അർണബ്, കാപ്പൻ കേസുകൾ വ്യത്യസ്തം –സുപ്രീംകോടതി
text_fieldsന്യൂഡൽഹി: അർണബ് ഗോസ്വാമി കേസിലെ വിധി സിദ്ദീഖ് കാപ്പെൻറ കേസിലും അടിസ്ഥാനമാക്കണമെന്ന ആവശ്യത്തോട് എല്ലാ കേസുകളും വ്യത്യസ്തമാണെന്ന് സുപ്രീംകോടതി പ്രതികരിച്ചു. സിദ്ദീഖ് കാപ്പനുവേണ്ടി സമർപ്പിച്ച ഹേബിയസ് കോർപസ് ഹരജിയിൽ ഭാര്യ റൈഹാന സിദ്ദീഖിനെ കക്ഷിയാക്കാൻ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് അനുമതി നൽകി. കേരള പത്രപ്രവർത്തക യൂനിയൻ ഇൗ ഹരജിയിൽ വാദം നടത്തുന്നതിൽ സോളിസിറ്റർ ജനറൽ തുഷാർ മേത്തയും ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെയും നിയമതടസ്സം ഉന്നയിച്ചതിനെ തുടർന്നാണ് ഭാര്യയെ തിങ്കളാഴ്ച തന്നെ കക്ഷി ചേർക്കാമെന്ന് മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ അറിയിച്ചത്.
ഇതൊരു ക്രിമിനൽ കേസാണെന്നും പലരും പ്രതികളായുണ്ടെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ഒരു പ്രതി ഞങ്ങൾക്കുമുന്നിൽ വാദിക്കുന്നത് മനസ്സിലാക്കാം. അങ്ങനെ വന്നാൽ ആദ്യം ഹൈകോടതിയിലേക്ക് പോകൂ എന്ന് പ്രതിയോട് പറയുമായിരുന്നു. ഇത്തരത്തിലുള്ള നിരവധി കേസുകളിൽ സുപ്രീംകോടതി ഹൈകോടതിയിലേക്ക് പോകാൻ നിർദേശിച്ചതാണെന്ന് ചീഫ് ജസ്റ്റിസ് സിബലിനെ ഒാർമിപ്പിച്ചു.
ഹേബിയസ് കോർപസ് ഹരജിയുമായി ഹൈകോടതിയിൽ പോയ മറ്റു മൂന്നു പേരുടെ കേസിൽ ഒരുമാസം കഴിഞ്ഞുള്ള തീയതിയാണ് നൽകിയതെന്ന് സിബൽ അതിന് മറുപടി നൽകി. ഇൗ കേസുമായി ഹൈകോടതിയിൽ പോയാൽ മറ്റു പ്രതികൾ റിമാൻഡിലായതിനാൽ വിചാരണ കോടതിയിലേക്ക് പോകാൻ ഹൈകോടതി പറയുമെന്നും സിബൽ കൂട്ടിച്ചേർത്തു.
ഇതുപോലൊരു കേസിൽ ഒരു സംഘടന പ്രതിക്കായി സുപ്രീംകോടതിയിൽ ശക്തമായി വാദിക്കുന്നതിെൻറ കീഴ്വഴക്കം കാണിച്ചുതരാനാകുമോ എന്ന് പത്രപ്രവർത്തക യൂനിയൻ ഹരജിക്കാരായതിലെ സാംഗത്യം കോടതി ചോദ്യം ചെയ്തു.
അതാണ് സാേങ്കതിക പ്രശ്നമെങ്കിൽ സിദ്ദീഖ് കാപ്പെൻറ ഭാര്യയുണ്ടെന്നും അവർ കക്ഷിചേരാൻ തയാറാണെന്നും സിബൽ വ്യക്തമാക്കി. സാേങ്കതിക പ്രശ്നമല്ല, ക്രിമിനൽ നിയമമാണ് താൻ പറയുന്നതെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. കാപ്പെൻറ ഭാര്യയെ കക്ഷിചേർക്കാമെന്ന് സിബൽ ആവർത്തിച്ചപ്പോൾ അങ്ങനെ ചെയ്തോളൂ എന്ന് ചീഫ് ജസ്റ്റിസ് അനുമതി നൽകി.
അതേസമയം, ഹൈകോടതിയെ സമീപിക്കാതിരുന്നത് എന്തു കൊണ്ടെന്ന് അവരോട് ചോദിക്കണമെന്ന് ചീഫ് ജസ്റ്റിസ് സിബലിനോട് ആവർത്തിച്ചു. കേസും ജാമ്യാപേക്ഷയും ഹൈകോടതിയുടെ പരിഗണനയിലിരിക്കുേമ്പാഴാണ് അർണബ് ഗോസ്വാമിയുടെ കേസിൽ നിയമം അനുസരിച്ചേ മതിയാകൂ എന്നുപറഞ്ഞ് സുപ്രീംകോടതി ഇടപെട്ടതെന്നും ആ വിധിയുടെ അടിസ്ഥാനത്തിലാണ് താൻ വാദിക്കുന്നതെന്നും സിബൽ ബോധിപ്പിച്ചു. എല്ലാ കേസുകളും വ്യത്യസ്തമാണെന്നായിരുന്നു ചീഫ് ജസ്റ്റിസിെൻറ മറുപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.