കോവിഡ് നിയന്ത്രണങ്ങൾ നീക്കാൻ വിസമ്മതിച്ചു; ഉപദേഷ്ടാവിന് നേരിടേണ്ടിവന്നത് പ്രതികാര നടപടി
text_fieldsകൊച്ചി: ലക്ഷദ്വീപിലുണ്ടായിരുന്ന കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്താനുള്ള അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോദ പട്ടേലിെൻറ നിർദേശത്തിലെ പിഴവ് ചൂണ്ടിക്കാട്ടിയ മുൻ ഉപദേഷ്ടാവിന് നേരിടേണ്ടി വന്നത് പ്രതികാര നടപടി.
ഡിസംബർ വരെ ഒരു കോവിഡ് കേസ് പോലും റിപ്പോർട്ട് ചെയ്യപ്പെടാതിരുന്നതിന് കാരണം ശക്തമായ നിയന്ത്രണങ്ങളായിരുന്നു. പുതിയ അഡ്മിനിസ്ട്രേറ്റർ ചുമതലയേറ്റെടുത്തതോടെ ഇതിൽ മാറ്റംവരുത്തി ഇളവുകൾ കൊണ്ടുവരാൻ തീരുമാനിക്കുകയായിരുന്നു. ഇത് സംബന്ധിച്ച ഫയൽ തയാറാക്കാൻ ആവശ്യപ്പെട്ടപ്പോൾ അഡ്മിനിസ്ട്രേറ്ററുടെ ഉപദേഷ്ടാവ് കൃഷ്ണമൂർത്തി വിസമ്മതിച്ചു. നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുന്നത് കോവിഡ് വ്യാപനത്തിന് വഴിവെക്കുമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. എന്നാൽ, സംഭവത്തിൽ ഉപദേഷ്ടാവിനെ സ്ഥലം മാറ്റുകയാണുണ്ടായതെന്ന് ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസൽ 'മാധ്യമ'ത്തോട് പറഞ്ഞു. തുടർന്നാണ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുകയും ദ്വീപിൽ കോവിഡ് വ്യാപനം ശക്തമാകുകയും ചെയ്തത്.
ദ്വീപിലേക്ക് എത്തണമെങ്കിൽ 14 ദിവസത്തെ നിരീക്ഷണം പൂർത്തിയാക്കണമെന്ന വ്യവസ്ഥ എടുത്തുകളഞ്ഞു.
കോവിഡ് പ്രതിസന്ധി മറികടക്കും വരെ നിയന്ത്രണം തുടരേണ്ടി വരുമെന്നായിരുന്നു ഡിസംബറിൽ ഉപദേഷ്ടാവിെൻറ നേതൃത്വത്തിലുള്ള വിദഗ്ധ സമിതി ദ്വീപുകൾ സന്ദർശിച്ച് നടത്തിയ വിലയിരുത്തൽ. ഇതിന് ശേഷമാണ് പ്രഫുൽ ഖോദ പട്ടേൽ ചുമതലയേറ്റത്. അതേസമയം സ്ഥലം മാറ്റം സ്വാഭാവിക നടപടിക്രമങ്ങളുടെ ഭാഗമാണെന്നാണ് അധികൃതരുടെ വിശദീകരണം. ജനുവരി പകുതി വരെ ഒരു കോവിഡ് രോഗി പോലുമില്ലാതിരുന്ന ലക്ഷദ്വീപിൽ ഇപ്പോൾ 6500 പേർക്കാണ് കോവിഡ് ബാധിച്ചത്. 26 പേർക്ക് മരണവും സംഭവിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.