‘രക്ഷിതാക്കളെ ബുദ്ധിപൂർവം തെരഞ്ഞെടുക്കുക’ - വ്യക്തിത്വത്തിന്റെ രഹസ്യം ചോദിച്ച പെൺകുട്ടിയോട് തരൂർ
text_fieldsന്യൂഡൽഹി: തന്റെ വ്യക്തിത്വത്തിന്റെ രഹസ്യം വെളിപ്പെടുത്തി കോൺഗ്രസ് നേതാവ് ശശി തരൂർ. നാഗാലാന്റിലെ യുവജനങ്ങളുമായി തരൂർ സംസാരിക്കുന്നതിന്റെ വിഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്.
വിഡിയോയിൽ തരൂരിന്റെ വലിയ ഫാനാണെന്ന് പറഞ്ഞുകൊണ്ട് ഒരു യുവതിയാണ് അദ്ദേഹത്തിന്റെ വ്യക്തിത്വത്തിന്റെ രഹസ്യം ചോദിക്കുന്നത്.
എങ്ങനെയാണ് ഒരാൾക്ക് അത്ഭുതമുണർത്തും വിധം സുന്ദരനും ഊർജ്ജ്വസ്വലനും അതേസമയം, സമർഥനും ബുദ്ധിശാലിയുമാകാൻ സാധിക്കുന്നത്? ഒന്ന് വിശദീകരിക്കാമോ? -യുവതിയുടെ ചോദ്യം മറ്റ് ശ്രോതാക്കളിൽ ചിരിയുണർത്തി.
നിങ്ങൾ വളരെ നല്ലവളും ഉദാരമതിയുമാണെന്ന് പറഞ്ഞ തരൂർ ഇതേ കുറിച്ച് പറയാനുള്ളതിൽ ചിലത് നിങ്ങൾക്ക് ഒന്നും ചെയ്യാനാകാത്ത കാര്യങ്ങളാണെന്ന് വ്യക്തമാക്കി. ചില കാര്യങ്ങൾ ചെയ്താൽ നിങ്ങൾക്ക് സ്വയം മാറാനാകും. നിങ്ങൾ രക്ഷിതാക്കളെ ബുദ്ധിപൂർവം തെരഞ്ഞെടുക്കുക എന്നതാണ് അതിനെല്ലാമായി എനിക്ക് പറയാനുള്ളത്. ഇതെല്ലാം ജീനിലുള്ളതാണ്. എന്നാൽ എല്ലാത്തിനും അപ്പുറം, നിങ്ങൾ പണിയെടുക്കണം. വായന കുട്ടിക്കാലം മുതലേ ശീലമാണ്. ആ ശീലം കൂടെക്കൂട്ടിയതിനാൽ ഒരുപാട് വായിച്ചു. അതിനാൽ എനിക്ക് കൂടുതൽ കാര്യങ്ങൾ അറിയാനായി എന്ന് ഞാൻ കരുതുന്നു. വായനയിൽ നിന്ന് ഞാൻ കൂടുതൽ കാര്യങ്ങൾ പഠിച്ചു.
ഒരു കൂട്ടം അപരിചിതർക്ക് മുന്നിൽ, കേൾവിക്കാർക്ക് മുന്നിൽ ഇരുന്ന് സംസാരിക്കുന്നത് എളുപ്പമല്ല. ഒരിക്കൽ നിങ്ങൾ അത് ചെയ്താൽ ഇടക്കിടെ തുടരുക. അത് നിങ്ങൾക്ക് ആത്മവിശ്വാസം വർധിപ്പിക്കും. നിങ്ങളുടെ ആശയങ്ങൾ വ്യക്തമാണെങ്കിൽ അത് ജനങ്ങളിലേക്ക് അവതരിപ്പിക്കുക എന്നതാണ് കടമ്പ. അതാണ് നിങ്ങൾക്ക് നേടിയെടുക്കാനുള്ളത്. അത് നിങ്ങൾക്ക് പരിശീലനത്തിലൂടെ മാത്രമാണ് നേടാനാവുക. എന്നാൽ കണ്ണാടിക്ക് മുന്നിലിരുന്ന് പരിശീലിക്കുന്നതുപോലെ എളുപ്പമല്ല അത്. നിങ്ങൾ യഥാർഥ ഓഡിയൻസിലേക്ക് ഇറങ്ങിച്ചെല്ലണം. യഥാർഥ ആളുകളോട് സംസാരിക്കണം. എങ്ങനെയാണ് അവർ പ്രതികരിക്കുന്നതെന്ന് മനസിലാക്കണം. ചിലപ്പോൾ ശരിയാകും. ചിലപ്പോൾ ശരിയാകില്ല. നിങ്ങൾ തിരിച്ചെത്തുമ്പോൾ നന്നായി ചെയ്യാനാകാത്തതിനാൽ ലജ്ജ തോന്നിയേക്കാം. എന്നാൽ വീണ്ടും വന്ന് കൂടുതൽ മനോഹരമാക്കണം. ചില കാര്യങ്ങളിൽ നിങ്ങൾ നിരന്തരം പ്രവർത്തിച്ചുകൊണ്ടിരിക്കണം. മറ്റ് ചില കാര്യങ്ങൾക്ക് നിങ്ങൾ സൃഷ്ടാവിനോട് നന്ദി പറയുക, ദൈവത്തോട് നന്ദി പറയുക. -തരൂർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.