ഭരിക്കുേമ്പാൾ ശിവസേനയെ അടിമകളായിട്ടാണ് ബി.ജെ.പി കണ്ടത് -സഞ്ജയ് റാവത്ത്
text_fieldsമുംബൈ: മഹാരാഷ്ട്രയിലെ കഴിഞ്ഞ ഭരണകാലത്ത് ബി.ജെ.പി തങ്ങളെ അടിമകളായിട്ടാണ് കണ്ടെതന്നും പാർട്ടിയെ ഇല്ലാതാക്കാൻ ശ്രമിച്ചെന്നും ശിവസേന നേതാവും എം.പിയുമായ സഞ്ജയ് റാവത്ത് പറഞ്ഞു. വടക്കൻ മഹാരാഷ്ട്രയിലെ ജൽഗാവിൽ പാർട്ടി പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'മുൻ സർക്കാറിൽ ശിവസേനക്ക് ബി.ജെ.പിക്കൊപ്പം തുല്യ അധികാരമുണ്ടായിരുന്നു. എന്നാൽ, അവർ അടിമകളെപ്പോലെയാണ് പെരുമാറിയത്. നമ്മുടെ പിന്തുണ കാരണം ബി.ജെ.പി അധികാരം കൈയാളിയെങ്കിലും, അത് ദുരുപയോഗം ചെയ്ത് പാർട്ടിയെ ഇല്ലാതാക്കാനുള്ള ശ്രമങ്ങൾ നടന്നു' -സഞ്ജയ് റാവത്ത് പറഞ്ഞു.
മഹാരാഷ്ട്ര മുഖ്യമന്ത്രിയും ശിവസേന അധ്യക്ഷനുമായ ഉദ്ധവ് താക്കറെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കഴിഞ്ഞദിവസം ഡൽഹിയിൽ സന്ദർശിക്കുകയും രാഷ്ട്രീയ അഭ്യൂഹങ്ങൾ ഉയരുകയും ചെയ്തതിന് പിന്നാലെയാണ് റാവത്തിൻെറ പ്രസ്താവന വരുന്നത്.
'2019ൽ മുഖ്യമന്ത്രി സ്ഥാനവുമായി ബന്ധപ്പെട്ടാണ് ശിവസേന - ബി.ജെ.പി സഖ്യം തകരുന്നത്. ബി.ജെ.പിയുടെ ഏറെ കാലത്തെ സഖ്യകക്ഷിയായിരുന്നു സേന. പിന്നീട് മഹാ വികാസ് സർക്കാർ രൂപീകരിക്കാൻ എൻ.സി.പി, കോൺഗ്രസ് എന്നിവരുമായി കൈകോർത്തു.
ശിവസേനക്ക് മഹാരാഷ്ട്രയിൽ മുഖ്യമന്ത്രി ഉണ്ടായിരിക്കണമെന്ന് താൻ എപ്പോഴും ആഗ്രഹിച്ചിരുന്നു. പ്രവർത്തകർക്ക് നേരിട്ട് ഒന്നും ലഭിച്ചില്ലെങ്കിലും സംസ്ഥാന ഭരണം ഇപ്പോൾ ശിവസേനയുടെ കൈയിലാണെന്ന് അഭിമാനത്തോടെ പറയാൻ കഴിയും. ഈ വികാരത്തോടെയാണ് 2019ൽ മഹാ വികാസ് സർക്കാർ രൂപീകരിച്ചത്' -സഞ്ജയ് റാവത്ത് കൂട്ടിച്ചേർത്തു.
മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ ഏറെ അഭ്യൂഹങ്ങൾക്ക് വഴിയൊരുക്കുന്നതായിരുന്നു കഴിഞ്ഞദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി ഉദ്ധവ് താക്കറെയും തമ്മിൽ നടത്തിയ പ്രത്യേക കൂടിക്കാഴ്ച. മറാത്ത സംവരണവുമായി ബന്ധപ്പെട്ട് ഉപമുഖ്യമന്ത്രി അജിത് പവാർ, പൊതുമരാമത്ത് മന്ത്രിയും സംവരണ വിഷയത്തിൽ നിയമസഭ സമിതി അധ്യക്ഷനുമായ അശോക് ചവാൻ എന്നിവർക്കൊപ്പം ഒൗദ്യോഗിക ചർച്ചക്ക് ഡൽഹിയിൽ ചെന്ന ഉദ്ധവ് അരമണിക്കൂറോളം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി തനിച്ച് കൂടിക്കാഴ്ച നടത്തിയിരുന്നു.
രാഷ്ട്രീയമായി രണ്ടു വഴിക്കാണെങ്കിലും ആത്മബന്ധം തുടരുന്നതായി ഉദ്ധവും പുതിയ 'കാലാവസ്ഥ' രൂപപ്പെടുന്നതായി സഞ്ജയ് റാവത്തും പറഞ്ഞതോടെ കൂടിക്കാഴ്ച ചർച്ചയായി. താൻ മുൻ പാക് പ്രധാനമന്ത്രി നവാസ് ശരീഫിനെയല്ല കാണാൻ പോയതെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇതിനിടയിൽ മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിെൻറ വസതിയിൽ മഹാരാഷ്ട്ര ബി.ജെ.പി നേതാക്കളുടെ അടിയന്തര യോഗവും നടന്നു.
2019ൽ ശരദ്പവാറിെൻറ ശ്രമഫലമായാണ് കോൺഗ്രസും എൻ.സി.പിയുമായി ചേർന്ന് ശിവസേന സർക്കാറുണ്ടാക്കുന്നത്. അന്നു തൊട്ട് ഭരണത്തിൽ തിരിച്ചെത്താൻ ബി.ജെ.പി ശ്രമിച്ചുവരുകയാണ്. എന്നാൽ, ഉദ്ധവ് - മോദി കൂടിക്കാഴ്ചയിൽ അസ്വാഭാവികതയില്ലെന്നാണ് എൻ.സി.പിയും കോൺഗ്രസും പറഞ്ഞിരുന്നത്. ഇതിന് ബലം പകരുന്നതാണ് ഇപ്പോൾ സഞ്ജയ് റാവത്ത് നടത്തിയ പ്രസ്താവന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.