ശശി തരൂർ മൂന്ന് രാത്രികൾ മെഹർ തരാറിനൊപ്പം ചെലവഴിച്ചെന്ന് പ്രോസിക്യൂട്ടർ
text_fieldsന്യൂഡൽഹി: കോൺഗ്രസ് നേതാവും എം.പിയുമായ ശശി തരൂർ പാക് പത്രപ്രവർത്തക മെഹർ തരാറിനൊപ്പം മൂന്ന് രാത്രികൾ ദുബൈയിൽ ചെലവഴിച്ചതായി പബ്ലിക് പ്രോസിക്യൂട്ടർ കോടതിയെ അറിയിച്ചു. തരൂരിന്‍റെ ഭാര്യ സുനന്ദ പുഷ്കറിന്‍റെ സുഹൃത്തായ മാധ്യമപ്രവർത്തക നളിനി സിങ് ആണ് ഇക്കാര്യം പറഞ്ഞതെന്നും പബ്ലിക് പ്രോസിക്യൂട്ടർ അതുൽ ശ്രീവാസ്തവ കോടതിയിൽ പറഞ്ഞു.
സുനന്ദ പുഷ്കറിന്‍റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസിൽ നളിനി സിങ് നൽകിയ മൊഴി കോടതിയിൽ വായിച്ചു. തനിക്ക് നാല് വർഷമായി സുനന്ദയെ അറിയാമെന്നും വ്യക്തിപരമായ കാര്യങ്ങൾ സുനന്ദ പങ്കുവെക്കാറുണ്ടായിരുന്നെന്നും മൊഴിയിൽ പറയുന്നു. തരൂരും മെഹർ തരാറും ഒരുമിച്ചുണ്ടായിരുന്ന കാര്യം തന്നോട് പറഞ്ഞതായും നളിനി സിങ് മൊഴിയിൽ പറയുന്നു.
'മരണത്തിന് ഒരു ദിവസം മുമ്പ് സുനന്ദ പുഷ്കർ തന്നെ വിളിച്ചിരുന്നു. ശശി തരൂരും മെഹർ തരാറും പരസ്പരം അയച്ച പ്രണയാർദ്ര മെസേജുകൾ വായിച്ചതായി പറഞ്ഞ് സുനന്ദ കരഞ്ഞു. പൊതു തെരഞ്ഞെടുപ്പിന് ശേഷം സുനന്ദയെ വിവാഹമോചനം ചെയ്യുമെന്നും കുടുംബം ഈ തീരുമാനത്തെ പിന്തുണക്കുമെന്നും മെസേജിലുണ്ടായിരുന്നു.' നളിനി സിങ്ങിന്‍റെ മൊഴിയിൽ പറയുന്നു.
സുനന്ദ പുഷ്കർ കേസിൽ പ്രത്യേക സി.ബി.ഐ കോടതിയിൽ വാദം തുടരുകയാണ്. ജഡ്ജ് അജയ് കുമാർ കുഹാർ ആണ് വാദം കേൾക്കുന്നത്. മാനസിക പീഡനം പോലും സ്ത്രീയോട് കാണിക്കാവുന്ന വലിയ ക്രൂരതയാണെന്ന് ജഡ്ജ് അഭിപ്രായപ്പെട്ടു.
തന്‍റെ അമ്മ ശക്തയായ സ്ത്രീ ആയിരുന്നെന്നും ആത്മഹത്യ ചെയ്യില്ലെന്നും സുനന്ദയുടെ മകൻ ശിവ് മേനോൻ പറഞ്ഞു. സുനന്ദ ആത്മഹത്യ ചെയ്യില്ലെന്ന് സഹോദരൻ ആഷിഷും കോടതിക്ക് മൊഴി നൽകിയിരുന്നു.
സുനന്ദയും ശശി തരൂരും തമ്മിൽ കലഹമുണ്ടായിരുന്നതായി വീട്ടുസഹായിയായ നാരായൺ സിങ് കോടതിയെ അറിയിച്ചു. ദുബൈയിൽ ആയിരുന്നെങ്കിലും കാത്തി എന്ന പെൺകുട്ടിയുടെ പേരിൽ ഇരുവരും കലഹിച്ചിരുന്നു. പുലർച്ചെ നാല് മണി വരെ ഇത് തുടർന്നെന്നും 5.30 വരെ സുനന്ദ ഫോൺ ചെയ്യുന്നുണ്ടായിരുന്നെന്നും നാരായൺ സിങ് പറഞ്ഞു.
ശശി തരൂരിനെതിരെ കൊലക്കുറ്റം ചുമത്തി പ്രോസിക്യൂട്ട് ചെയ്യണമെന്ന് ഡൽഹി പൊലീസ് കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. കേസ് ഒക്ടോബർ 17ന് കോടതി വീണ്ടും പരിഗണിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.