താവർചന്ദ് ഗഹ്ലോട്ട് നാളെ കർണാടക ഗവർണറായി ചുമതലയേൽക്കും
text_fieldsബംഗളൂരു: കർണാടക ഗവർണറായി മുൻ കേന്ദ്രമന്ത്രി താവർചന്ദ് ഗഹ്ലോട്ട് ഞായറാഴ്ച ചുമതലയേൽക്കും. ഏഴുവർഷത്തെ സേവനത്തിന് ശേഷം രാജ്ഭവെൻറ പടിയിറങ്ങുന്ന ഗവർണർ വാജുഭായി വാലയുടെ പിൻഗാമിയായാണ് അദ്ദേഹം സ്ഥാനമേൽക്കുക. രാവിലെ 10.30ന് രാജ്ഭവനിലെ ഗ്ലാസ് ഹൗസിൽ നടക്കുന്ന ചടങ്ങിൽ ഹൈക്കോടതി ചീഫ് ജസ്റ്റിസ് അഭയ് ശ്രീനിവാസ ഒാഖ നേതൃത്വം വഹിക്കും.
കർണാടക താവർചന്ദിന് പുതിയ തട്ടകമല്ല. 2006 മുതൽ 2014 വരെ അദ്ദേഹം കർണാടകയുടെ ചുമതലയുള്ള പാർട്ടി ജനറൽ സെക്രട്ടറിയായിരുന്നു. ജെ.ഡി-എസുമായുള്ള സഖ്യവും പിന്നീട് ഒാപറേഷൻ താമരയിലൂടെ ദക്ഷിണേന്ത്യയിൽ ആദ്യമായി ബി.ജെ.പി കർണാടകയിൽ അധികാരത്തിലേറുന്നതും ഇൗ കാലയളവിലാണ്. മുഖ്യമന്ത്രി ബി.എസ്. െയദിയൂരപ്പ, ഖനി അഴിമതി വീരൻ ഗാലി ജനാർദന റെഡ്ഡി അടക്കമുള്ളവർ ജയിലിലാവുന്നതും ബി.ജെ.പിയുമായി പിണങ്ങി യെദിയൂരപ്പയും ശോഭകരന്ത്ലാജെയുമടക്കമുള്ളവർ കെ.ജെ.പി എന്ന പാർട്ടി രൂപവത്കരിച്ച് പുറത്തുപോകുന്നതും സമാന കാലത്താണ്.
മധ്യപ്രദേശ് നിയമസഭയിൽ മൂന്നുവട്ടം എം.എൽ.എയായ താവർചന്ദ് ഗഹ്ലോട്ട് 1996 മുതൽ 2009 വരെ ഷാജാപൂരിൽനിന്ന് നാലുതവണ ലോക്സഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ടു.
73 കാരനായ താവർചന്ദ് ഗഹ്ലോട്ട് മധ്യപ്രദേശിലെ ഉജ്ജയിൻ സ്വദേശിയാണ്. രണ്ടാം മോദി മന്ത്രിസഭയിൽ സാമുഹിക നീതി വകുപ്പ് മന്ത്രിയായിരുന്ന താവർചന്ദിനെ മന്ത്രിസഭ പുനഃസംഘാടനത്തിൽ ഒഴിവാക്കിയാണ് കർണാടക ഗവർണറായി നിയമിച്ചത്. നേരത്തെ രാജ്യസഭ ലീഡറായിരുന്നു. വിക്രം സർവകലാശാലയിൽനിന്ന് ബിരുദം പൂർത്തിയാക്കിയ താവർചന്ദ് ദലിത് നേതാവാണ്. ജനസംഘത്തിലൂടെ 1962ൽ രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ച അദ്ദേഹം ബി.ജെ.പിയിൽ പാർലമെൻററി ബോർഡ് അംഗമായും പാർട്ടിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റിയിലും പ്രവർത്തിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.