അഫ്ഗാനുമായുള്ള ചരിത്ര ബന്ധം തുടരും, താലിബാനുമായി അനൗദ്യോഗിക ചർച്ചകൾ നടന്നതായി വിദേശകാര്യ മന്ത്രി
text_fieldsന്യൂഡൽഹി: അഫ്ഗാനിസ്താൻ ജനതയുമായുള്ള ചരിത്രപരമായ ബന്ധം തുടരുമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. അഫ്ഗാൻ വിഷയത്തിലുളള ഇന്ത്യയുടെ സമീപനത്തിലും അത് പ്രതിഫലിക്കും. താലിബാനുമായി അനൗദ്യോഗിക ചർച്ചകൾ നടന്നതായും എസ്. ജയശങ്കർ വ്യക്തമാക്കി.
താലിബാനും അവരുടെ പ്രതിനിധികളും കാബൂളിൽ എത്തിയിട്ടുണ്ട്. അഫ്ഗാനിലെ സ്ഥിതിഗതികൾ ഇന്ത്യ വിലയിരുത്തുകയാണ്. കുടുങ്ങി കിടക്കുന്ന ഇന്ത്യക്കാരെ തിരികെ എത്തിക്കുകയാണ് പ്രഥമ ലക്ഷ്യമെന്നും എസ്. ജയശങ്കർ വ്യക്തമാക്കി.
ഔദ്യോഗിക കണക്ക് പ്രകാരം 400 ഇന്ത്യൻ പൗരന്മാണ് അഫ്ഗാനിലുള്ളത്. എന്നാൽ, അമേരിക്ക അടക്കമുള്ള രാജ്യങ്ങളുടെ വിവിധ കമ്പനികൾ, അഫ്ഗാൻ സേനയുടെ ഭാഗമായി പ്രവർത്തിച്ചവർ കൂടി ഉൾപ്പെടുത്തിയാൽ 1500ഒാളം പേർ കുടുങ്ങി കിടക്കുന്നതായാണ് അനൗദ്യോഗിക കണക്ക്.
തജികിസ്താൻ വ്യോമത്താവളമായി ഉപയോഗിച്ചാണ് ഇന്ത്യൻ പൗരന്മാരെ തിരികെ കൊണ്ടുവരാനുള്ള നീക്കം കേന്ദ്ര സർക്കാർ നടത്തുന്നത്. വ്യോമസേനയുടെ മൂന്നു സി-17 യുദ്ധവിമാനങ്ങൾ അനുമതി കാത്ത് ഇവിടെയുണ്ട്. കാബൂളിൽ നിന്ന് എയർ ട്രാഫിക് കൺട്രോളിന്‍റെ അനുമതി ലഭിച്ചാലുടൻ ഇന്ത്യൻ ഒഴിപ്പിക്കൽ തുടങ്ങും.
ആഗസ്റ്റ് 19 ആയ ഇന്ന് അഫ്ഗാന്‍റെ സ്വാതന്ത്ര്യ ദിനമാണ്. കഴിഞ്ഞ 20 വർഷമായി അഫ്ഗാൻ ജനത വലിയ ആഘോഷ പരിപാടികളാണ് സ്വാതന്ത്ര്യ ദിനത്തിൽ നടത്തിവരുന്നത്. എന്നാൽ, താലിബാൻ രാജ്യം പിടിച്ചതോടെ ഇത്തവണ ആഘോഷങ്ങളില്ല. അതേസമയം, ഇന്ത്യയിലെ അഫ്ഗാൻ എംബസിയിൽ അഫ്ഗാൻ പതാക ഉയർത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.