ഉവൈസിയുടെ കാറിന് വെടിവെച്ച പ്രതിയുടെ വീട്ടിലെത്തി പിന്തുണച്ച് ബി.ജെ.പി നേതാവ്
text_fieldsന്യൂഡൽഹി: തെരഞ്ഞെടുപ്പ് പ്രചാരണയാത്രക്കിടയിൽ എ.ഐ.എം.ഐ.എം നേതാവും എം.പിയുമായ അസദുദ്ദീൻ ഉവൈസിയുടെ കാറിന് വെടിവെച്ച കേസിലെ പ്രതിയുടെ വീട്ടിൽ 'ജയ്ശ്രീറാം' വിളികളുടെ അകമ്പടിയോടെ മന്ത്രിപദവിയുള്ള ബി.ജെ.പി നേതാവ്. പ്രതി നിരപരാധിയാണെന്നും കുടുംബത്തിനൊപ്പം പാർട്ടിയുണ്ടെന്നുമുള്ള പ്രഖ്യാപനവും അദ്ദേഹം നടത്തി. കാബിനറ്റ് റാങ്കുള്ള തൊഴിലാളിക്ഷേമ ബോർഡ് ചെയർമാൻ സുനിൽ ഭറാലയാണ് ബുധനാഴ്ച പശ്ചിമ യു.പിയിലെ ദാദ്രിക്കാരനായ പ്രതി സചിൻ ശർമയുടെ വീട്ടിലെത്തിയത്. അയാളും രണ്ടാമത്തെ പ്രതി ശുഭവും ഇപ്പോൾ ജയിലിലാണ്.
നിരപരാധിയായ ഒരു മനുഷ്യനെ ശിക്ഷിക്കാൻ പാടില്ലെന്നും നിഷ്പക്ഷമായ അന്വേഷണം നടക്കണമെന്നും ബി.ജെ.പി നേതാവ് പറഞ്ഞു. സചിന്റെ മാതാപിതാക്കളെയും സഹോദരനെയും കണ്ടു. കേസിൽ അയാൾ ഉൾപ്പെട്ടുവെന്നുപോലും ഉറപ്പില്ല. എല്ലാ നേരത്തും ഉവൈസിയുടെ ഭാഷ മോശമാണ്. സചിന്റെ കുടുംബത്തിന് എല്ലാ പിന്തുണയും ഉറപ്പുനൽകിയിട്ടുണ്ട് -സുനിൽ ഭറാല പറഞ്ഞു.
ഈ മാസം മൂന്നിനാണ് ഉവൈസിയുടെ കാറിനുനേരെ ഹാപൂരിനു സമീപം ടോൾ പ്ലാസയിൽ വെച്ച് വെടിയേറ്റത്. ആർക്കും പരിക്കേറ്റില്ല. സംഭവത്തെ തുടർന്ന് സുരക്ഷാഭീഷണി മുൻനിർത്തി ആഭ്യന്തര മന്ത്രി അമിത് ഷാ വാഗ്ദാനം ചെയ്ത സെഡ്-കാറ്റഗറി സുരക്ഷ ഉവൈസി നിരസിച്ചിരുന്നു. രാജ്യത്തെ ന്യൂനപക്ഷങ്ങളും ദുർബല വിഭാഗങ്ങളും സുരക്ഷിതരാണെങ്കിൽ താനും സുരക്ഷിതനാണെന്നായിരുന്നു ഉവൈസിയുടെ നിലപാട്. എം.പിക്കുനേരെ വെടിവെച്ചവർക്കെതിരെ യു.എ.പി.എ ചുമത്താത്തതിനെ ഉവൈസി പാർലമെന്റിൽ ചോദ്യം ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.