക്തവുമായി മാറിയ തെരഞ്ഞെടുപ്പാണ് ഫലത്തിൽ നടന്നത്.
മത്സരിച്ചത് പാർട്ടിക്കും രാജ്യത്തിനും വേണ്ടി -തരൂർ
തിരുവനന്തപുരം: കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ മത്സരിച്ചത് വ്യക്തിപരമായ നേട്ടത്തിനല്ല പാർട്ടിക്കും രാജ്യത്തിനും വേണ്ടിയാണെന്ന് ശശി തരൂർ. വോട്ട് ചെയ്യാൻ കെ.പി.സി.സി ആസ്ഥാനത്തെത്തിയപ്പോൾ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
തെരഞ്ഞെടുപ്പിൽ നല്ല ആത്മവിശ്വാസമുണ്ട്. ചെയ്യാവുന്നതെല്ലാം ചെയ്തിട്ടുണ്ട്. ഖാര്‍ഗെയുമായി ഫോണില്‍ സംസാരിച്ചു. അദ്ദേഹത്തോട് ആദരവുണ്ട്. ഫലം എന്തായാലും പാര്‍ട്ടിയുടെ വിജയത്തിന് കൂട്ടായ പങ്കാളിത്തമുണ്ടാകും.
ഔദ്യോഗിക സ്ഥാനാർഥിയുണ്ടാകില്ലെന്നും നിഷ്പക്ഷമായിരിക്കുമെന്നും നെഹ്റു കുടുംബം പറഞ്ഞതിൽ പൂർണമായി വിശ്വസിക്കുന്നു. പാർട്ടിയിലെ മാറ്റത്തിനുവേണ്ടിയാണ് താൻ നിലകൊള്ളുന്നത്. താഴെത്തട്ടിൽ പാർട്ടി ശക്തിപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.