'നിലപാടില്ലാത്തവർ എന്തും സ്വീകരിക്കും' - കാളിദേവി വിവാദത്തിൽ തരൂരിന്റെ പ്രതികരണം വീണ്ടും
text_fieldsതിരുവനന്തപുരം: തന്റെ ട്വീറ്റുകളിൽ പറയുന്നത് വ്യക്തിപരമായ അഭിപ്രായങ്ങളാണെന്ന് വ്യക്തമാക്കി ശശി തരൂർ എം.പി രംഗത്ത്. കാളിദേവി വിഷയത്തിൽ തൃണമൂൽ എം.പി മെഹുവ മൊയ്ത്രയെ പിന്തുണച്ചുകൊണ്ട് നടത്തിയ അഭിപ്രായ പ്രകടനത്തിന്റെ പേരിൽ കോൺഗ്രസിൽ പ്രതിഷേധമുയർന്നതിനെ തുടർന്നാണ് തരൂർ വിശദീകരണവുമായജ രംഗത്തെത്തിയത്.
രണ്ട് പോയിന്റുകളാണ് ട്വീറ്റിൽ ചൂണ്ടിക്കാട്ടുന്നത്. താൻ ചെയ്യുന്ന എല്ലാ ട്വീറ്റുകളും എന്റെ വ്യക്തിഗത അഭിപ്രായമാണ്. മറ്റ് തരത്തിലുള്ളതൊന്നും ഇല്ല.
നിലപാടില്ലാത്തവർ എന്തും സ്വീകരിക്കും -അലക്സാണ്ടർ ഹാമിൽട്ടൻ - എന്നാണ് തരൂർ ട്വീറ്റ് ചെയ്തത്.
കാളിദേവിയുടെ വിഷയത്തിൽ നമ്മുടെ ആരാധനാ ശൈലികൾ രാജ്യത്ത് വിവിധയിടങ്ങളിൽ പലവിധത്തിലാണെന്ന് മെഹുവ മൊയ്ത്ര പറഞ്ഞിരുന്നു. ഇതിനെ പിന്തുണച്ചാണ് കഴിഞ്ഞ ദിവസം ശശി തരൂർ ട്വീറ്റ് ചെയ്തിരുന്നത്.
വിവാദങ്ങൾക്ക് ഞാൻ അപരിചിതനല്ല. എന്നാലും, രാജ്യത്തെ വിവിധയിടങ്ങളിൽ ആരാധനാ രീതികൾ വ്യത്യസ്തമാണെന്ന് എല്ലാ ഹിന്ദുക്കൾക്കും അറിയാമെന്ന് മെഹുവ മൊയ്ത്ര പറഞ്ഞതിനെ പിന്തുണക്കുന്നു.
ആർക്കും മതസംബന്ധിയായ ഒരു കാര്യവും പൊതുവേദിയിൽ പറയാൻ സാധിക്കാത്ത അവസ്ഥയാണിപ്പോൾ. ആരെങ്കിലും അതിനെതിരെ പരാതിയുമായി എത്തും. മെഹുവ മൊയ്ത്ര ആരെയും വേദനിപ്പിക്കാൻ പറഞ്ഞതല്ലെന്ന് വ്യക്തമാണ്. ഞാൻ എല്ലാവരോടും ആവശ്യപ്പെടുന്നു, സ്വയം പ്രകാശത്തിലേക്ക് വരൂ. മതത്തെ വ്യക്തികൾക്ക് സ്വകാര്യമായി ആചരിക്കാൻ വിട്ടുകൊടുക്കൂ എന്നായിരുന്നു രണ്ട് ട്വീറ്റുകളിലായി ശശി തരൂർ പറഞ്ഞത്.
ഈ ട്വീറ്റുകൾ വന്നതോടെ നിരവധി പേരാണ് ശശിതരൂരിനെതിരെ രംഗത്തെത്തിയത്. അതോടെ കോൺഗ്രസ് വക്താവ് രാഗിണി നായക് തരൂരിനെ തള്ളിപ്പറഞ്ഞു.
തരൂർ പറഞ്ഞത് പാർട്ടിയുടെ അഭിപ്രായമല്ല. പാർട്ടിയുടെ നയം വ്യക്തമാണ്. ഗാന്ധിജി പറഞ്ഞതുപോലെ, മതം സ്വകാര്യ വിശ്വാസമാണ്. എന്നാലും നാം എന്തുചെയ്യുമ്പോഴും മറ്റുള്ളവരുടെ വികാരത്തെ മുറിപ്പെടുത്തുന്നില്ലെന്നത് ശ്രദ്ധിക്കണം. ഇത് ഉറപ്പുവരുത്തേണ്ടത് എല്ലാവരുടെയും ഉത്തരവാദിത്തമാണ് - എന്നായിരുന്നു ട്വീറ്റ്.
ഇതോടെയാണ് തന്റെ അഭിപ്രായങ്ങൾ വ്യക്തിഗതമാണെന്ന് വിശദീകരിച്ചുകൊണ്ട് തരൂർ രംഗത്തത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.