യുക്രെയ്നിൽ നിന്ന് 800 ഇന്ത്യൻ വിദ്യാർഥികളെ തിരികെ നാട്ടിലെത്തിച്ചത് 24 കാരിയായ പൈലറ്റ്
text_fieldsന്യൂഡൽഹി: യുക്രെയ്നിൽ കുടുങ്ങിയ ഇന്ത്യൻ വിദ്യാർഥികളെ തിരികെ നാട്ടിലെത്തിക്കുന്നതിൽ മുഖ്യ പങ്കു വഹിച്ചത് കൊൽക്കത്തയിൽ നിന്നുള്ള മഹാശ്വേത ചക്രവർത്തി എന്ന 24 കാരിയാണ്. നാല് വർഷമായി ഒരു സ്വകാര്യ വിമാന കമ്പനിയിലെ പൈലറ്റായ മഹാശ്വേത ഓപ്പറേഷൻ ഗംഗയുടെ ഭാഗമായി യുക്രെയ്നിൽ കുടുങ്ങിയ 800-ലധികം വിദ്യാർഥികളെ ആറ് വിമാനങ്ങളിലായി നാട്ടിലെത്തിച്ചു.
തന്‍റെ ചെറിയ പ്രായത്തിൽ യുദ്ധ ഭൂമിയിലകപ്പെട്ട ഇന്ത്യൻ പൗരൻമാരെ രക്ഷിക്കാൻ സാധിച്ചത് ജീവിത കാലത്തെ ഏറ്റവും മഹത്തായ അനുഭവമാണെന്ന് മഹാശ്വേത പറഞ്ഞു.
ദിവസവും 14 മണിക്കൂറോളം എയർബസ് എ 320 വിമാനം പറത്തേണ്ടി വന്നെങ്കിലും വിദ്യാർഥികളെ ഭയാനകരമായ സാഹചര്യത്തിൽ നിന്നും തിരികെ സുരക്ഷിതമായി നാട്ടിലെത്തിക്കുന്നതോർത്ത് ജോലി ഭാരം കാര്യമാക്കിയില്ലെന്നും അവർ കൂട്ടിച്ചേർത്തു.
യാത്രക്കിടെ 21 വയസ്സുള്ള ഒരു പെൺകുട്ടിക്ക് സമ്മർദ്ദം കാരണം ഫിറ്റ്‌സ് ബാധിച്ച സംഭവം മഹാശ്വേത ഓർത്തെടുത്തു. അർദ്ധബോധാവസ്ഥയിൽ തന്റെ കൈകളിൽ മുറുകെപ്പിടിച്ച അവൾ അമ്മയുടെ അടുത്തേക്ക് കൊണ്ടുപോകാനാവശ്യപ്പെട്ട നിമിഷം ഒരിക്കലും മറക്കാനാകില്ലെന്ന് അവർ പറഞ്ഞു.
താൻ ജോലി ചെയ്തിരുന്ന എയർലൈനിൽ നിന്നും രക്ഷാപ്രവർത്തനത്തിനായി തെരഞ്ഞെടുത്തതറിയിച്ച് രാത്രി വൈകിയാണ് കോൾ ലഭിച്ചത്. ശേഷം രണ്ട് മണിക്കൂറിനുള്ളിൽ പാക്ക് ചെയ്ത് ദൗത്യത്തിന്‍റെ ഭാഗമാകുകയായിരുന്നു.
ഉത്തർപ്രദേശിലെ ഇന്ദിരാഗാന്ധി രാഷ്ട്രീയ ഉദാൻ അക്കാദമിയിൽ നിന്ന് ബിരുദം നേടിയ മഹാശ്വേത കോവിഡ് കാലത്തെ വന്ദേ ഭാരത് മിഷന്റെ ഭാഗമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.