വീട്ടിൽ വോട്ട് ചെയ്ത 94കാരൻ ഫലമെത്തും മുമ്പേ യാത്രയായി
text_fieldsമംഗളൂരു: കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ ഇന്ത്യയിൽ ആദ്യം കർണാടക നിയമസഭ തെരഞ്ഞെടുപ്പിൽ നടപ്പാക്കി വരുന്ന ‘വോട്ട് വീട്ടിൽ’ സംവിധാനത്തിൽ പങ്കാളിയായ 94കാരൻ ഫലം അറിയുംമുമ്പേ മരിച്ചു. കുന്താപുരം തെക്കട്ടെ പഞ്ചായത്തിലെ റിട്ട. അധ്യാപകൻ മലഡി ഗുരുരാജ ഭട്ട് ആണ് മരിച്ചത്. കഴിഞ്ഞ മാസം 30നാണ് ഇദ്ദേഹം വോട്ട് ചെയ്തത്. മക്കൾ പല സ്ഥലങ്ങളിലും താമസക്കാരായതിനാൽ ബൂത്തിൽ എത്താൻ സഹായികളില്ലാത്തത് ഇദ്ദേഹത്തെ അലട്ടിയിരുന്നു.
വൈകല്യമുള്ളവർക്കും 80ഉം മുകളിലും പ്രായമുള്ളവർക്കും വീട്ടിൽ വോട്ട് ചെയ്യാനുള്ള പുതിയ സംവിധാനമാണ് കമീഷൻ കർണാടകയിൽ ഒരുക്കി വരുന്നത്. വോട്ടറുടെ വീട്ടിൽ മിനി ബൂത്ത് സജ്ജീകരിക്കുന്നു. രണ്ട് പോളിംഗ് ഉദ്യോഗസ്ഥർ, ഒരു പൊലീസ്, വീഡിയോഗ്രാഫർ, സ്ഥാനാർഥികളുടെ ഏജന്റുമാർ വീട്ടിൽ എത്തും. ആ സമയം സമ്മതിദായകൻ സ്ഥലത്ത് ഇല്ലെങ്കിൽ ഒരു അവസരം കൂടി നൽകും. അന്ന് നടന്നില്ലെങ്കിൽ പിന്നെ അവസരമുണ്ടാവില്ല.
കഴിഞ്ഞ മാസം 29ന് തുടങ്ങിയ വീട്ടിൽ വോട്ട് രേഖപ്പെടുത്തൽ ഞായറാഴ്ച അവസാനിക്കും. കർണാടകയിൽ 5.71 ലക്ഷം അംഗപരിമിതർക്കും 12,15,763 വയോധികർക്കും പ്രയോജനപ്പെടുന്നതാണ് പുതിയ വോട്ടിങ് സംവിധാനം. എന്നാൽ 80,250 വയോധികരും 19,729 അംഗ പരിമിതരുമാണ് വീട്ടിൽ വോട്ട് സന്നദ്ധത ബന്ധപ്പെട്ട വരണാധികാരികളെ അറിയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.