സിംഘുവിൽനിന്ന് മടങ്ങില്ലെന്ന് നിരാഹാരമിരിക്കുന്ന കർഷകർ
text_fieldsകർഷക സമരത്തിെൻറ സിരാകേന്ദ്രമായ സിംഘുവിൽ മടക്കയാത്രക്ക് ഒരുങ്ങി ബഹുഭുരിഭാഗം പന്തലുകളും തമ്പുകളും പൊളിച്ചുമാറ്റിക്കൊണ്ടിരിക്കുമ്പോഴും സമരാവശ്യങ്ങൾ നടപ്പാക്കാതെ ഇവിടെനിന്ന് മടങ്ങില്ലെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ഒരു സംഘം കർഷകർ. വിശ്വസിക്കാൻ കൊള്ളാത്ത ഒരു സർക്കാർ എഴുതി നൽകിയ ഉറപ്പ് വിശ്വസിച്ച സമര നേതാക്കളുടെ നടപടി തള്ളിക്കളഞ്ഞ ഇവർ മിനിമം താങ്ങുവിലക്ക് നിയമപ്രാബല്യം നൽകി പാർലമെൻറ് ബിൽ പാസാക്കാതെ തിരിച്ചുപോകില്ലെന്ന് പറഞ്ഞ് ഈ മാസം അഞ്ചു മുതൽ നിരാഹാര സമരവും തുടങ്ങിയിരിക്കുകയാണ്. പ്രതിഷേധസൂചകമായി ശരീരം ചങ്ങലയിൽ ബന്ധിച്ചാണ് സമരം തുടരുന്നത്.
ഒരു വർഷത്തിലേറെ തങ്ങൾ ഇവിടെ സമരം നടത്തിയിട്ടും 700ലേറെ കർഷകർ രക്തസാക്ഷികളായിട്ടും ഒരു വർഷം മുമ്പ് സർക്കാർ കൊണ്ടുവന്ന നിയമം അവർ തന്നെ പിൻവലിച്ചതല്ലാതെ കർഷകർക്ക് എന്താണ് കിട്ടിയതെന്ന് നിരാഹാരമിരിക്കുന്ന രാജസ്ഥാനിലെ മലിറാം ചോദിച്ചു.
മിനിമം താങ്ങുവിലക്കുള്ള നിയമം പാർലമെൻറ് പാസാക്കാതെ പോകില്ലെന്നും അതുവരെ ഇവിടെയുണ്ടാകുമെന്നും മലിറാം പറഞ്ഞു. നിരാഹാരമിരിക്കുന്ന ഹരിയാനയിലെ സോണിപതിൽനിന്നുള്ള കർഷകൻ രാജേന്ദറും ലുധിയാനയിലെ ജർണാൽ സിങ്ങും നിരാഹാരത്തിൽ ഇവരോടൊപ്പം ചേർന്നതും ഒന്നേകാൽ വർഷത്തെ സമരത്തിന് ശേഷം വെറുകൈയോടെ മടങ്ങാനാവില്ല എന്നു പറഞ്ഞാണ്. ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്ത ജീപ്പ് തിരിച്ചുതരാതെയും സമരത്തിനിറങ്ങിയതിന് തനിക്കെതിരെ പൊലീസ് കോടതിയിൽ സമർപ്പിച്ച എഫ്.ഐ.ആർ പിൻവലിക്കാതെയും എങ്ങനെ മടങ്ങുമെന്ന് നിരാഹാരമിരിക്കുന്ന സർദാർ സത്നാം സിങ് ചോദിച്ചു. ഞങ്ങൾക്കെതിരെയുള്ള കേസുകൾ റദ്ദാക്കിയതിന് ഒരു ഔദ്യോഗിക രേഖയും തങ്ങളുടെ പക്കലില്ല. കേസ് പിൻവലിക്കാൻ പഞ്ചാബ്, ഹരിയാന സംസ്ഥാന സർക്കാറുകളോട് പറയാമെന്നാണ് കേന്ദ്ര സർക്കാർ അറിയിച്ചിരിക്കുന്നത്. കേന്ദ്രം ഇതുവരെ സംസ്ഥാനങ്ങളോട് പറഞ്ഞിട്ടില്ലെന്നും സർദാർ സത്നാം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.