മുന്നണികൾക്ക് ഇക്കുറി നഷ്ടപ്പെടാനില്ല
text_fieldsഇൻഡ്യ സഖ്യത്തിന് അധിക സീറ്റ് ലഭിക്കാൻ സാധ്യത കാണുന്ന സംസ്ഥാനങ്ങളാണ് ബംഗാൾ, ബിഹാർ, മധ്യപ്രദേശ്. ബംഗാളിലെ ഈ ഘട്ടത്തെ രാഷ്ട്രീയ നിലനിൽപിന്റെ അഭിമാനപോരാട്ടം എന്നുവേണം വിശേഷിപ്പിക്കാൻ. കഴിഞ്ഞ ദിവസം വോട്ടെടുപ്പ് നടന്ന എട്ടു സീറ്റുകളിൽ നാലെണ്ണം തൃണമൂലിന്റെയും ഒരണ്ണെം കോൺഗ്രസിന്റെയും മൂന്നെണ്ണം ബി.ജെ.പിയുടെയും പക്കലാണുള്ളത്
ഒഡിഷയിൽ ഒപ്പത്തിനൊപ്പം
ഒഡിഷയിലെ നാല് ലോക്സഭ സീറ്റുകളിലേക്കും 28 നിയമസഭ മണ്ഡലങ്ങളിലേക്കുമാണ് ഈ ഘട്ടത്തിൽ തെരഞ്ഞെടുപ്പ് നടന്നത്. സംസ്ഥാന ഭരണകക്ഷിയായ ബിജു ജനതാദളിനും ബി.ജെ.പിക്കും സാധ്യതകൾ ഒരുപോലെയാണിവിടെ. 2019ലും ഈ നാലു മണ്ഡലങ്ങളിൽ ഇഞ്ചോടിഞ്ച് മത്സരമായിരുന്നു. അടുത്ത മൂന്നു ഘട്ടങ്ങളിലായി മറ്റു സീറ്റുകളിൽ പോളിങ് നടക്കാനിരിക്കെ അതിനുള്ള ആവേശവും ഊർജവും സംഭരിക്കുകയായിരുന്നു ഇരു പാർട്ടികളും.
ഹേമന്ദ് സോറൻ ഫാക്ടർ
ഝാർഖണ്ഡിലെ 14ൽ നാല് സംവരണ സീറ്റുകളിലാണ് ഇക്കുറി പോളിങ് നടന്നത്. സംസ്ഥാനത്തിന്റെ തെക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന സിംഗ്ഭും, ഖുന്തി, ലോഹർദാഗ എന്നിവ പട്ടികവർഗക്കാർക്കും വടക്ക് സ്ഥിതി ചെയ്യുന്ന പാലമു പട്ടികജാതി സംവരണ മണ്ഡലവുമാണ്. ഈ സീറ്റുകളിൽ നല്ല തുടക്കം കാഴ്ചവെച്ചാൽ മാത്രമേ സംസ്ഥാന ജനസംഖ്യയുടെ അഞ്ചിൽ രണ്ട് ഭാഗവും വരുന്ന പട്ടികജാതി-വർഗങ്ങൾക്കിടയിൽ അടുത്ത ഘട്ടങ്ങളിൽ സ്വാധീനം ചെലുത്താൻ ഇൻഡ്യ സഖ്യത്തിന് സാധിക്കുകയുള്ളൂ.
2019ൽ സിംഗ്ഭും കോൺഗ്രസ് സ്വന്തമാക്കിയെങ്കിലും ഖുന്തി, ലോഹർദാഗ സീറ്റുകളിൽ നേരിയ വ്യത്യാസത്തിന് ബി.ജെ.പി നേടി. പാലമുവിൽ ആർ.ജെ.ഡി സ്ഥാനാർഥിയെ വലിയ ഭൂരിപക്ഷത്തോടെയാണ് ബി.ജെ.പി തോൽപിച്ചത്. ജയിലിലടക്കപ്പെട്ട ജനകീയ മുഖ്യൻ ഹേമന്ദ് സോറനോടുള്ള സഹതാപം ഝാർഖണ്ഡ് മുക്തിമോർച്ചയുടെ പങ്കാളികൾക്ക് സീറ്റുകൾ നേടിക്കൊടുക്കുമെന്നാണ് ഇൻഡ്യാ സഖ്യത്തിന്റെ പ്രതീക്ഷ.
ബംഗാൾ, ബിഹാർ സാധ്യതകൾ
ഇൻഡ്യ സഖ്യത്തിന് അധിക സീറ്റ് ലഭിക്കാൻ ഒരു പരിധിവരെ സാധ്യത കാണുന്ന സംസ്ഥാനങ്ങളാണ് ബംഗാൾ, ബിഹാർ, മധ്യപ്രദേശ് എന്നിവ. ബംഗാളിലെ ഈ ഘട്ടത്തെ രാഷ്ട്രീയ നിലനിൽപിന്റെ അഭിമാനപോരാട്ടം എന്നുവേണം വിശേഷിപ്പിക്കാൻ. കഴിഞ്ഞ ദിവസം വോട്ടെടുപ്പ് നടന്ന എട്ടു സീറ്റുകളിൽ നാലെണ്ണം തൃണമൂലിന്റെയും ഒരണ്ണെം കോൺഗ്രസിന്റെയും മൂന്നെണ്ണം ബി.ജെ.പിയുടെയും പക്കലാണുള്ളത്. 2021ലെ നിയമസഭ തെരഞ്ഞെടുപ്പ് ഫലം വെച്ച് നോക്കുമ്പോൾ കോൺഗ്രസിനും ബി.ജെ.പിക്കും നഷ്ടംവരുത്തി മൂന്ന് സീറ്റുകൾകൂടി പിടിച്ചെടുക്കാനുള്ള സാധ്യതയുണ്ട് തൃണമൂലിന്.
ബിഹാറിൽ, മിഥില മേഖലയിലും പരിസരത്തുമായി സ്ഥിതിചെയ്യുന്ന അഞ്ച് സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടന്നത്. കഴിഞ്ഞ തവണ ഇവിടെ സീറ്റൊന്നും നേടാത്ത ഇൻഡ്യാ സഖ്യത്തിന് നിയമസഭ തെരഞ്ഞെടുപ്പു ഫലം ആവർത്തിച്ചാൽ ഒരു സീറ്റ് ലഭിക്കാനേ സാധ്യതയുള്ളൂ. എൻ.ഡി.എയുടെ കണക്കുകൂട്ടൽ തെറ്റിക്കാൻ നിയമസഭ വോട്ട് വിഹിതത്തിൽനിന്ന് 2-3 ശതമാനം വ്യതിയാനം ആവശ്യമാണ്, അതിന് സാധ്യത ഇല്ലാതില്ല.
മധ്യപ്രദേശിന്റെ മനസ്സ്
മധ്യപ്രദേശിലെ, വടക്കൻ മാൾവ, ഗോത്രവർഗ മാൾവ മേഖലകളാണ് വോട്ടുചെയ്തത്. നിയമസഭ തെരഞ്ഞെടുപ്പ് വോട്ട് വിഹിതവും സഖ്യ പങ്കാളിയായ ആം ആദ്മി പാർട്ടി നേടിയ ചെറിയ വോട്ടും പിടിച്ചാൽ കോൺഗ്രസിന് രണ്ട് പട്ടികവർഗ സംവരണ സീറ്റുകൾ (ധാറും ഖാർഗോണും) നേടാനായേക്കും, അധികം ചെന്നാൽ രത്ലവും ലഭിച്ചേക്കാം. എന്നാൽ, ഉജ്ജയിൻ, ദേവാസ് തുടങ്ങിയ മറ്റ് പല സീറ്റുകളും ബി.ജെ.പിയുടെ കോട്ടകളാണ്, അവിടെ ഇൻഡ്യയുടെ സാധ്യത തുലോം കുറവാണ്.
ബി.ജെ.പി ഭദ്രമായ ഇടങ്ങൾ
ഉത്തർപ്രദേശിലെ 13ഉം മഹാരാഷ്ട്രയിലെ 11ഉം സീറ്റുകളിൽ ഇൻഡ്യ സഖ്യത്തിന് അത്ര ശോഭനമായ പ്രതീക്ഷക്ക് വകയില്ല. ഉത്തർപ്രദേശിൽ ദോവാബ്, അവധ് മേഖലകളിലും വടക്കൻ പുർവാഞ്ചലിന്റെ ഒരു ചെറിയ ഭാഗത്തുമാണ് ഈ ഘട്ടത്തിൽ തെരഞ്ഞെടുപ്പ്. 2019ലെ ലോക്സഭ, 2022ലെ നിയമസഭ തെരഞ്ഞെടുപ്പുകളിൽ ഈ 13 ഇടങ്ങളിലും എൻ.ഡി.എ മികച്ച മുന്നേറ്റമാണ് നടത്തിയത്. സിറ്റിങ് എം.പിമാരിൽ 11 പേരെയും സ്ഥാനാർഥികളാക്കിയത് പല മണ്ഡലങ്ങളിലും വോട്ടർമാരുടെ അതൃപ്തി ക്ഷണിച്ചുവരുത്തി. 2022ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ലഭിച്ച വോട്ടിൽനിന്ന് രണ്ട് ശതമാനം മാറിയാൽപോലും പാർട്ടിക്ക് സീറ്റുകൾ നഷ്ടപ്പെടും.
മാറാനിടയില്ല മറാത്ത ദേശം
ശിവസേനയുടെയും നാഷനലിസ്റ്റ് കോൺഗ്രസ് പാർട്ടിയുടെയും വോട്ടുകൾ പാതി വീതം പിളർന്നെങ്കിലും 2019 ലെ മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പ് ഫലങ്ങൾ സൂചിപ്പിക്കുന്നത് ഇൻഡ്യ സഖ്യത്തിന് നേട്ടസാധ്യത ഇല്ലെന്നാണ്. മാത്രവുമല്ല, ഇൻഡ്യയും എ.ഐ.എം.ഐ.എമ്മും കൈവശം വെച്ചിരിക്കുന്ന സീറ്റുകൾ നഷ്ടമാവാനുമിടയുണ്ട്. അപ്പർ മറാത്ത്വാഡ, പടിഞ്ഞാറൻ മഹാരാഷ്ട്ര, വടക്കൻ മഹാരാഷ്ട്ര എന്നിവിടങ്ങളിലായി വ്യാപിച്ചുകിടക്കുന്ന മൊത്തം 11 സീറ്റുകളിലേക്കാണ് ഈ ഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്നത്, ഇതിൽ ഒമ്പതെണ്ണത്തിൽ ബി.ജെ.പിയും അവിഭക്ത ശിവസേനയുമാണ് വിജയിച്ചിരുന്നത്. ജൽഗാവ്, റേവർ, ജൽന, അഹമ്മദ്നഗർ, പുണെ, ബീഡ് തുടങ്ങിയ സീറ്റുകൾ ബി.ജെ.പിയുടെ ശക്തികേന്ദ്രങ്ങളാണ്. നന്ദുർബാർ, ഷിർദി, ഔറംഗബാദ് എന്നിവിടങ്ങളിൽ തിരിച്ചടി സൃഷ്ടിക്കാൻ സാധിച്ചേക്കുമെങ്കിലും ഈ ഘട്ടത്തിൽ ഇൻഡ്യ സഖ്യം വലിയ നേട്ടങ്ങൾ പ്രതീക്ഷിക്കേണ്ടതില്ല.
ചുരുക്കിപ്പറഞ്ഞാൽ, ഈ ഘട്ടം സമനിലയിൽ അവസാനിച്ചേക്കാം. ഇൻഡ്യ സഖ്യവും എൻ.ഡി.എയും തങ്ങളുടെ പരസ്പര സമവാക്യങ്ങളെ കാര്യമായി ബാധിക്കാത്ത വിധത്തിൽ, ചേരിചേരാ പാർട്ടികളുടെ ചെലവിൽ മിതമായ നേട്ടമുണ്ടാക്കുമെന്നാണ് കരുതാനാവുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.